എടവണ്ണപ്പാറ: ശര്‍ക്കര ഇട്ട് തിളപ്പിച്ച ചായക്ക് ചുവപ്പ് നിറം . വാവൂര്‍ മാറാടി അയ്യൂബിന്റെ വീട്ടിലാണ് സംഭവം നടന്നത്.

സ്ഥിരമായി ശര്‍ക്കരച്ചായ കഴിക്കുന്ന അയ്യൂബ് എടവണ്ണപ്പാറ അങ്ങാടിയിലെ കടയില്‍നിന്ന് ബുധനാഴ്ചയാണ് ഒരു കിലോ ശര്‍ക്കര വാങ്ങിയത്. വ്യാഴാഴ്ച രാവിലെ രണ്ട് ആണി ശര്‍ക്കര വെള്ളത്തിലിട്ട് തിളച്ചപ്പോഴാണ് വെള്ളത്തിന് ചുവപ്പു നിറം കണ്ടത്. അവശേഷിക്കുന്ന ശര്‍ക്കര ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടില്‍ വെച്ചു തന്നെ വെള്ളത്തിലിട്ട് തിളപ്പിച്ചപ്പോള്‍ ചില ശര്‍ക്കര ആണികള്‍ക്ക് നിറവ്യത്യാസം സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

നിറവ്യത്യാസംവന്ന വെള്ളവും ശര്‍ക്കരആണിയും വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി.

കൊണ്ടോട്ടി ലാബിലേക്ക് അയക്കുമെന്നും പരിശോധനഫലം അറിയിക്കാമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചതായി അയ്യൂബ് പറഞ്ഞു.

കേരളത്തിന് പുറത്തുള്ള ശര്‍ക്കര ഉല്‍പ്പാദനകേന്ദ്രത്തില്‍ വിപണിയില്‍ ശര്‍ക്കരയുടെ തൂക്കം കൂട്ടാന്‍ അരിപൊടിയും കളര്‍ കൂട്ടാനായി ചില രാസപദാര്‍ഥങ്ങളും ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.