എടപ്പാള്‍: നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വന്‍ പോലീസ് സാന്നിധ്യത്തില്‍ കുറ്റിപ്പാലയില്‍ ബീവറേജസ് മദ്യവില്‍പ്പനശാല തുറന്നു. എതിര്‍പ്പുമായി രംഗത്തെത്തിയ പരിസരവാസികളും പോലീസുമായുണ്ടായ വാക്കേറ്റത്തിനും ബഹളത്തിനും ശേഷമാണ് 11 മണിയോടെ മദ്യശാല തുറന്നത്.

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ പൂട്ടണമെന്ന കോടതി ഉത്തരവിനെത്തുടര്‍ന്ന് പൂട്ടിയ പുള്ളുവന്‍പടിയിലെ മദ്യശാലയാണ് കുറ്റിപ്പാല വില്ലേജ് ഓഫീസിനടുത്തുള്ള കെട്ടിടത്തില്‍ തുറന്നത്. നേരത്തേ ഇവിടെ എല്ലാ സംവിധാനങ്ങളുമേര്‍പ്പെടുത്തി മദ്യമിറക്കി വില്‍പ്പന ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും സംയുക്ത സമരസമിതി നടത്തിയ സമരത്തെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ബീവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. മദ്യശാല തുറക്കാന്‍ സംരക്ഷണമാവശ്യപ്പെട്ട് പോലീസിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വന്‍ പോലീസ്സംഘം സ്ഥലത്തെത്തിയത്. പൊന്നാനി സി.ഐ. സണ്ണി ചാക്കോ, ചങ്ങരംകുളം എസ്.ഐ.കെ.പി. മനേഷ്, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ധനരാജ്, കെ.ജി. ബേബി എന്നിവരുടെ നേതൃത്വത്തില്‍ എം.എസ്.പി. അടക്കമുള്ള വന്‍ പോലീസ് സേന സ്ഥലത്തെത്തി.

കോണ്‍ഗ്രസ് നേതാവ് മാനു കുറ്റിപ്പാലയുടെ നേതൃത്വത്തില്‍ പരിസരവാസികള്‍ മദ്യശാലയ്ക്കുമുന്നില്‍ തടിച്ചുകൂടി. ഹരിജന്‍ കോളനി, റേഷന്‍കട, വില്ലേജ് ഓഫീസ് തുടങ്ങിയവയുള്ള ഇവിടെ മദ്യശാല തുറക്കുന്നത് നിയമവിരുദ്ധമായാണെന്നും ഒരു കാരണവശാലും ഇതിനനുവദിക്കില്ലെന്നും ഇവര്‍ ശഠിച്ചു. മദ്യശാലയ്ക്ക് സംരക്ഷണം നല്‍കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും മറ്റു വിഷയങ്ങള്‍ നിയമപരമായി നേരിടണമെന്നും പോലീസ് പറഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടന്നു.
 
ഇതിനിടയില്‍ മദ്യം വാങ്ങാനായി വരിനിന്നവരെ പ്രതിഷേധക്കാര്‍ അടിച്ചോടിക്കാന്‍ ശ്രമിച്ചെങ്കിലും അത് പോലീസ് തടഞ്ഞു. പിന്നീട് ബീവറേജസ് കോര്‍പ്പറേഷന്‍ റീജണല്‍ മാനേജര്‍ റബീര്‍ അലിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി മദ്യശാല തുറക്കുകയായിരുന്നു. എം.എ. നജീബ്, ടി.പി. ഹൈദരലി, അന്‍വര്‍ തറക്കല്‍ തുടങ്ങിയ യു.ഡി.എഫ്. നേതാക്കളും പ്രതിഷേധത്തിനൊപ്പമുണ്ടായിരുന്നു.