ഭീഷണികാളികാവ്: കാളികാവ് പോലീസ്‌സ്റ്റേഷന്റെ സുരക്ഷയ്ക്കുള്ള അംഗബലം കൂട്ടി. മാവോവാദി ഭീഷണിയെത്തുടർന്നാണ് അടിയന്തരമായി അംഗബലം കൂട്ടിയത്.
കേരള ഭീകരവിരുദ്ധ സേനാംഗങ്ങൾക്കാണ് സ്റ്റേഷന്റെ സുരക്ഷാചുമതല.
ഇതുവരെ ആറുപേരാണ് സുരക്ഷാചുമതലയിലുണ്ടായിരുന്നത്. പുല്ലങ്കോട് എസ്റ്റേറ്റിനോടുചേർന്നുള്ള ചേനപ്പാടി മലവാരത്തിൽ മാവോവാദികളെന്നു സംശയിക്കുന്നവരെ കണ്ടിരുന്നു. ഇതിനെത്തുടർന്നാണ് നാല് ഭീകരവിരുദ്ധ സേനാംഗങ്ങളെക്കൂടി സ്റ്റേഷൻ ചുമതലയ്ക്ക് നിയോഗിച്ചത്.
തിങ്കളാഴ്ചയാണ് ചേനപ്പാടി മലവാരത്തിൽ രണ്ടുപേരെ കണ്ടത്. തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. കരുളായി വനമേഖലയിലുണ്ടായ ഏറ്റുമുട്ടൽ സംഭവത്തെത്തുടർന്ന് തിരിച്ചടിക്കാനുള്ള സാധ്യതകൂടി മുൻകൂട്ടിക്കണ്ടാണ് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുന്നത്. കാളികാവിന് പുറമെ പൂക്കോട്ടുംപാടം, കരുവാരക്കുണ്ട്, നിലമ്പൂർ, എടക്കര, പോത്തുകല്ല്, വഴിക്കടവ് സ്റ്റേഷനുകൾക്കും പ്രത്യേക കാവലുണ്ട്.
മാവോവാദികളെ നേരിടുന്നതിന് തണ്ടർബോൾട്ടിന്റെ ഒരു സംഘവും മലയോരത്ത് സജ്ജമാക്കിയിട്ടുണ്ട്. മാവോവാദികളുടെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത നീക്കംപോലും നേരിടാനുള്ള തയ്യാറെടുപ്പ് പോലീസ് നടത്തുന്നുണ്ട്.
രാത്രി പരിശോധനയ്ക്ക് പോകുന്നവരോട് ആയുധം കരുതാനും ദീകരവിരുദ്ധസേനാംഗങ്ങൾ ഉൾപ്പെടെയുള്ളവരെക്കൂടി പങ്കെടുപ്പിക്കാനുമാണ് നിർദേശം നൽകിയിട്ടുള്ളത്. പരിശോധനയ്ക്ക് പുറപ്പെടുന്നതിനുമുൻപ് മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യണം.
മാവോവാദിസാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കാളികാവ് പോലീസ്‌സ്റ്റേഷന് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് എസ്.ഐ കെ.പി. സുരേഷ്ബാബു പറഞ്ഞു.