പെരിന്തല്‍മണ്ണ: പ്രളയത്തില്‍ തകര്‍ന്ന ഓവുപാലം പുനര്‍നിര്‍മിക്കാന്‍ ജനകീയ കൂട്ടായ്മ. പെരിന്തല്‍മണ്ണ ഇ.എം.എസ്. നഴ്സിങ് കോളേജ് റോഡിലുള്ള പാണമ്പി പണിക്കരപ്പടി റോഡിലെ ഓവുപാലമാണ് നാട്ടുകാരും പ്രാദേശികസ്ഥാപനങ്ങളും ചേര്‍ന്ന് പുനര്‍നിര്‍മിക്കുന്നത്.

ഓഗസ്റ്റ് എട്ടിനാണ് വെള്ളംകയറി പാലം നശിച്ചത്. പാലത്തോടുചേര്‍ന്ന റോഡിന്റെ ഭാഗവും ഒഴുകിപ്പോയതോടെ ഇരുഭാഗത്തേക്കും സഞ്ചരിക്കാനാവാതെയായി. നാട്ടുകാര്‍ താത്കാലിക നടപ്പാലമുണ്ടാക്കിയെങ്കിലും വാഹനങ്ങള്‍ക്ക് പോകാനാവുമായിരുന്നില്ല. പാലം അത്യാവശ്യമായതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ പാണമ്പിയില്‍ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു.

ഇ.എം.എസ്. ആശുപത്രി ചെയര്‍മാന്‍ ഡോ. എ. മുഹമ്മദ് ചെയര്‍മാനും വി. മുഹമ്മദ് ഹനീഫ കണ്‍വീനറുമായാണ് കമ്മിറ്റി. പത്തുലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പാലത്തിന് തയ്യാറാക്കിയത്.

പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രി, ഓറ ഗ്ലോബല്‍ സ്‌കൂള്‍, ഹോംസ്റ്റഡ് വില്ല എന്നിവയുടെ ധനസഹായവും നാട്ടുകാരുടെ സംഭാവനയും ലഭിച്ചതോടെ പാലംപണി തുടങ്ങി.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം നടത്തുന്നത്. സെപ്തംബര്‍ രണ്ടിന് പ്രധാന സ്ലാബുകള്‍ പൂര്‍ത്തിയാകും. ഈമാസം പകുതിയോടെ പാലം നാടിന് സമര്‍പ്പിക്കാനാവുമെന്നാണ് കരുതുന്നത്. നിര്‍മാണത്തിന് ഡോ. സയ്യിദ് ഫൈസല്‍, ഡോ. വിജയ്, വി.ടി. നിയാസ് തുടങ്ങിയവരും നേതൃത്വംനല്‍കുന്നുണ്ട്.