അരീക്കോട്: ഫിലിംക്ലബ്ബുകള്‍ അരങ്ങൊഴിഞ്ഞ ആധുനിക കാലത്ത് ഗ്രാമീണ ചലച്ചിത്രവേദിക്ക് പുതുജീവന്‍ നല്‍കി ഓടക്കയം ടാക്കീസിന്റെ സിനിമകള്‍ ഓടിത്തുടങ്ങി.

പട്ടികവര്‍ഗ മലയോരമേഖലയായ ഓടക്കയത്ത് ഓരോമാസവും ഓരോ ലോക ക്ലാസിക് സിനിമ ഊരുകളിലെ ആദിവാസികള്‍ക്കും ഒപ്പം നാട്ടുകാര്‍ക്കും പരിചയപ്പെടുത്തുകയാണ് ഓടക്കയം ടാക്കീസിന്റെ ലക്ഷ്യം. ചലച്ചിത്ര അക്കാദമിയുടെയും അരീക്കോട് ബി.ആര്‍.സിയുടെയും സഹകരണത്തോടെ ഓടക്കയം ഗവ. യു.പി. സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഓടക്കയം ടാക്കീസ് എന്ന പേരില്‍ ഗ്രാമീണ ചലച്ചിത്രവേദിക്ക് രൂപംനല്‍കിയത്.

ഉദ്ഘാടനം ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ഷൗക്കത്തലി നിര്‍വഹിച്ചു. വാര്‍ഡംഗം സുനിത മനോജ്, ബി.പി.ഒ. ടി.കെ. ബാബുരാജ്, കെ.കെ. അജിത്, കെ. ഹരിദാസ്, പി.എന്‍. അജയന്‍, പി. മുഹമ്മദ് ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. ചലച്ചിത്ര അക്കാദമി അംഗം മധു ജനാര്‍ദനന്‍, ഫിലിം ക്ലബ്ബ് പ്രവര്‍ത്തകനും മലപ്പുറം ഗവ. കോളേജ് അധ്യാപകനുമായ മമ്മദ് മൊണ്ടാഷ് എന്നിവര്‍ സിനിമയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു. ദവേ ഹോം എന്ന സിനിമയുടെ പ്രദര്‍ശനവുമുണ്ടായി. കൊണ്ടോട്ടി ബ്ലോസം കോളേജ് എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ പ്രദര്‍ശനത്തിന് നേതൃത്വംനല്‍കി.