അരീക്കോട്: സര്‍വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ.) നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ തമ്മില്‍ വിരുന്നു പോക്കിന് അവസരമൊരുങ്ങുന്നു. ട്വിന്നിങ്ങ് പ്രോഗ്രാം അഥവാ വിദ്യാലയങ്ങളുടെ കൂട്ടുചേരല്‍ എന്ന് പേരിട്ട പദ്ധതിയിലൂടെ ഒരു വിദ്യാലയത്തിലുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളും തങ്ങളുടെ കൂട്ടുവിദ്യാലയത്തില്‍ വിരുന്നെത്തുന്നതാണ് പദ്ധതി.
 
അവിടുത്തെ പ്രവര്‍ത്തനരീതികള്‍ അടുത്തറിഞ്ഞ് പോരായ്മകള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനൊപ്പം മികവുകള്‍ സ്വന്തംവിദ്യാലയത്തില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ഒപ്പം രണ്ടു പ്രദേശങ്ങളിലുള്ളവര്‍ തമ്മില്‍ പ്രകൃതിപരമായും സാംസ്‌കാരികമായും മറ്റും നിലനില്‍ക്കുന്ന വ്യത്യാസങ്ങള്‍ അടുത്തറിയാനും നന്‍മകളുടെ കൈമാറ്റത്തിനും ഈ വിരുന്നുപോക്ക് ഉപകരിക്കുമെന്നും അധികൃതര്‍ പറയുന്നു.

സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന പദ്ധതി ജില്ലയില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയത് മലപ്പുറം ഉപജില്ലയിലെ കുട്ടശ്ശേരിക്കുളമ്പ് ഗവ.എല്‍.പി. സ്‌കൂളും പാണക്കാട് സി.കെ.എം.എം.എ. എല്‍.പി.സ്‌കൂളിലുമാണ്. പരീക്ഷണാര്‍ഥം നടപ്പിലാക്കിയ പദ്ധതി വിജയമാണെന്നു കണ്ടതോടെ ഓരോ ഉപജില്ലയിലും തിരഞ്ഞെടുത്ത രണ്ട് വിദ്യാലയങ്ങള്‍ തമ്മില്‍ വിരുന്നുപോക്ക് നടപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
 
ഇതിന്റെ ഭാഗമായി അരീക്കോട് ഉപജില്ലയിലെ ചെങ്ങര ജി.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളും കിഴിശ്ശേരി ഉപജില്ലയിലെ ഓമാനൂര്‍ യു.എ.എച്ച്.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും തമ്മില്‍ അരീക്കോട് ബി.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ ഒരുദിവസത്തെ വിരുന്നുപോക്ക് നടത്തി. ചെങ്ങര സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിക്കാനായൊരുക്കിയ ഭക്ഷണഹാള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയവയാണ് അതിഥികളായെത്തിയവര്‍ കണ്ട മികച്ച മികവെങ്കില്‍ ഓമാനൂരില്‍ അതിഥികളായെത്തിയവര്‍ മികവുകണ്ടത് ഇവിടുത്തെ ജൈവ പച്ചക്കറികൃഷി, ജൈവവൈവിധ്യ പാര്‍ക്ക് തുടങ്ങി അസംബ്ലി ചേരുന്നതിലെ പുതുമ വരെയുണ്ട്.
 
കുറ്റിപ്പുറം ഉപജില്ലയിലെ വടക്കുംപുറം ജി.എല്‍.പി. സ്‌കൂളും വലിയകുന്ന് എച്ച്.എ.എല്‍.പി. സ്‌കൂളുമാണ് വിരുന്നുപോക്ക് നടത്തിയ മറ്റു രണ്ടു വിദ്യാലയങ്ങള്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വിദ്യാലയങ്ങള്‍ പരസ്​പരമുള്ള സൗഹൃദത്തിന്റേയും സഹകരണത്തിന്റെയും പുതിയ മാതൃകയ്ക്ക് തുടക്കമിട്ടതായും എസ്.എസ്.എ. അധികൃതര്‍ വിലയിരുത്തുന്നു.