എടവണ്ണ: മരുന്നുവാങ്ങാന്‍ നിവൃത്തിയില്ലാത്ത കുടുംബത്തിന് മാസവരുമാനം 4,95,330 രൂപ. സിവില്‍സപ്ലൈസ് വകുപ്പാണ് ഒരു കുടുംബത്തെ വന്‍കിടക്കാരാക്കി ഞെട്ടിച്ചത്. എടവണ്ണ ഒതായി കൊടിഞ്ചിറയിലെ കൂനൂര്‍ ദാമോദരന്റെ കുടുംബത്തിനു ലഭിച്ച കാര്‍ഡിലാണ് വന്‍തുക വരുമാനമായി കാണിച്ചത്.

പൊതുവിഭാഗത്തില്‍പെട്ട ഈ കാര്‍ഡൊന്ന് തിരുത്തിക്കിട്ടാന്‍ ഇപ്പോള്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ദാമോദരനും ഭാര്യ സുമതിയും. അനുബന്ധരേഖകള്‍ സംഘടിപ്പിച്ച് ജില്ലാകളക്ടര്‍ക്ക് പരാതിനല്‍കാനുള്ള തത്രപ്പാടിലാണീ വയോധികര്‍. കൂലിവേലക്കാരനായിരുന്ന ദാമോദരന് ഇപ്പോള്‍ ജോലിക്ക് പോകാനാകുന്നില്ല. ഭാര്യയും നിത്യരോഗിതന്നെ.

മകനും കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസം. 12 സെന്റ് സ്ഥലത്ത് ബ്ലോക്ക്പഞ്ചായത്ത് ധനസഹായം കൊണ്ടാണ് വീടായത്. കാര്‍ഡുമായി ഇപ്പോള്‍ റേഷന്‍കടയില്‍ ചെന്നാല്‍ ആകെ കിട്ടുന്നത് ഒന്നരക്കിലോഗ്രാം അരി മാത്രമാണെന്നും തന്റെയും ഭാര്യയുടെയും ചികിത്സച്ചെലവുതന്നെ താങ്ങാനാകുന്നില്ലെന്നും ഇതിനിടയിലാണ് അന്നംമുട്ടലെന്നും ദാമോദരന്‍ പറയുന്നു. മുന്‍ഗണനേതര കാര്‍ഡായതിനാല്‍ സര്‍ക്കാര്‍ ആസ്​പത്രികളില്‍നിന്ന് ചികിത്സാ ആനുകൂല്യവുമില്ല. റേഷന്‍കാര്‍ഡില്‍ തൊഴിലിനുനേരേ കൂലി എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും വരുമാനത്തിന്റെ കോളത്തിലാണ് ബാധ്യത കുടിയേറിയത്. കഴിഞ്ഞതവണ ഇവര്‍ക്ക് ബി.പി.എല്‍. കാര്‍ഡായിരുന്നു.