നിലമ്പൂര്‍: അവധിദിവസങ്ങള്‍ കുടുംബങ്ങള്‍ക്കൊപ്പം ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ വനംവകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ഏറെ ദുരിതത്തിലായി. നിലമ്പൂരിലെ വനംവകുപ്പിന്റെ മൂന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍നിന്നായി 11 ലക്ഷത്തോളംരൂപ പാസിനത്തില്‍ വിനോദസഞ്ചാരികളില്‍നിന്ന് വനംവകുപ്പിന്റെ ഖജനാവിലേക്ക് എത്തിയപ്പോഴാണ് ആവശ്യത്തിന് ശൗചാലയ സൗകര്യംപോലും ഇല്ലാതിരുന്നത് സ്ത്രീകളുള്‍പ്പെടെ യുള്ളവരെ വലച്ചത്.

തേക്ക് മ്യൂസിയത്തില്‍ മാത്രമാണ് ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരു പരിധിവരെയുള്ളത്. കനോലിപ്ലോട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ കേട്ടഭാവം നടിക്കുന്നില്ല. വനംമന്ത്രി കെ. രാജു കനോലിപ്ലോട്ട് സന്ദര്‍ശിച്ചപ്പോള്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

കോഴിക്കോട്-മലപ്പുറം ജില്ലകളുടെ സംഗമഭൂമിയോട് ചേര്‍ന്നുള്ള കോഴിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ ഏറെ ദുരിതത്തിലാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കോഴിപ്പാറയ്ക്കടുത്തുള്ള വീടുകളെയാണ് ആശ്രയിക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ വാളംതോട്-തോട്ടപ്പള്ളി റോഡിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് തോട്ടപ്പള്ളി നിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

മഴവന്നാല്‍ കയറി നില്‍ക്കാന്‍പോലും സൗകര്യങ്ങളില്ല. സമീപത്ത് ലഘുഭക്ഷണം ലഭിക്കാനുള്ള സംവിധാനങ്ങളുമില്ല. പ്രായമായവരെ ടൈല്‍സ് പതിച്ച നടവഴിയിലൂടെ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിക്കാമെങ്കിലും ഇടയില്‍ ഇരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. കോഴിപ്പാറയിലേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്രകള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഓരോ ആഘോഷവേളകളിലും ലക്ഷങ്ങളുടെ വരുമാനം ലഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.