അരീക്കോട്: ഭിന്നശേഷിക്കാരുടെയും അവര്‍ക്കു താങ്ങായ കുടുംബാംഗങ്ങളുടെയും ഭാവി സുരക്ഷിതമാക്കാന്‍ ഒരുകോടിരൂപ ചെലവില്‍ അരീക്കോട് ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതി. പ്രത്യേക സൗകര്യങ്ങളോടുകൂടിയ കെട്ടിടം, കളിസ്ഥലം, പഠനസംവിധാനം, തൊഴില്‍പഠനം എന്നിവയ്‌ക്കൊപ്പം താത്പര്യമുള്ള അമ്മമാര്‍ക്ക് മുഴുവന്‍സമയം കുട്ടികളോടൊപ്പം കഴിയാനും അവസരമൊരുക്കും. ഇങ്ങനെയെത്തുന്ന അമ്മമാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തൊഴില്‍പരിശീലനം നല്‍കും.

കെട്ടിടനിര്‍മാണത്തിന് അരീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥലത്തുനിന്ന് 30 സെന്റ് വിട്ടുകിട്ടാന്‍ ജില്ലാപഞ്ചായത്തിന് അപേക്ഷനല്‍കി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ ജൂണില്‍ താത്കാലിക കെട്ടിടത്തില്‍ തുടങ്ങും. അരീക്കോട് പഞ്ചായത്ത് പരിധിയില്‍ ഭിന്നശേഷിക്കാരായ 210 പേരെ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും സമീപ പഞ്ചായത്തില്‍നിന്നുള്ളവര്‍ക്കും സ്‌കൂളിന്റെ സേവനം ലഭ്യമാക്കാനാണ് പദ്ധതി. രണ്ടു കേന്ദ്രങ്ങളിലായി ആഴ്ചയില്‍ ഒരുദിവസം മാത്രം പ്രവര്‍ത്തിക്കുന്ന എസ്.എസ്.എയുടെ തെറാപ്പിസെന്റര്‍ ഇവിടേക്ക് മാറ്റി ആഴ്ചയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജമാക്കും.

പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി അരീക്കോട് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രത്യേക തിരിച്ചറിയല്‍കാര്‍ഡ് നല്‍കി. കാര്‍ഡ് ലഭിച്ചവര്‍ക്ക് പഞ്ചായത്ത് പരിധിയില്‍ പ്രത്യേക ചികിത്സാ ആനുകൂല്യങ്ങള്‍ക്കും സംവിധാനമൊരുക്കി.

കാര്‍ഡിന്റെ വിതരണോദ്ഘാടനം പി.കെ. ബഷീര്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂളും പുനരധിവാസകേന്ദ്രവും നിര്‍മിക്കാന്‍ സ്ഥലം ലഭ്യമാക്കിയാല്‍ ഫണ്ട് അനുവദിക്കാന്‍ തയ്യാറാണെന്ന് എം.എല്‍.എ. പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. മുനീറ അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്‌ള്യു. അബ്ദുറഹിമാന്‍, സി. അബ്ദുറഹിമാന്‍, ശ്രീപ്രിയ, ഉമ്മര്‍ വെള്ളേരി, വി.പി. സുഹൈര്‍, ഐ. ഷീന, എ.എം. ഷാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.