പുലാമന്തോള്‍: നട്ടുവളര്‍ത്തലിന്റെ പ്രയാസങ്ങള്‍മറന്ന് വിളവെടുപ്പിന്റെ സന്തോഷത്തിലാണ് അഭിലാല്‍. സമപ്രായക്കാര്‍ കളികള്‍ക്കൊപ്പമായിരുന്നപ്പോഴും കൃഷിയോടുള്ള ഇഷ്ടം കൈവിടാതിരുന്ന പന്ത്രണ്ടുകാരന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിളഞ്ഞ പയറുകളുടെ വൈവിധ്യം.

കേരള കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ചെടുത്ത പയര്‍വിത്തുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഭിലാലിനെ ഏല്‍പ്പിക്കുകയായിരുന്നു.  ജെ.ഡി.ഫൗണ്ടേഷന്റെ കുട്ടിക്കര്‍ഷകര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരജേതാവായ അഭിലാല്‍ വടക്കന്‍പാലൂരിലെ പത്തുസെന്റ് സ്ഥലത്താണ് പയര്‍കൃഷിചെയ്തത്. 

പിതാവ് ജൈവകര്‍ഷകനായ പുലാമന്തോള്‍ ചോലപ്പറമ്പത്ത് ശശിധരന്റെ കൃഷിപാഠ വഴികളിലൂടെയാണ് അഭിലാലുമെത്തിയത്.ടി.സി-15, ടി.ജി.സി.ടി-6, എന്നീ കുറ്റിപ്പയറും, ഐ.എസ്-230 പച്ചപ്പയര്‍, ഐ.എസ്-231 വെള്ളപ്പയറുമാണ് പത്തുസെന്റ് സ്ഥലത്ത് കൃഷിചെയ്തത്. 

45 ദിവസങ്ങള്‍കൊണ്ട് വിളവെടുക്കാനാവുന്ന കുറ്റിപ്പയര്‍ 65 ദിവസത്തിനുള്ളില്‍ പൂര്‍ണഫലം നല്‍കും. ജൈവരീതിയിലുള്ള കൃഷിയ്ക്ക് പഞ്ചഗവ്യം, മത്തി-ശര്‍ക്കര മിശ്രിതം, ചാരം, ഗോമൂത്രം തെളിക്കല്‍ തുടങ്ങിയ പ്രയോഗങ്ങളാണ് നടത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ കൃഷിവിളവെടുപ്പ് നടത്താനൊരുങ്ങുകയാണ് അഭിലാല്‍.
 
പുലാമന്തോള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെയും വൈകീട്ടും അവധിദിവസങ്ങളില്‍ മുഴുവനായും കൃഷിയിടത്തില്‍ ചെലവഴിക്കുകയാണ് അഭിലാലിന്റെ രീതി. കൂട്ടുകാരെയും വിദ്യാര്‍ഥികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് വിവിധ പദ്ധതികളും അഭിലാല്‍ നടത്തിയിട്ടുണ്ട്. കൃഷിയിലെ പയര്‍വിത്തുകള്‍ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി വിതരണംചെയ്യാനുള്ള തീരുമാനത്തിലാണ് അഭിലാലും പിതാവും.