കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ ജീവനെടുക്കുന്ന അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും ആര്‍ക്കുമത് പാഠമാകുന്നില്ല. ചതിക്കുഴികളും അടിയൊഴുക്കുകളും വകവെയ്ക്കാതെ വീണ്ടും പുഴയിലിറങ്ങുന്നത് പതിവാകുകയാണ്.

വെള്ളാഞ്ചേരി കടവിലാണ് ഒടുവില്‍ രണ്ടുപേരെ പുഴ കവര്‍ന്നെടുത്തത്. അനധികൃത മണലെടുപ്പാണ് ഭാരതപ്പുഴയെ പേടിസ്വപ്‌നമാക്കിയത്. ഭാരതപ്പുഴയില്‍ ഇപ്പോള്‍ മണലെടുപ്പിന് അനുമതിയില്ല. എന്നാല്‍, വെള്ളാഞ്ചേരി ഭാഗങ്ങളിലുള്‍പ്പെടെ ഇപ്പോഴും മണലെടുപ്പ് തുടരുകയാണ്.

തിങ്കളാഴ്ച പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ അശ്വിനുവേണ്ടി തിരച്ചില്‍ നടത്തുമ്പോഴും എല്ലാറ്റിനും സാക്ഷിയായി മണല്‍ത്തിട്ടകള്‍ക്ക് മുകളില്‍ നൂറുകണക്കിന് മണല്‍ച്ചാക്കുകള്‍ നിരന്നിരിക്കുന്നുണ്ടായിരുന്നു.

മണലെടുത്ത് രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങളിലേക്കെത്തുമ്പോള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിന് വ്യത്യാസംവരും. വെള്ളം മണല്‍ത്തിട്ടകളില്‍ തട്ടി ആഴത്തിലേക്കൊഴുകുമ്പോള്‍ ചുഴികളും രൂപപ്പെടും. ഇതില്‍ അകപ്പെട്ടുപോയാല്‍ തിരിച്ചുകയറുക പ്രയാസകരമാണ്. പുഴയുടെ പലഭാഗത്തും ശക്തിയായ അടിയൊഴുക്കാണ്. അപ്രതീക്ഷിതമായി അടിയൊഴുക്കിലും ചുഴികളിലും അകപ്പെട്ടുപോകുന്നതോടെ പരിഭ്രാന്തരാകും. ചിലര്‍ ഒഴുക്കിന് എതിരായി നീന്താന്‍ ശ്രമിക്കും. ഇതോടെ ശരീരം കുഴയുകയും ശ്വാസോച്ഛ്വാസത്തിലെ നിയന്ത്രണം നഷ്ടമാവുകയും ചെയ്യും. ഇതാണ് മരണത്തിലേക്കെത്താന്‍ കാരണമാകുന്നതെന്നാണ് മിനിപമ്പയിലെ ലൈഫ് ഗാര്‍ഡ് ഹരിദാസന്‍ പറയുന്നത്.

ആകാം ശ്രദ്ധയും മുന്‍കരുതലും...
പുഴയില്‍ എല്ലായിടത്തും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയെന്നത് പ്രായോഗികമല്ല. ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പയിലായിരുന്നു കൂടുതല്‍ അപകടങ്ങളുണ്ടായതും ഒട്ടേറെപേര്‍ക്ക് ജീവന്‍ നഷ്ടമായതും. ഇവിടെ സുരക്ഷാസംവിധാനമൊരുക്കുകയും സ്ഥിരം രക്ഷാപ്രവര്‍ത്തകരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ അനിയന്ത്രിതമായ മണലെടുപ്പ് പൂര്‍ണമായും തടയുകയാണ് ആദ്യം ചെയ്യേണ്ടത്.

ഭാരതപ്പുഴയിലെ ഇത്തരം അപകടങ്ങള്‍ക്ക് മഴക്കാലമോ വേനല്‍ക്കാലമോ എന്ന വ്യത്യാസമില്ല. വെള്ളംകുറഞ്ഞ സമയത്തുപോലും അടിയൊഴുക്കിന്റെ ശക്തികുറയാറില്ല. മണലെടുപ്പ് കൂടുതലായി നടക്കുന്ന ഭാഗങ്ങളില്‍ പുഴയിലിറങ്ങുന്നത് ഒഴിവാക്കുകയാണ് ആദ്യ മുന്‍കരുതല്‍. അപകടം പതിയിരിക്കുന്ന പുഴയില്‍ കുട്ടികള്‍ കുളിക്കാനിറങ്ങുന്നത് വിലക്കാന്‍ രക്ഷിതാക്കളും മുന്നോട്ടുവരേണ്ടതായിട്ടുണ്ട്.

അപസ്മാരം പോലുള്ള അസുഖമുള്ളവര്‍ വെള്ളത്തില്‍ ഇറങ്ങുന്നതും നീന്തുന്നതും അപകടസാധ്യത കൂട്ടുമെന്നും ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധചെലുത്തുന്നത് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സെക്കീന പറയുന്നു.