എടപ്പാള്‍: പലവട്ടം പോലീസില്‍ പരാതിനല്‍കിയിട്ടും കോടതി ഉത്തരവ് സമ്പാദിച്ചിട്ടും ലതയ്ക്കും കുട്ടികള്‍ക്കും സ്വന്തം വീട്ടില്‍ കഴിയാനാകുന്നില്ല. ഭിന്നശേഷിക്കാരനുള്‍പ്പെടെയുള്ള കുട്ടികളുമായാണ് ഈ യുവതി ഭര്‍ത്താവിന്റെയും അധികൃതരുടെയും നിസ്സംഗതയെത്തുടര്‍ന്ന് സഹായത്തിനാരുമില്ലാതെ തെരുവിലായത്.

വട്ടംകുളം സ്വദേശി മുരളീധരന്റെ ഭാര്യ ലത(45)യും രണ്ടു മക്കളുമാണ് ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടതിനാല്‍ വഴിമുട്ടി അലയുന്നത്.

1985-ല്‍ ലതയെ വിവാഹംകഴിച്ച മുരളീധരന്‍ വര്‍ഷങ്ങളായി വിദേശത്തായിരുന്നു. മൂന്ന് ആണ്‍മക്കളാണ് ഇവര്‍ക്കുണ്ടായത്. മൂത്തമകന്‍ പത്തുവര്‍ഷം മുന്‍പ് മരിച്ചു. ഭിന്നശേഷിക്കാരനായ ഇരുപത്തിരണ്ടുകാരന് പ്രതിദിനം ആയിരം രൂപയുടെ മരുന്നും മറ്റു ചെലവുകളുമുണ്ട്.
 
ഇളയമകന്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്. വിവാഹംകഴിഞ്ഞ് അധികം കഴിയും മുന്‍പുതന്നെ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ലത പറയുന്നു.

പത്തുവര്‍ഷം വിദേശത്തുള്ളപ്പോഴും കുട്ടികള്‍ക്കും തനിക്കും ചെലവിനുനല്‍കാതെ ഫോണില്‍ വധഭീഷണി മുഴക്കുന്നത് പതിവായിരുന്നു. ഒന്നരവര്‍ഷം മുന്‍പ് ഇതെല്ലാംകാണിച്ച് പൊന്നാനി പോലീസില്‍ പരാതിനല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ നാട്ടിലെത്തിയ ഭര്‍ത്താവ് യുവതിയെയും മക്കളെയും വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. അന്നും പൊന്നാനി പോലീസില്‍ പരാതിനല്‍കിയെങ്കിലും കാര്യമായ ഇടപെടലൊന്നുമുണ്ടായില്ല.
 
പിന്നീട് പൊന്നാനി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്ത് വീട്ടില്‍ താമസിക്കാനുള്ള ഉത്തരവുനേടി. ഈ ഉത്തരവുമായി പോലീസ് സാന്നിധ്യത്തില്‍ ചെന്നെങ്കിലും വീട്ടില്‍ കയറ്റാന്‍ ഇദ്ദേഹം തയ്യാറായില്ലെന്ന് ലത പറയുന്നു.

കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലീസ് കാര്യമായ ശ്രമം നടത്താത്തതിനാല്‍ രണ്ടു കുട്ടികളുമായി തെരുവിലെറിയപ്പെട്ട ലത കുറച്ചുദിവസം ഒരു ബന്ധുവീട്ടില്‍ കഴിഞ്ഞെങ്കിലും പിന്നീട് അവിടെനിന്നും പോരേണ്ടിവന്നു.
 
വരുമാനമോ തലചായ്ക്കാനിടമോ ഇല്ലാതെ തെരുവിലലഞ്ഞ ഇവരെ നാട്ടുകാരിടപെട്ട് ഇപ്പോള്‍ ഒരു വാടകവീട്ടില്‍ ആക്കിയിരിക്കുകയാണ്. തങ്ങളനുഭവിക്കുന്ന പ്രയാസത്തിന് അറുതിതേടി മുഖ്യമന്ത്രി, വനിതാ കമ്മിഷന്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരിക്കുകയാണ് ലതയിപ്പോള്‍.