മലപ്പുറം: രാജ്യത്തിന്റെ മുഖമുദ്രയായ മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി എ.കെ. ബാലന്‍. മലപ്പുറം എം.എസ്.പി. മൈതാനത്തില്‍നടന്ന സ്വതന്ത്ര്യദിനപരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സിവില്‍സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. മൈതാനത്ത് മന്ത്രി ദേശീയപതാക ഉയര്‍ത്തി. പരേഡ് പരിശോധിച്ച് തുടര്‍ന്നുനടന്ന മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു.

സ്വാതന്ത്ര്യദിനപരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് സി.വി. ശശി നേതൃത്വംനല്‍കി. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ മന്ത്രി വിതരണംചെയ്തു. റോഡപകടത്തില്‍ മരിച്ച ഫുട്‌ബോള്‍ താരവും പോലീസ് ഉദ്യോഗസ്ഥനുമായ സി. ജാബിറിനുള്ള മരണാന്തര പോലീസ് മെഡല്‍ അദ്ദേഹത്തിന്റെ മക്കള്‍ ഏറ്റുവാങ്ങി. മറ്റ് പോലീസുദ്യോഗസ്ഥര്‍ക്കും മന്ത്രി മെഡലുകള്‍ വിതരണംചെയ്തു.