സി. രാധാകൃഷ്ണൻ
തിരുവനന്തപുരം: പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വൈഷ്ണവം ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന് നല്‍കാന്‍ തീരുമാനിച്ചു. 1,11,111/ (ഒരുലക്ഷത്തി പതിനോരായിരത്തി ഒരുനൂറ്റിപ്പതിനൊന്ന്) രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം കവിയുടെ ജന്മദിനമായ ജൂണ്‍ 2ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, പ്രൊഫ. ടി. പി. ശങ്കരന്‍കുട്ടി നായര്‍, ട്രസ്റ്റ് പ്രസിഡന്റ് പ്രഭാ വര്‍മ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
'നിഴല്‍പ്പാടുകള്‍', 'മുന്‍പേ പറക്കുന്ന പക്ഷികള്‍', 'തീക്കടല്‍ കടഞ്ഞ് തിരുമധുരം', 'വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍' തുടങ്ങി നിരവധി നോവലുകളിലൂടെ നമ്മോടൊപ്പം സഞ്ചരിച്ച്, പതിറ്റാണ്ടുകളായി സി. രാധാകൃഷ്ന്‍ എന്ന പ്രതിഭ, മലയാള മനസ്സിന്റെ സ്പന്ദമാപിനിയായി നിന്നു എന്നും, നിസര്‍ഗ്ഗസുന്ദരമായ ആഖ്യാനശൈലിയും, ഭാവനയുടെ സൗന്ദര്യദീപ്തിയും സമന്വയിപ്പിച്ച ആ കഥാലോകം കേരളീയ സംസ്‌കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പായി ചരിത്രത്തില്‍ രേഖപ്പെടുത്തും എന്നും ജൂറി വിലയിരുത്തി.
പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വൈഷ്ണവം ട്രസ്റ്റ് തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രഭാ വര്‍മ്മ പ്രസിഡന്റും, ഡോ. ആര്‍. അജയ് കുമാര്‍ ജനറല്‍ സെക്രട്ടറിയും, ഡോ. എന്‍. അദിതി വൈസ് പ്രസിഡന്റും, ഡോ. ശ്രീവത്സന്‍ നമ്പൂതിരി ട്രഷററും ആയ ട്രസ്റ്റ്, കവിയുടെ ജന്മദിനമായ ജൂണ്‍ 2ന് തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് പുരസ്‌കാരസമര്‍പ്പണവും, വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളെ കുറിച്ചുള്ള സെമിനാറും, അനുസ്മരണ പ്രഭാഷണവും നടത്തും.
Content Highlights: vyshnavam award goes to c radhakrishnan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..