ഡോ. മുത്തലപുരം മോഹൻദാസ്
കൂത്താട്ടുകുളം: ബാല സാഹിത്യകാരനും കവിയും ഗാനരചയിതാവും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഡോ. മുത്തലപുരം മോഹന്‍ദാസ് (67) അന്തരിച്ചു. ഇലഞ്ഞി മുത്തലപുരം കൂരാപ്പിള്ളില്‍ കുടുംബാംഗമാണ്. കുടുംബത്തോടൊപ്പം, ഓസ്‌ട്രേലിയയിലുള്ള മകനെ സന്ദര്‍ശിക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരണം. അവിടെ നാട്ടുകാരനായ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നാലുദിവസം ചികിത്സിച്ചു.
എം.ജി. സര്‍വകലാശാലയില്‍ ലക്ചറര്‍ ആയി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ തൊടുപുഴ ഡയറ്റില്‍ സീനിയര്‍ ലക്ചറര്‍ ആയിട്ടാണ് വിരമിച്ചത്.
40 വര്‍ഷത്തോളമായി ബാല പ്രസിദ്ധീകരണങ്ങളില്‍ കുട്ടിക്കവിതകള്‍ എഴുതിവരുന്നു. മോഹന്‍ദാസിന്റെ പരിസ്ഥിതി ഫോട്ടോകള്‍ പ്രദര്‍ശനങ്ങളില്‍ ശ്രദ്ധേയമായി. 'പക്ഷികള്‍ക്കായ് ഇത്തിരി വെള്ളം വച്ചൂടെ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രം മാതൃഭൂമി സീഡ് കുട്ടികള്‍ ഏറ്റെടുത്ത് വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് വെള്ളം പാത്രങ്ങളില്‍ ഒരുക്കിവെക്കുന്ന മികച്ച പ്രവര്‍ത്തനമാക്കി മാറ്റി.
ചങ്ങമ്പുഴയുടെ രമണന്‍ സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റം നടത്തി വേദിയിലെത്തിച്ചിട്ടുണ്ട്. 'മധുഭാഷിതം' സംസ്‌കൃത ചലച്ചിത്രത്തിനു വേണ്ടി ഗാന രചന നടത്തി. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചനയിലും ആവിഷ്‌കാരത്തിലും പങ്കാളിയായി. 'ഓടി വാ തുമ്പി' എന്ന പേരില്‍ കവിതാ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന പാഠപുസ്തക സമിതിയില്‍ അംഗമായിരുന്നിട്ടുണ്ട്.
കുറച്ചുനാളുകളായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവരണങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. മുത്തലപുരം കൂരാപ്പിള്ളില്‍ കൃഷ്ണന്‍ നായരുടെയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: തുളസി പിഷാരസ്യാര്‍ (റിട്ട. ഉദ്യോഗസ്ഥ എച്ച്.എന്‍.എല്‍. വെള്ളൂര്‍). മക്കള്‍: ചന്തു മോഹന്‍ (സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍), ദേവു മോഹന്‍ (സിവില്‍ എന്‍ജിനീയര്‍ ഓസ്ട്രേലിയ), മരുമക്കള്‍: ശ്രീലക്ഷ്മി (കൊടകര), മനു രവീന്ദ്രന്‍ (എന്‍ജിനീയര്‍ ഓസ്‌ട്രേലിയ). സംസ്‌കാരം പിന്നീട്.
Content Highlights: Writer and Sanskrit scholar Dr. Muthalapuram Mohandas, Ernakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..