എടപ്പാള്‍: സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ തലതിരിഞ്ഞതും രാഷ്ട്രീയപ്രേരിതവുമായ നയങ്ങള്‍ക്കെതിരെ മുസ്ലിംലീഗ് പ്രതിഷേധം ശക്തമാക്കുമെന്ന് ദേശീയസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. പാര്‍ട്ടി പൊന്നാനി, തൃത്താല നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടിക്കെതിരെയുള്ള പോലീസ് നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് പാര്‍ട്ടി തീരുമാനം. അതേ പോലീസ് ബി.ജെ.പിക്കെതിരെ കേസെടുക്കുന്നതിന് അറച്ചുനില്‍ക്കുകയുമാണ് അദ്ദേഹം പറഞ്ഞു. ജില്ലാവൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷതവഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., സി.പി. ബാവഹാജി, സലാം, സൈതലവി, സുഹ്‌റ മമ്പാട്, എം. അബ്ദുള്ളക്കുട്ടി, വി.കെ.എം. ഷാഫി, ആറ്റക്കോയതങ്ങള്‍, ഷാനവാസ് വട്ടത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.