പരപ്പനങ്ങാടി: താനൂർ മുതൽ കടലുണ്ടിവരെയുള്ള റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് തിരൂർ-കടലുണ്ടി-കോഴിക്കോട് പാതയിൽ ബസുകൾ വ്യാഴാഴ്ച പണിമുടക്കും. പാതയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ ഓണേഴ്‌സ് അസോസിയേഷനാണ് സമരം നടത്തുന്നത്. ഓട്ടോ തൊഴിലാളികളും വ്യാഴാഴ്ച പണിമുടക്കുന്നുണ്ട്.

മാസങ്ങളോളമായി തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്. വലിയ ഗർത്തങ്ങൾവരെ റോഡിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതുകാരണം ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്ന് ബസ്സുടമകൾ പറഞ്ഞു.

കോഴിക്കോട് ഭാഗത്തേക്കുള്ള പ്രധാനപാത ആയതിനാൽതന്നെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.