കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ ഗതാഗതം പൂർണമായും നിരോധിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്. കാൽനടക്കാരെ മാത്രമാണ് പാലത്തിലൂടെ കടത്തിവിടുന്നത്.

കോൺക്രീറ്റ് അടർന്നുപോയതിനാൽ പാലത്തിന്റെ ഉപരിതലം പലഭാഗത്തും തകർന്നിട്ടുണ്ട്. തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്തശേഷം ടാർ, ചുണ്ണാമ്പ് എന്നിവചേർത്ത മിശ്രിതം ഉപയോഗിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുക. ദിവസവും 300 ചതുരശ്രയടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക. ഇതോടൊപ്പം മിനിപമ്പയോട് ചേർന്നുള്ള റോഡും ഇന്റർലോക്ക് വിരിച്ച് നവീകരിക്കുന്നുണ്ട്.

തകർന്ന ഭാഗത്തെ കോൺക്രീറ്റ് പൊട്ടിച്ചെടുത്ത് പുതിയതായി കോൺക്രീറ്റ് ചെയ്യുന്ന പണികളാണ് ബുധനാഴ്ച രാത്രി മുതൽ ആരംഭിച്ചത്.

ഇതോടൊപ്പം മിനിപമ്പയ്ക്ക്‌ സമീപത്തെ റോഡിലെ തകർന്നഭാഗം പൊളിച്ചെടുത്ത് കോൺക്രീറ്റ് മിശ്രിതം നിറയ്ക്കും. ഇതിനുമുകളിലൂടെ വാഹനങ്ങൾ കടന്നുപോയി ഉറച്ചതിനുശേഷമാണ് ഇന്റർലോക്ക് കട്ടകൾ വിരിക്കുക. എട്ടുദിവസത്തിനകം പണികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.