തിരൂരങ്ങാടി: ദേശീയപാതയിലെ കരുമ്പിലില്‍നിന്ന് തെക്കോട്ടുള്ള റോഡിലൂടെ പോയാല്‍ വയല്‍ കടന്ന് കയറിച്ചെല്ലുന്നതാണ് ചുള്ളിപ്പാറ.

ജലക്ഷാമത്തിന്റെ അടയാളങ്ങളെല്ലാം നാട്ടുവഴികളില്‍ കാണാം. വീട്ടമ്മമാരാണ് ഏറെ വിഷമത്തോടെ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. വര്‍ഷങ്ങളായി ഞങ്ങളീ ദുരിതം സഹിക്കുന്നു... കിണറുകളെല്ലാം നേരത്തേത്തന്നെ വറ്റിവരളും. അധികം താഴ്ചയില്ലാതെതന്നെ ഭൂമിക്കടിയില്‍ പാറകളാണെന്നതിനാല്‍ കിണര്‍ ആഴംകൂട്ടണമെന്നുവെച്ചാലും നടക്കില്ല. കുടിവെള്ളപദ്ധതികളൊക്കെ പേരിനുണ്ടെങ്കിലും ഇവയൊന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്നതല്ല. പരാതികളും പരിഭവങ്ങളും ഇങ്ങനെ നീളുന്നു.

വീടുകളിലെ കിണറുകളും കുടിവെള്ള പദ്ധതികള്‍ക്കായുള്ള കിണറുകളും വേനലെത്തുന്നതിനു മുന്‍പുതന്നെ വറ്റിവരളും. മറ്റു ഭൂമികളൊന്നുമില്ലാത്ത ഞങ്ങള്‍ ചുള്ളിപ്പാറയില്‍ നിന്ന് എങ്ങോട്ടു പോകാനാണെന്ന് നിസ്സഹായതയോടെ ഇവര്‍ ചോദിക്കുന്നു.

നഗരസഭയിലെ ഉയരംകൂടിയ പ്രദേശമാണ് ചുള്ളിപ്പാറ. പദ്ധതികള്‍ക്കൊന്നും ചുള്ളിപ്പാറയിലെ ദാഹമകറ്റാനായില്ല. ഇവിടത്തെ അറുനൂറോളം വീട്ടുകാര്‍ അനുഭവിക്കുന്നത് ഒരേ ദുരിതമാണ്. ഇപ്പോള്‍ വേനല്‍ കടുത്തിട്ടില്ല; തിരൂരങ്ങാടി മേഖലയില്‍ ജലക്ഷാമം തുടങ്ങാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ ചുള്ളിപ്പാറയിലും സമീപങ്ങളിലും നേരത്തേതന്നെ ദുരിതകാലമെത്തിയിട്ടുണ്ട്.
 
ചെറുകിടപദ്ധതികള്‍ വിജയത്തിലെത്തിയില്ല

ആസൂത്രണങ്ങളില്ലാതെ നടപ്പാക്കിയ പല പദ്ധതികളും പ്രയോജനമില്ലാത്തതായി മാറിയെന്നതാണ് ചുള്ളിപ്പാറക്കാരുടെ പരിഭവം. കരുമ്പില്‍ ബാക്കിക്കയം പമ്പ്ഹൗസില്‍ നിന്നുള്ള പൈപ്പ്‌ലൈന്‍ ഇങ്ങോട്ടെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വിതരണശൃംഖലയിലൂടെ ഉയരത്തിലുള്ള ചുള്ളിപ്പാറയിലേക്ക് കുറഞ്ഞ അളവിലാണ് വെള്ളമെത്തുന്നത്. ചെറുകിട പദ്ധതികള്‍ക്കായി കിണറും സംഭരണിയും സ്ഥാപിച്ചും കുടിവെള്ളവിതരണം നടക്കുന്നുണ്ട്. പദ്ധതിയിയുടെ ശേഷിയേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ത്താണ് പലതും പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപമാണുള്ളത്. കാര്യക്ഷമമായല്ല ജലവിതരണം നടക്കുന്നത്. ചുള്ളിപ്പാറയിലെ വിവിധ ഭാഗങ്ങളിലുള്ള പൊതുകിണറുകളെല്ലാം വേനലില്‍ വറ്റിവരളും. ഉച്ചയ്ക്കുമുന്‍പ് കോരിയെടുത്താലേ അല്പമെങ്കിലും വെള്ളം ലഭിക്കൂവെന്ന അവസ്ഥയാണ് നിലവില്‍ വീടുകളിലെ കിണറുകള്‍ക്കുമുള്ളത്. കുറച്ച്് ദിവസങ്ങള്‍കൂടി കഴിയുന്നതോടെ ഈ സൗകര്യവും ഇല്ലാതാകും.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിക്കാതെ നടപ്പാക്കിയതിനാലാണ് കുടിവെള്ളപദ്ധതികള്‍ വേനലില്‍ ഉപകരിക്കാതെ പോകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

വെള്ളം വാഹനത്തിലെത്തണം

കൂരിയാട്, കരുമ്പില്‍ എന്നിവിടങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിക്കുന്ന വെള്ളമാണ് പലര്‍ക്കും ആശ്രയം. ഒന്നിടവിട്ട ദിവസങ്ങളില്‍ 350 രൂപ മുടക്കി ആയിരം ലിറ്റര്‍ വെള്ളം ഇത്തരത്തില്‍ ശേഖരിക്കുകയാണ് വീട്ടുകാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

ചുള്ളിപ്പാറയിലെ പല റോഡുകളും കയറ്റവും ഇറക്കവുമുള്ളതായതിനാല്‍ വാഹനങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് ഡ്രൈവര്‍മാരും മടിക്കുന്നുണ്ട്. വേനല്‍ ശക്തമാകുന്നതോടെ വെള്ളത്തിന്റെ വില കുത്തനെ കൂടും.
 
പാവുട്ടിച്ചിറയില്‍ സമൃദ്ധമായി വെള്ളമുണ്ട്; പദ്ധതിയില്ല

ജനങ്ങള്‍ ഇത്രയധികം കഷ്ടതയനുഭവിക്കുമ്പോഴും ബൃഹത്തായൊരു പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് ചുള്ളിപ്പാറക്കാരുടെ നിര്‍ഭാഗ്യം. സമൃദ്ധമായി വെള്ളമുള്ള മനോഹരമായൊരു ചിറയുണ്ട് ചുള്ളിപ്പാറയില്‍; പാവുട്ടിച്ചിറ.

വര്‍ഷങ്ങള്‍ക്കുമുന്‍പ് പണിത ഈ ജലസംഭരണി സംരക്ഷിച്ച് കുടിവെള്ളപദ്ധതിക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ളതാണ്. ചിറയില്‍ കിണര്‍ പണിത് കുടിവെള്ളപദ്ധതി ആസൂത്രണംചെയ്‌തെങ്കിലും തുടര്‍നടപടികളെല്ലാം വര്‍ഷങ്ങള്‍ക്കുമുന്‍പേ നിലച്ചു. മറ്റുകിണറുകള്‍ വറ്റിവരണ്ടാലും പാവുട്ടിച്ചിറയിലും കിണറിലും വേനലില്‍ വെള്ളമുണ്ടാകാറുണ്ട്.

ചിറയിലെ ചെളിനീക്കിയും പുതിയൊരു കിണര്‍ പണിതും പദ്ധതി നടപ്പാക്കിയാല്‍ ചുള്ളിപ്പാറയിലത് വലിയൊരു ആശ്വാസംനല്‍കും.