മലപ്പുറം: കടുപ്പത്തിലൊരു കാപ്പിക്കൊപ്പം ഒരു അൽബേർ കാമു എടുത്താലോ..? അല്ലെങ്കിൽ ഒരു ഷൂസേ സരമാഗു..?

മലപ്പുറം കുന്നുമ്മലിലെ ’ബുക്ക്ഫാമി’ലേക്ക് വരൂ. കാപ്പിയോ ജ്യൂസോ കുടിച്ച് വെടിപറഞ്ഞിരിക്കുന്നവർക്കല്ല, വായനയുടെ പുതിയ സാധ്യത തേടുന്നവർക്കുള്ളതാണ് ഈ ലോകം.

’ഇന്ദുലേഖ’ മുതൽ പുതിയ ’മാമാങ്കം’ വരെയുള്ള പുസ്തകങ്ങൾ, പാവ്‌ലോ കൊയ്‌ലോ മുതൽ ചേതൻഭഗത് വരെയുള്ള എഴുത്തുകാർ ഒക്കെ നിങ്ങളെ കാത്തിരിക്കുന്നു. ലഘുഭക്ഷണവും പാനീയവും കഴിച്ച് സ്വസ്ഥമായി വായിച്ചിരിക്കാം. വേണമെങ്കിൽ പുസ്തകം വാങ്ങിക്കാം.

പത്തുവർഷത്തോളം വിവിധ കോളേജുകളിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനായി ജോലിചെയ്ത ചെമ്മങ്കടവിലെ സമീർ മേച്ചേരിയാണ് അതെല്ലാംവിട്ട് പുതിയ ആശയവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ’വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമെല്ലാം മടുത്ത് ഒടുവിൽ നിങ്ങൾ പുസ്തകങ്ങൾ തേടി വരേണ്ടിവരും. അങ്ങനെ കുറേപ്പേരെങ്കിലും വന്നുതുടങ്ങിയിട്ടുണ്ട്’- സമീർ സാക്ഷ്യപ്പെടുത്തുന്നു.

വിദേശരാജ്യങ്ങളിൽ, വിശേഷിച്ച് പാരീസ് പോലുള്ള നഗരങ്ങളിൽ കോഫിഹൗസുകളിൽനിന്നാണ് വായനയും എഴുത്തും വികസിച്ചതെന്ന് സമീർ പറയുന്നു. അത്തരം ഒരു പരീക്ഷണം മലപ്പുറത്ത് നടത്തുകയാണ് ഈ 35-കാരൻ. രണ്ടായിരത്തോളം പുസ്തകങ്ങളുണ്ട് ലൈബ്രറിയിൽ. ഇനിയും കുറേകൂടി വാങ്ങാനുണ്ട്. റഫറൻസ് സ്വഭാവമുള്ളവ കൂടി കൊണ്ടുവരണം. വലിയ വിലയുള്ള പുസ്തകങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് അത് സഹായകരമാവും.

ഗസ്റ്റ് അധ്യാപകനായി ജോലിചെയ്ത് കിട്ടിയ പണവും സഹകരണബാങ്കിൽനിന്ന് ലോണെടുത്ത രൂപയും ചേർത്താണ് പുതിയ സംരംഭം. എല്ലാത്തരം പുസ്തകങ്ങളുമുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിനാണ് കൂടുതൽ പരിഗണന. പുസ്തകം കേടുവരുത്തരുതെന്ന നിബന്ധനമാത്രമേയുള്ളൂ. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് സമയം. വായനക്കാരുടെ സൗകര്യത്തിനായി സമയം കുറച്ചുകൂടി ദീർഘിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സമീറിന്റെ ബന്ധുവായ ഫിറോസ് വില്ലനും സുഹൃത്ത് ബഷീർ മച്ചിങ്ങലുമാണ് ബുക്ക് ഫാമിനോടുചേർന്ന് ’പാരീസ് കോഫി കഫെ’ നടത്തുന്നത്. ബുക്ക്ഫാം എന്ന പേരിൽ യു ട്യൂബിൽ പുസ്തകാവലോകനവും ചെയ്യുന്നുണ്ട് കവികൂടിയായ സമീർ മേച്ചേരി.