1. 1959 ഏപ്രിലിൽ ഇറങ്ങിയ മാതൃഭൂമി വീക്കിലിയുടെ കവർ ചിത്രത്തിൽ വിജയലക്ഷ്മി ടീച്ചർ. 2. വിജയലക്ഷ്മി ടീച്ചറും ഭർത്താവ് പ്രൊഫ ടി ബാലകൃഷ്ണൻ നായരും
ബുധനാഴ്ച പത്രത്തിലെ ചരമക്കോളത്തില്‍ വിജയലക്ഷ്മി ടീച്ചറുടെ മരണവാര്‍ത്ത ശിഷ്യരെല്ലാം വേദനയോടെയാണ് വായിച്ചത്. കാരണം രാമനാട്ടുകര ഹൈസ്ക്കൂളില്‍, ആ കണക്ക് ക്ളാസില്‍ ഇരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തങ്കമണി ടീച്ചര്‍ എന്ന എള്ളാത്ത് വിജയലക്ഷ്മിടീച്ചര്‍ അത്രപ്രിയപ്പെട്ട അധ്യാപികയായിരുന്നു. അവര്‍ക്ക് ഗണിതം മധുരമാക്കിയ ഗുരു.
ശിഷ്യര്‍ ഗ്രൂപ്പുകളില്‍ പങ്കുവെച്ച ഒരു ചിത്രം ആ ഓര്‍മ്മകള്‍ക്കുള്ള നിത്യ സ്മാരകമാണ്. 1959 ഏപ്രിലില്‍ ഇറങ്ങിയ മാതൃഭൂമി വീക്കിലിയുടെ കവര്‍ ചിത്രം. വിജയലക്ഷ്മി ടീച്ചര്‍ മീഞ്ചന്ത രാമകൃഷ്ണ മിഷന് സ്കൂളില്‍ പഠിക്കുമ്പോള്‍ ശാരദാ മന്ദിരം ഹോസ്റ്റലില്‍ വെച്ച് എടുത്ത ഫോട്ടോ. ഫോര്‍ത്ത് ഫോറത്തിലെ (ഇന്നത്തെ ഒന്‍പതാം ക്ലാസ്) പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ അന്നത്തെ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ വന്ന് എടുത്ത ചിത്രമാണിതെന്ന് വിജയലക്ഷ്മി ടീച്ചറുടെ ബന്ധുവും ശിഷ്യനുമായ സത്യന് നീലാട്ട് പറഞ്ഞു.
അന്ന് ക്ളാസ്സ് എടുക്കുമ്പോള്‍ ബോര്‍ഡില്‍ ടീച്ചര്‍ എഴുതി വെക്കുന്നത് മനോഹരമായ കൈപ്പടയിലായിരുന്നു. തുടര്‍ന്ന് വരുന്ന അധ്യാപകര്‍ പലപ്പോഴും അതിന്റെ ഭംഗി കണ്ട് മായ്ച്ച് കളയാന്‍ മടിക്കുമായിരുന്നു. വളരെ സൗമ്യയും സ്നേഹമയിയുമായിരുന്നു ടീച്ചര്‍. ശിഷ്യര്‍ ഓര്‍ക്കുന്നു. ഫാറൂഖ് കോളേജ് ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവിയായിരുന്ന പ്രൊഫ ടി ബാലകൃഷ്ണന് നായരുടെ ഭാര്യയാണ് ടീച്ചര്‍. രാമനാട്ടുകര ഹൈസ്ക്കൂളില്‍ ഹെഡ്മിസ്ട്രസ് ആയാണ് വിരമിച്ചത്.
സാമൂഹിക വിഷയങ്ങളിലും നിരന്തരം ഇടപെടുമായിരുന്ന വിജയലക്ഷ്മി ടീച്ചര്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്യാനും മുന്‍പന്തിയിലുണ്ടായിരുന്നു. താമസിക്കാന്‍ ഇടമില്ലാതിരുന്ന ഒരു വിധവയായ സ്ത്രീക്ക് ടീച്ചര്‍ 21 ലക്ഷം രൂപ ചിലവഴിച്ച് സ്ഥലം വാങ്ങി വീട് വെച്ച് നല്‍കിയിരുന്നു.
Content Highlights: Vijayalakshmi teacher Mathrubhumi weekly cover
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..