ഫോട്ടോ : മധുരാജ് (മാതൃഭൂമി)
ഇന്ന് ലോകനാടകദിനം. അരങ്ങിനുപുറത്തെ നാടകകാരന്മാരുടെ ജീവിതത്തിലേക്ക് സഞ്ചാരം നടത്തിയ ഭാനുപ്രകാശിന്റെ ജീവിതകാലങ്ങളെപ്പറ്റി...
നാടകകലാകാരന്മാരുടെ ജീവിതകഥകള്‍ തേടിയുള്ള ഭാനുപ്രകാശിന്റെ യാത്രയ്ക്ക് കാല്‍ നൂറ്റാണ്ട്. അരങ്ങിനെ ത്രസിപ്പിച്ച അഭിനയമികവിനെക്കാള്‍ ജീവിതത്തിന്റെ അരങ്ങില്‍ നാടകക്കാര്‍ അനുഭവിച്ച കണ്ണീരിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥകളാണ് ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ പകര്‍ത്തിവെച്ചതിലേറെയും.
അമ്പതുവര്‍ഷത്തെ അരങ്ങനുഭവങ്ങള്‍ക്ക് വിരാമമിട്ട് വൃദ്ധസദനത്തില്‍ അഭയംതേടിയ മെറ്റില്‍ഡ എന്ന നാടകനടിയുടെ നൊമ്പരകഥയും സാവിത്രി ശ്രീധരന്റെയും ബാലുശ്ശേരി സരസയുടെയും എല്‍സി സുകുമാരന്റെയും ഉഷാ ചന്ദ്രബാബുവിന്റെയും പിന്‍കര്‍ട്ടനു പിന്നിലെ ജീവിതമാണ് മുമ്പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത്' എന്ന ഭാനുപ്രകാശിന്റെ പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

നാടകനടനായി തുടങ്ങിയ ജീവിതത്തില്‍ നിന്നാണ് ഭാനുപ്രകാശ് ഒരു ട്വിസ്റ്റായി നാടക കലാകരന്മാരുടെ പച്ചയായ ജിവിതം പകത്താന്‍ തുടങ്ങിയത്. നാടകം ഭാനുപ്രകാശിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് സ്‌കൂള്‍ പഠനകാലത്താണ്. പിന്നീട് നല്ലൂര്‍ യങ് മെന്‍സ് ലൈബ്രറിയുടെയും 'സംസ്‌കാര'യുടെയും നാടകങ്ങളിലൂടെ നാടകനടനെന്ന നിലയില്‍ നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടു.
രാമന്‍ദൈവം, തീന്‍മുറിയിലെ ദുരന്തം, ജാലകം, താവളം, ദാഹം, പ്രതിസന്ധി, ഹൃദയം ആകാശമാക്കിയവര്‍, ചൂണ്ടുവിരലുകള്‍ ചോദിക്കുന്നത് തുടങ്ങി മുപ്പതിലേറെ നാടകങ്ങളില്‍ വേഷമിട്ടു. ഇതിനിടയിലാണ് നാടക കലാകാരന്മാരുടെ ജീവിതം പകര്‍ത്തണമെന്ന ചിന്തവരുന്നത്.
മധു, ബാലന്‍ കെ. നായര്‍, കെ.പി. ഉമ്മര്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, ജോസ് പ്രകാശ്, മുരളി, കെ.പി.എ.സി. ലളിത, നെടുമുടി വേണു, രാജന്‍ പി. ദേവ്, സുകുമാരി, കവിയൂര്‍ പൊന്നമ്മ, ശാന്താദേവി, നിലമ്പൂര്‍ ആയിഷ, മച്ചാട് വാസന്തി, കുട്ട്യേടത്തി വിലാസിനി തുടങ്ങിയ അഭിനയ പ്രതിഭകളുടെ അരങ്ങനുഭവങ്ങള്‍ ഭാനുപ്രകാശിലൂടെ വായനക്കാരിലേക്കെത്തി. കേരള സംഗീത നാടക അക്കാദമി മുഖമാസികയായ കേളിയുടെ വര്‍ക്കിങ് എഡിറ്ററായി പതിമ്മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. നടന്‍ മോഹന്‍ലാലിനെ കുറിച്ച് ഭാവദശരഥവും ഗുരുമുഖങ്ങളും എഴുതിയ ഭാനുപ്രകാശ് ഇപ്പോള്‍ മാതൃഭൂമി ബുക്‌സിനു വേണ്ടി ലാലിന്റെ ജീവചരിത്രമായ മുഖരാഗത്തിന്റെ പണിപ്പുരയിലാണ്.
പതിമ്മൂന്ന് വര്‍ഷം മുമ്പ് മാര്‍ച്ച് 24-ന് വൈകീട്ട് നാടകാചാര്യന്‍ കെ.ടി. മുഹമ്മന്റെ ഒരുചോദ്യം ഭാനുപ്രകാശ് വേദനയോടെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ ഇനിയും വെളിച്ചം കാണാത്ത 'ആത്മ നാടകം' എന്ന കൃതിയുടെ അഞ്ചുഭാഗങ്ങള്‍ എഴുതി കെ.ടി.ക്ക് നല്‍കി. എന്നാല്‍, നര്‍മരസത്തോടെ കെ.ടി. ചോദിച്ചു, 'ഈ പുസ്തകം മുഴുവന്‍ വായിക്കാന്‍ ഞാനുണ്ടാകുമോ...' അടുത്ത ദിവസം രാത്രി ഭാനുപ്രകാശിനെ തേടിയെത്തുന്നത് കെ.ടി.യുടെ മരണവാര്‍ത്തതയായിരുന്നു. ജിവിതത്തെയും ഒരു നാടകമായിട്ടാണ് കെ.ടി. കണ്ടിരുന്നതെന്ന് ഭാനുപ്രകാശ് പറയുന്നു. നാടക കലാകാരന്മാര്‍, പ്രത്യേകിച്ചും നടികള്‍ അനുഭിക്കുന്ന ദുരിതങ്ങള്‍ കേരളത്തില്‍ മറ്റൊരു കലാരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്നില്ല എന്ന് ഭാനുപ്രകാശ് പറയുന്നു.
Content highlights : writer bhanuprakash drama experiences and writings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..