വി.ആർ സുധീഷ്
കോഴിക്കോട്: സാഹിത്യകാരന് വി ആര് സുധീഷിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ അപവാദപ്രചചരണം നടത്തി എന്ന ആരോപണത്തില്‍ യുവപ്രസാധകയായ എം.എ ഷഹനാസിന് വക്കീല്‍ നോട്ടീസ്. തെറ്റായ ആരോപണങ്ങള്‍ പിന്‍വലിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ 15 ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. 25 ലക്ഷം രൂപ മാനനഷ്ടമായി നല്‍കണമെന്നും അഡ്വക്കേറ്റ് പി രാജേഷ് കുമാര്‍ മുഖേന നല്കിയ വക്കീല്‍ നോട്ടീസില്‍ വി. ആര് സുധീഷ് ആവശ്യപ്പെടുന്നു. ഇരുആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കില്‍ യുവ പ്രസാധകക്കെതിരെ സിവില്‍ ആയും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വി ആര് സുധീഷ് അറിയിച്ചു. ''നാലു പതിറ്റാണ്ടായി സാംസ്കാരിക സാഹിത്യ സാമൂഹിക മേഖലകളില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിയാണ് താന്‍. 'അല്ലിയാമ്പല്‍ കടവ്' എന്ന തന്റെ പുസ്തകത്തിന്റെ റോയല്‍റ്റി എഗ്രിമെന്റ് വേണമെന്ന് യുവപ്രസാധകയോട് ആവശ്യപ്പെട്ടതാണ് അപവാദ പ്രചാരണത്തിന് കാരണം. പ്രസാധകയുടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണങ്ങള്‍ കണ്ട് മുതിര്‍ന്ന എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള നിരവധിപ്പേര്‍ തന്നെ വിളിച്ചിരുന്നു. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കി''. - നോട്ടീസില്‍ വി. ആര് സുധീഷ് പറയുന്നു.
ഭീഷണിപ്പെടുത്തല്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എം.എ ഷഹനാസിന്റെ പരാതിയില്‍ വി. ആര് സുധീഷിനെതിരായി ഉണ്ടായിരുന്നത്. ''പുസ്തകം പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടുകൊണ്ട് നിരന്തരം വിളിച്ചതിനാലാണ് പുസ്തകം അവര്‍ക്ക് കൊടുത്തത്. പുസ്തകം പ്രസാധക വിറ്റഴിക്കുകയും യാതൊരു എഗ്രിമെന്റോ പ്രതിഫലമോ തരികയും ചെയ്തില്ല. അതില്‍ പ്രതിഷേധിച്ചാണ് അവര്‍ക്കെതിരെ പോസ്റ്റിട്ടത്. അതില്‍ വൈരാഗ്യം കാണിച്ചുകൊണ്ട് അവര്‍ കേസ് കൊടുത്തു. കുറേ ഞാന്‍ സഹിച്ചു. എല്ലാ ചാനലുകളിലും കയറി അവര്‍ എന്നെപ്പറ്റി നിരവധി കള്ളക്കഥകള്‍ പറഞ്ഞു. ഒരു ചാനലില്‍ പറയുന്നതല്ല, മറ്റൊരു ചാനലില്‍ പറയുന്ന കഥ. ഈ സാഹചര്യത്തിലാണ് കേസ് കൊടുക്കാന്‍ നിര്‍ബന്ധിതനാവുന്നത്.
ഞാന്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് അവര്‍ പറയുന്നത്. സത്യത്തില്‍ ഞാനല്ല, അവരാണ് അപമാനിച്ചത്. എനിക്കൊരു മകളാണ്. എന്റെ മകള്‍ക്ക് അമ്മയുണ്ട്. അവരെപ്പോലും അപമാനിച്ചു. അവരോട് ഞാന്‍ സ്ത്രീവിരുദ്ധമായി പെരുമാറി എന്നാണ് ഷഹനാസ് പറയുന്നത്. ഈ കേസിലെ ആദ്യത്തെ പ്രധാനപ്പെട്ട സാക്ഷി അവരായിരിക്കും. എന്റെ മകളും അവളുടെ അമ്മയും സാക്ഷികളായിരിക്കും. എന്റെ മകളുടെ അമ്മ ചോദിച്ചത് എന്തു സ്ത്രീവിരുദ്ധതയാണ് നിങ്ങള്‍ എന്നോട് കാണിച്ചത് എന്നാണ്. ഇത് ആരോപിക്കാന്‍ ഷഹനാസ് ആരാണ് എന്നാണ് അവരുടെ ചോദ്യം. ഇതൊന്നും അനുവദിച്ചുകൊടുക്കാന്‍ ഇനി ഞാന്‍ തയ്യാറല്ല.''- വി.ആര് സുധീഷ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..