വർക്ക്‌ഷോപ്പ് പണിക്കിടെ പ്രസാദ് വി.മോഹൻ
പത്തനംതിട്ട: പുത്തന്‍പീടിക ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ കാര്‍ എന്ന ഫോര്‍ വീലര്‍ ബോഡി വര്‍ക്ക് ഷോപ്പില്‍ കഴിഞ്ഞ നാലുവര്‍ഷമായി സ്‌പെഷ്യലിസ്റ്റ് സ്‌പ്രേ പെയിന്റിങ് തൊഴിലാളിയാണ് കോന്നി കോക്കാത്തോടുകാരനായ പ്രസാദ് വി.മോഹന്‍. എന്നാല്‍ അതിലുപരി ഒരുപാട് ആരാധകരുള്ള കവി കൂടിയാണ് ഇദ്ദേഹം.
അച്ഛന്‍ ബീഡി തെറുത്ത് കിട്ടുന്ന തുകകൊണ്ട് മാത്രം ആറംഗ കുടുംബത്തിന്റെ പട്ടിണിമാറില്ലെന്ന തിരിച്ചറിവില്‍ പത്താം ക്‌ളാസില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു പ്രസാദിന്. എങ്കിലും എന്നും കൂടെക്കൂട്ടിയ വായനയുടെയും കവിതയുടെയും ലോകം വര്‍ക്ക് ഷോപ്പ് ജീവിതത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്ക് കവിതയുടെ മധുരം നല്‍കി. കവിത തുളുമ്പുന്ന ഭക്തിഗാനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച അമ്മയെ ഗുരുവായി കണ്ടാണ് പ്രസാദ് എഴുതിത്തുടങ്ങുന്നത്. ആദ്യ കവിത ''പാപമുക്തി'' പതിനെട്ടാം വയസ്സില്‍ പ്രസിദ്ധീകൃതമായി. ''അനാവരണം'', ''രണ്ടിപ്പ'' എന്നിവ കവിതകളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വര്‍ക്ക് ഷോപ്പ് പണിക്കിടെ കാവ്യസദസ്സുകളില്‍ പങ്കെടുക്കാനൊന്നും സമയം കിട്ടില്ലെന്ന് പരിഭവമുണ്ടെങ്കിലും പണിക്കിടെ സ്വയം എഴുതിയ കവിതകളും ഒ.എന്‍.വിയുടെയും, കുഞ്ഞുണ്ണിമാഷിന്റെയുമെല്ലാം കവിതകളും ചൊല്ലി സഹപ്രവര്‍ത്തകരെ രസിപ്പിക്കും. അതുവഴി തൊഴിലിന്റെ ആയാസം കുറയ്ക്കാനും ശ്രമിക്കാറുണ്ട്.
മൂലൂര്‍ സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയനേട്ടമായി കരുതുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ജീവിതഭാഷയിലാണ് പ്രസാദിന്റെ കവിതകള്‍ വിരിഞ്ഞത്. കഠിനമായ വര്‍ക്ക് ഷോപ്പ് പണിക്കിടയിലും എങ്ങനെ ഒരു മനുഷ്യന്‍ ജീവിതത്തെ ഇത്ര ഉള്‍ക്കാഴ്ചയോടെ കാണാന്‍ കഴിയുന്നു എന്ന ചോദ്യം ആ വരികള്‍ക്കിടയില്‍ ബാക്കിയാകുന്നു.
പതിനാറാം വയസ്സില്‍ വണ്ടി പെയിന്റിങ്ങും ഹെഡ് ലൈറ്റിന്റെ പണിയും പഠിക്കുന്നത് അമ്മാവന്റെ ശിക്ഷണത്തിലാണ്. പത്ത് വര്‍ഷത്തോളം നാട്ടില്‍ പലയിടത്തായി ജോലി നോക്കി. ഇതിനിടയില്‍ വിവാഹം. ഖത്തറില്‍ ഒരു മലയാളി സുഹൃത്ത് നടത്തുന്ന വര്‍ക്ക് ഷോപ്പ് ജോലി നോക്കി ഒരു പതിറ്റാണ്ട് നീളുന്ന പ്രവാസം.
ശേഷം വീണ്ടും നാട്ടിലേക്ക്. നിലവില്‍ അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രവാസത്തിന്റെയും സമകാലീന ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുള്ള ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസാദ്.
Content Highlights : workshop employee Prasad V Mohan writes poems
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..