സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായരെ കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര' യിലെത്തി സി. രാധാകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ. ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. നെടുമുടി ഹരികുമാർ, ശ്രീമൂലനഗരം മോഹൻ എന്നിവർ സമീപം.
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരെ ഷാളണിയിച്ചു കഴിഞ്ഞാണ് ആ സ്വകാര്യം സി. രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്-കേന്ദ്രസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി തന്നെ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത. ആദ്യമായാണ് ഇത് പുറത്ത് പറയുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം എം.ടി. യുമായി വിവരം പങ്കിട്ടത്. മന്ദഹാസപൂര്‍വം അത് കേട്ട എം.ടി., സി. രാധാകൃഷ്ണന്റെ കൈത്തലം ഒന്നുകൂടി അമര്‍ത്തി; അഭിനന്ദനഭാവത്തില്‍.
സമസ്തകേരള സാഹിത്യപരിഷത്ത് ഭാരവാഹികള്‍ എം.ടി.യെ ആദരിക്കാനായി അദ്ദേഹത്തിന്റെ വീടായ നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിലെത്തിയപ്പോഴായിരുന്നു ഈ രംഗം. പരിഷത്തിന്റെ പ്രസിഡന്റായ സി. രാധാകൃഷ്ണന്‍ എം.ടി.യെ ഷാളണിയിക്കുകയും ബൊക്കെ നല്‍കുകയും ചെയ്തശേഷം കുശലപ്രശ്‌നങ്ങളുടെ കൂട്ടത്തിലാണ് സന്തോഷവാര്‍ത്ത പങ്കിട്ടത്.
വൈസ് പ്രസിഡന്റാവുകയാണെങ്കില്‍ അതൊരു മധുരപ്രതികാരമാകുമെന്നും കൂട്ടിച്ചേര്‍ത്തു സി. രാധാകൃഷ്ണന്‍. ആ പദവിയിലേക്ക് പണ്ട് മത്സരിച്ച എം.ടി.യെ ചിലരൊക്കെക്കൂടി തോല്‍പ്പിച്ച കാര്യം ഓര്‍മിപ്പിച്ചായിരുന്നു ആ വാക്കുകള്‍. മാര്‍ച്ച് 11-ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഇതുവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി. രാധാകൃഷ്ണന്റേതല്ലാതെ മറ്റൊരു പേരും ഉയര്‍ന്നിട്ടില്ല. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആ പദവിയിലെത്തുന്ന ആദ്യമലയാളിയാവും അദ്ദേഹം.
ഹിന്ദി കവിയായ മാധവ് കൗശിക്കായിരുന്നു കഴിഞ്ഞ വൈസ് പ്രസിഡന്റ്. ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അദ്ദേഹത്തിന് ഒരെതിരാളിയുണ്ട്.
ആരോഗ്യസ്ഥിതിയും യാത്രകളും തകഴിയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കായി ഏഴെട്ടുനാള്‍ പണ്ട് എം.ടി. ശങ്കരമംഗലത്ത് ചെന്നു താമസിച്ചതുമൊക്കെ ചര്‍ച്ചയിലെത്തി. ദീര്‍ഘയാത്രകള്‍ കുറവാണെങ്കിലും തിരുവനന്തപുരത്തേക്ക് പോകുന്നുണ്ടെന്ന് എം.ടി. പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാനുള്ള യാത്രയെക്കുറിച്ചായിരുന്നു ആ വാക്കുകള്‍. പരിഷത്തുമായി നേരത്തേ മുതലുള്ള അടുപ്പവും ഓര്‍മയിലെത്തി. വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഇനിയൊരിക്കല്‍ വരണമെന്ന ഭാരവാഹികളുടെ അഭ്യര്‍ഥനയ്ക്ക് ചിരിച്ചുകൊണ്ട് സമ്മതഭാവത്തില്‍ തലയാട്ടല്‍.
പരിഷത്ത് ജനറല്‍ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാര്‍, വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, ട്രഷറര്‍ പി.യു. അമീര്‍, ഡോ. കെ. ശ്രീകുമാര്‍, നിര്‍വാഹക സമിതി അംഗങ്ങളായ വി.വി. പ്രഭാകരന്‍, എം.കെ. ശശീന്ദ്രന്‍, കെ.എ. സെബാസ്റ്റ്യന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Content Highlights: Kendra Sahithya Academy, M T Vasudevan Nair, C Radhakrishnan, Kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..