കല്പറ്റ: എവിടെയാണോ രാഷ്ട്രീയം സര്‍ഗാത്മകതയോടു മുഖംതിരിക്കുന്നത് അവിടെ അപചയം സംഭവിക്കുമെന്ന് സുഭാഷ് ചന്ദ്രന്. പത്മപ്രഭാ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്രവര്‍ത്തകരെ തിരുത്താനും നേര്‍വഴി കാണിക്കാനും എഴുത്തുകാര്‍ ഉണ്ടായിരുന്ന മഹത്തായ ഭൂതകാലം എല്ലായിടത്തും ഉണ്ടായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയനേതാക്കള്‍ വാക്കിന്റെ പൊരുളറിയാതെയാണു സംസാരിക്കുന്നത്. ശൈലികള്‍ ആവര്‍ത്തിക്കുകയാണ്.
പുതിയ പ്രയോഗങ്ങള്‍ ഉപയോഗിച്ച് ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള സര്‍ഗാത്മകത നഷ്ടമാവുകയാണ്. സമൂഹത്തിന്റെ മേന്മയെക്കുറിച്ചുള്ള സ്വപ്നത്തെ നിവര്‍ത്തിക്കുന്നതിന് രാഷ്ട്രീയത്തിലും സര്‍ഗാത്മകത ആവശ്യമുണ്ട്.
കല്പനയെന്ന വാക്കുനോക്കുക, ഒരേസമയം രാജശാസനമെന്ന അര്‍ഥവും കവിഭാവനയെന്ന അര്‍ഥവും ആ വാക്കിനുണ്ട്. പ്രത്യക്ഷത്തില്‍ വിഭിന്നമെന്നു തോന്നുമെങ്കിലും അധികാരത്തിന്റെ ഉയരത്തില്‍ നില്ക്കാന് എഴുത്തുകാരന്റെ സര്‍ഗാത്മകതയ്ക്കു സാധിക്കും. അതിന് കെല്പുണ്ടായിരുന്നു പത്മപ്രഭാഗൗഡര്ക്ക്.
അതിസമ്പന്നതയില്‍ ജനിച്ചിട്ടും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു. 'പ്രവാഹം' എന്നപേരില്‍ അദ്ദേഹം കോഴിക്കോട്ടുനിന്ന് ആഴ്ചപ്പതിപ്പ് പുറത്തിറക്കി. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്ത്തിക്കാനെത്തുമ്പോള് അദ്ദേഹത്തിന് ആ ആശയങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളാനാകുമെന്ന ആശയക്കുഴപ്പമുണ്ടായിരുന്നു പ്രവര്‍ത്തകര്‍ക്ക്. അതിനെ അദ്ദേഹം മറികടന്നു. ഏറ്റവും മികച്ച ഒരു രാഷ്ട്രീയനേതാവിന്റെ പേരിലുള്ള പുരസ്കാരം ഭാഷയിലെ പ്രധാന എഴുത്തുകാര്‍ക്ക് നല്കുന്നതുതന്നെ അധികശോഭ നല്‍കുന്നതാണ്.
പദ്മപുരസ്കാരങ്ങള്‍ എന്നപേരില്‍ ഇന്ത്യ മഹനീയര്ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, അവയുടെ മാനദണ്ഡങ്ങള്‍ മാറിവരുന്നു. ബാബാ രാംദേവിനും ജഗ്ഗിവാസുദേവിനുമൊക്കെ പദ്മവിഭൂഷന് നല്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന് പദ്മശ്രീയേ ലഭിച്ചുള്ളൂവെന്ന് ഓര്‍ക്കണം. ഇപ്പോള്‍ അതിനെക്കാള്‍ ധന്യതയും ഗുരുത്വവുമുള്ള പുരസ്കാരമായി കേരളത്തിന്റെ ഈ പദ്മപുരസ്കാരം മാറിയിട്ടുണ്ടെന്നും സുഭാഷ് ചന്ദ്രന് പറഞ്ഞു.
Content Highlights: Writer Subhash Chandran Speech Padmaprabha literary award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..