പുറത്തൂർ: പരിമിതികളോട് പൊരുതി ഋഷികേശ് നേടിയ എം.ബി.ബി.എസ് പ്രവേശനത്തില്‍ ഒരുനാട് മുഴുവന്‍ ആഹ്ലാദത്തില്‍. മംഗലം പഞ്ചായത്തിലെ ചേന്നര പെരുന്തിരുത്തി തൂക്കുപാലത്തിന് സമീപം വാര്‍ക്കപ്പണിക്കാരനായ കറുകയില്‍ ഷാലിജ്കുമാറിന്റെയും ഗീതയുടെയും മകനാണ് ഋഷികേശ് .

ഓടുമേഞ്ഞ ചെറിയൊരു വീട്ടില്‍നിന്ന്, ഈ കൊച്ചുഗ്രാമത്തില്‍നിന്ന് ആദ്യമായാണ് ഒരാള്‍ക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍മാത്രം പഠിച്ചാണ് ഇക്കൊല്ലത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയത്. കഷ്ടപ്പാടുകള്‍ക്കിടയിലും തന്റെ തൊഴിലില്‍നിന്ന് കിട്ടുന്ന വരുമാനംകൊണ്ട് മകനെ ഇതുവരെ പഠിപ്പിച്ച ഷാലിജ്കുമാറും സന്തോഷത്തിലാണ്.
 
ചെറുപ്പംമുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഋഷികേശ് എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എപ്ലസും, പ്ലസ് ടുവിന് മികച്ച വിജയവും നേടിയിരുന്നു. പെരുന്തിരുത്തി എ.എം.എല്‍.പി. സ്‌കൂള്‍, കൂട്ടായി എം.എം.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പ്ലസ് ടു വരെ പഠിച്ചത്. മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ 1425-ാം റാങ്ക് നേടിയാണ് എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ ഋഷികേശ് എം.ബി.ബി.എസിന് പ്രവേശനം നേടിയിരിക്കുന്നത്. വിദ്യാര്‍ഥികളായ വിഗ്നേഷും, അനുശ്രീയും സഹോദരങ്ങളാണ്. ഒട്ടേറെപ്പേര്‍ വീട്ടിലെത്തി ഋഷികേശിനെ അഭിനന്ദിച്ചു.