കോട്ടയ്ക്കല്‍: മനുഷ്യര്‍ക്കുമാത്രമല്ല, ജില്ലയിലെ മൃഗങ്ങള്‍ക്കുമുണ്ട് പ്രശ്‌നങ്ങളേറെ. കുത്തിവെപ്പിന് ചെന്നാല്‍ !ഡോക്ടര്‍മാരില്ല, കുത്തിവെക്കാനുള്ള വാക്‌സിന്‍ സൂക്ഷിക്കാന്‍ സംവിധാനമില്ല, അങ്ങനെ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട് മൃഗാസ്​പത്രികളില്‍

വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ല. പ്രതിരോധ കുത്തിവെപ്പെടുത്ത ചില മൃഗങ്ങള്‍ക്കുവരെ പേവിഷബാധയേറ്റ പരാതികള്‍ വേറെ. അന്വേഷിച്ചുചെല്ലുമ്പോള്‍ കേള്‍ക്കുന്നത് പരാധീനതകളുടെ കഥകള്‍.

ജില്ലയില്‍ 103 മൃഗാസ്​പത്രികളാണുള്ളത്. ഇതില്‍ മലപ്പുറത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരും നാല് പോളിക്ലിനിക്കുകളില്‍ രണ്ടുവീതം ഡോക്ടര്‍മാരും മറ്റിടത്തെല്ലാം ഒരു ഡോക്ടറുമാണുള്ളത്. അതായത് ഭൂരിഭാഗം മൃഗാസ്​പത്രികളിലും ഒരു ഡോക്ടര്‍ മാത്രമേയുണ്ടാവൂ.

മൃഗങ്ങളെ ശുശ്രൂഷിക്കുന്നതിന് പുറമെ മുട്ടക്കോഴിവിതരണം, പശുവിതരണം തുടങ്ങി സര്‍ക്കാര്‍ നടപ്പാക്കുന്ന നിരവധി പദ്ധതികള്‍ക്കും മേല്‍നോട്ടം വഹിക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. കൂടാതെ പങ്കെടുക്കുന്ന യോഗങ്ങളുടെയും വകുപ്പ് തീരുമാനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യുന്നതടക്കമുള്ള ക്ലറിക്കല്‍ ജോലികളും ഇവര്‍ ചെയ്യേണ്ടിവരുന്നു.

ഡോക്ടര്‍മാര്‍ തിരക്കിലാവുമ്പോള്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെയാണ് കുത്തിവെപ്പെടുക്കാന്‍ ജനങ്ങള്‍ ആശ്രയിക്കുന്നത്.

പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും എടുക്കേണ്ടതാണ്. മൃഗങ്ങളുടെ ശരീരത്തില്‍ ഒരു മില്ലി മരുന്ന് മുഴുവന്‍ കയറിയില്ലെങ്കില്‍ വാക്‌സിനേഷന്‍ പരാജയപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഡോ. കെ.ജി. ശേഖരന്‍ പറഞ്ഞു.

#വാക്‌സിന്‍ സൂക്ഷിക്കാന്‍ സൗകര്യമില്ല

വാക്‌സിന്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ചില ആസ്​പത്രികളില്‍ വൈദ്യുതി മുടങ്ങുമ്പോള്‍ വാക്‌സിന്‍ ഫലപ്രദമായി ശീതീകരിച്ച് സൂക്ഷിക്കാനാവുന്നില്ലെന്ന് പരാതിയുണ്ട്. ഇന്‍വെര്‍ട്ടറില്ലാത്തതാണ് കാരണം. വാക്‌സിന്‍ തീര്‍ത്ത പ്രതിരോധം ശരീരത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയാണ് ടൈറ്റര്‍ ടെസ്റ്റ്. പക്ഷെ ജില്ലയിലെ ആസ്​പത്രികളില്‍ ഈ പരിശോധന നടത്താനുള്ള സംവിധാനമില്ല. ഇതുകാരണം ഡോക്ടര്‍മാര്‍പോലും അപകടകരമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്.

പശുവിന് പേ വിഷബാധയേറ്റിട്ടുണ്ടോ എന്നറിയാന്‍ ബുദ്ധിമുട്ടാണ്. ചെന വന്നാലും പേവിഷബാധയേറ്റാലും പശു സമാനമായ ലക്ഷണങ്ങളായിരിക്കും കാണിക്കുക. പ്രീബൈറ്റ് വാക്‌സിന്‍ എടുത്ത് പ്രതിരോധശേഷിയുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ധൈര്യമായി ഇവയെ പരിശോധിക്കാം.

പട്ടികളുമായി ഇടപഴകുന്നവര്‍ പട്ടികടിക്കുന്നതിനു മുമ്പുള്ള വാക്‌സിന്‍(പ്രീ ബൈറ്റ് വാക്‌സിന്‍) എടുക്കുന്നത് നല്ലതാണ്. പരമാവധി ഒരു വര്‍ഷം മാത്രമായിരിക്കും പരിരക്ഷ.

#ബോധവത്കരണമുണ്ട്, പക്ഷേ ബോധമായില്ല..

വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെപ്പും ലൈസന്‍സും എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കുക മാത്രമാണ് പേവിഷബാധ തടയാന്‍ ആകെയുള്ള മാര്‍ഗം.

ബോധവത്കരണ പദ്ധതികള്‍ പലതുമുണ്ടെങ്കിലും ഇതൊന്നും ജനങ്ങളിലെത്തുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ താഴേത്തട്ടില്‍ത്തന്നെ ഇത് ഫലപ്രദമായി നടപ്പാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വല്‍സല പി.ജി. പറയുന്നു.

.തെരുവുനായ്ക്കളുടെ വന്ധ്യംകരണം

2012ല്‍ നടത്തിയ സര്‍വേ അനുസരിച്ച് മലപ്പുറംജില്ലയില്‍ 15,000 തെരുവുനായകള്‍ ഉണ്ടെന്നാണ് കണക്ക്. കളക്ടറുടെയും ജില്ലാ പഞ്ചായത്തിന്റെയും മേല്‍നോട്ടത്തിലാണ് നായകളുടെ വന്ധ്യംകരണ നടപടി തുടങ്ങിയത്.

ഫിബ്രവരിയില്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ മഞ്ചേരിയില്‍ 200നായകളെയും ഇശ്വരമംഗലത്ത് 255 നായകളെയും വന്ധ്യംകരിച്ചു. ഇപ്പോള്‍ തേഞ്ഞിപ്പലത്താണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞദിവസം വരെ ഏകദേശം 650ഓളം നായകളെ വന്ധ്യംകരിച്ചുകഴിഞ്ഞു. വന്ധ്യംകരണത്തിനൊപ്പം നായകള്‍ക്ക് പേവിഷബാധയ്ക്കും ത്വക്ക് രോഗങ്ങള്‍ക്കുമുള്ള പ്രതിരോധകുത്തിവെപ്പും എടുക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ ഡോ. മീരാമോഹന്‍ദാസ് പറഞ്ഞു.