എരമംഗലം: മാറഞ്ചേരി കാഞ്ഞിരമുക്കില്‍ അവര്‍ സായാഹ്നങ്ങളില്‍ പന്തുതട്ടിക്കളിച്ചത് നേരംപോക്കിനായിരുന്നില്ല, പകരം കൂട്ടുകാരനെ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുനടത്താനായിരുന്നു. കാഞ്ഞിരമുക്ക് ഡിമോസ് കലാസാംസ്‌കാരികവേദിയാണ് കാഞ്ഞിരമുക്ക് സ്വദേശിയായ തേറയില്‍ പ്രസാദിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിനായി പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് സായാഹ്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയത്. മത്സരത്തില്‍ പങ്കെടുത്ത പതിനാല് ടീമുകളില്‍നിന്ന് സംഭാവനയായി 28,000 രൂപയും മത്സരം നടക്കുന്ന ദിവസങ്ങളില്‍ കാണികളില്‍നിന്നുള്ള സംഭാവനയായി 22,000 രൂപയും ഉള്‍പ്പെടെ അരലക്ഷം രൂപയാണ് സ്വരൂപിച്ചത്.

ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വരൂപിച്ച 50,000 രൂപ പ്രസാദ് ചികിത്സാസഹായ സമിതി ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിക്ക് കാഞ്ഞിരമുക്ക് ഡിമോസ് രക്ഷാധികാരി ബാബുരാജ് കൈമാറി. ചികിത്സാസഹായത്തിനായി ടീം സ്‌കൂള്‍പറമ്പ് കാഞ്ഞിരമുക്ക് സ്വരൂപിച്ച 20,000 രൂപയും ഈ ചടങ്ങില്‍ ടീം അംഗം റിജേഷ് കൈമാറി. അനീഫ പാലക്കല്‍ അധ്യക്ഷനായി. കെ.വി. ഹംസ, പി. മണികണ്ഠന്‍, നൗഷാദ് പത്തായി എന്നിവര്‍ പ്രസംഗിച്ചു