ചടങ്ങിൽനിന്ന്.
കോഴിക്കോട്: പ്രശസ്ത വിവര്‍ത്തകനും എഴുത്തുകാരനും ധിഷണാശാലിയുമായിരുന്ന വി. അബ്ദുള്ളയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വിവര്‍ത്തനപുരസ്‌കാരം ജയശ്രീ കളത്തിലിന് വേണ്ടി സഹോദരി ശ്രീജ കളത്തില്‍ എം.ടി. വാസുദേവന്‍ നായരില്‍ നിന്നും ഏറ്റുവാങ്ങി. ശ്രദ്ധേയമായ ഒരു കൃതി തിരഞ്ഞെടുത്ത് പുരസ്‌കാരം സമ്മാനിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
'വി.അബ്ദുള്ളയുമായി ദീര്‍ഘകാല ബന്ധമുണ്ട്. ചെറുപ്പകാലത്ത് ഞാന്‍ കോഴിക്കോടെത്തിയപ്പോള്‍മുതലുള്ള ബന്ധമാണ്. തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കലാസമിതി പ്രവര്‍ത്തനങ്ങളിലും നാടക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കുറച്ചുകാലം സിനിമയില്‍ പ്രവര്‍ത്തിച്ചു. സിനിമ അദ്ദഹത്തിന്റെ ഇഷ്ട മേഖലയായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചില പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു.
"ബഷീറിനെപ്പോലുള്ളയാളുകളുടെ കൃതികള്‍ ഇംഗ്ലീഷില്‍ വരേണ്ടതിന്റെ ആവശ്യകത ആഷറിനെ പറഞ്ഞു ബോധിപ്പിച്ച് നിര്‍ബന്ധിച്ച് നടത്തിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പേരിലുളള പുരസ്‌കാരം നേടിയ വിവര്‍ത്തകയ്ക്ക് ആശംസകള്‍ നേരുന്നു. കൂടുതല്‍ കൃതികള്‍ വിവര്‍ത്തനം ചെയ്യാന്‍ ഇത് ഊര്‍ജമാണ്. വി. അബ്ദുള്ളയുടെ പേരിലുള്ള വിവര്‍ത്തന പുരസ്‌കാരം ഈ അവസരത്തില്‍ ഇവിടെവെച്ച് നല്‍കാന്‍ എനിക്കുകഴിഞ്ഞതില്‍ വളരെയധികം കൃതാര്‍ഥതയുണ്ട്." -പുരസ്‌കാരം സമ്മാനിച്ചു കൊണ്ട് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് മലയാളസാഹിത്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതില്‍ ജയശ്രീ കളത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചതെന്ന് ഡോ. സി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
"ടാഗോര്‍ വിശ്വകവിയായി മാറിയത്, യേറ്റ്‌സ് അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ലോകവായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തതുകൊണ്ടാണ്. മലയാളം മറ്റുള്ള ഭാഷകളെ എപ്പോഴും സ്വീകരിക്കുകയും മലയാളത്തിലെ കൃതികള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം അര്‍ഹിക്കപ്പെടുന്ന രീതിയില്‍ നിര്‍വഹിക്കപ്പെടാതിരിക്കുകയും ചെയ്തിരുന്ന കാലത്താണ് വി.അബ്ദുള്ള ശ്രദ്ധേയമായ കൃതികളെ വിവര്‍ത്തനം ചെയ്തത്. തന്റെ മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു"- ഡോ.സി. രാജേന്ദ്രന്‍ പറഞ്ഞു.
വി.അബ്ദുള്ള അനുസ്മരണ പ്രഭാഷണം ഡോ. എം.എം. ബഷീര്‍ നടത്തി. ഷീല ടോമി എഴുതിയ 'വല്ലി' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ജയശ്രീ കളത്തിലിനെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. ഉമ്മി അബ്ദുള്ള, ലൈല അബ്ദുള്ള, ഡോ. ആശാ മുഹമ്മദ്, നാസ്‌നിന്‍ ജലാലുദീന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Content Highlights: V. Abdulla award for translation, Kozhikode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..