ചിത്രങ്ങൾക്ക് കടപ്പാട്: ആമസോൺ
വാഷിങ്ടണ്‍: ടെന്നീസിയിലെ മാക് മിന്‍ കൗണ്ടി ബോര്‍ഡ് ഓഫ് സ്‌കൂള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത് തങ്ങളുടെ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്നും ഒരു നോവല്‍ പിന്‍വലിച്ചതിന്റെ പേരിലാണ്. 1986-ലെ പുലിറ്റ്‌സര്‍ പ്രൈസ് നേടിയ വിഖ്യാത ഗ്രാഫിക് നോവലായ 'മൗസ്' ആണ് സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ വായനയില്‍ നിന്നും വിലക്കിയിരിക്കുന്നത്. ജര്‍മനി നാസിപ്പടകള്‍ ജൂതവംശജരെ കൊന്നൊടുക്കിയ കാലത്ത് രൂപം കൊണ്ട ഹോളോകോസ്റ്റ് സാഹിത്യവിഭാഗത്തില്‍ പെടുന്ന പുസ്തകമായതിനാലാണ് തന്റെ നോവലിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മൗസിന്റെ സ്രഷ്ടാവായ ആര്‍ട് സ്പീഗെല്‍മാന്‍ ആരോപിച്ചു. ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് ദിനത്തില്‍ത്തന്നെ അപ്രതീക്ഷിതമായി ഇത്തരം വാര്‍ത്ത കേള്‍ക്കേണ്ടി വന്നതില്‍ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സൃഷ്ടി തികച്ചും അപരിഷ്‌കൃതമായ ഭാഷയാല്‍ നിര്‍മിതമാണെന്ന വാദമുന്നയിച്ചുകൊണ്ടാണ് അധികൃതര്‍ നോവല്‍ വിലക്കിയിരിക്കുന്നത്. തീര്‍ത്തും അന്ധമായ തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാഫിക് നോവല്‍ വിലക്കിയതായി അറിയിപ്പ് ലഭിച്ചത് ജനുവരി പത്തിനാണ്. അതിനു പിന്നാലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് നിരവധി സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും നോവലിസ്റ്റിന് പിന്തുണയുമായി അണിനിരന്നു.
അമേരിക്കന്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പരമ്പരാഗത വീക്ഷണങ്ങള്‍ക്ക് കോട്ടം തട്ടാതെ എന്നാല്‍ ആഫ്രിക്കന്‍ അമേരിക്കന്‍, എല്‍ജിബിടിക്യു യുവാക്കള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വീക്ഷണകോണുകളില്‍ നിന്ന് ബദലുകള്‍ വാഗ്ദാനം ചെയ്യുന്ന കൃതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സ്‌കൂള്‍ ലൈബ്രറികളില്‍ ആക്ഷേപകരമെന്ന് തോന്നുന്ന പുസ്തകങ്ങള്‍ ശുദ്ധീകരിക്കാന്‍ യാഥാസ്ഥിതികര്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുളള ഏറ്റവും പുതിയ വിവാദമാണിത്.
പോളിഷ് ജൂതവംശജനായ തന്റെ പിതാവ് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ അനുഭവിച്ച യാതനകളെ സീരിയലൈസ് ചെയ്തുകൊണ്ടാണ് സ്പീഗെല്‍മാന്‍ മൗസ് എന്ന ഗ്രാഫിക് നോവല്‍ സൃഷ്ടിച്ചത്.
ജൂതന്മാരെ എലികളായും ജര്‍മന്‍കാരെ പൂച്ചകളായും കഥാപാത്രങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ ഗ്രാഫിക് നോവല്‍ പുലിറ്റ്‌സര്‍ കൂടാതെ നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. സെക്കണ്ടറി സ്‌കൂള്‍ തലങ്ങളില്‍ ഈ നോവല്‍ പഠിപ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതുമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ ജൂതന്മാരോട് ചെയ്തത് എന്തായിരുന്നു എന്നതിന്റെ ശക്തമായ ആഖ്യാനമായിട്ടാണ് മൗസിനെ സാഹിത്യലോകം വിലയിരുത്തിയിരിക്കുന്നത്.
നോവലിലെ അസഭ്യവാക്കുകള്‍ കാരണം കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിലക്കേര്‍പ്പെടുത്തിയത് എന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. തങ്ങളുടെ വിശദീകരണം ബലപ്പെടുത്താനായി എട്ടിലധികം അസഭ്യവാക്കുകള്‍ നോവലില്‍ നിന്നും ഉദ്ധരിച്ചുകൊണ്ടാണ് സ്‌കൂള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പരുക്കനും വിശദീകരിക്കാന്‍ പറ്റാത്തതുമായ ഭാഷയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പുസ്തകത്തില്‍ നിന്നും അത്തരം ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുമോ എന്നും അറിയേണ്ടതുണ്ടെന്നും സ്‌ക്ൂള്‍ അധികൃതര്‍ വ്യക്തമാക്കി.
വളര്‍ന്നുവരുന്ന കുട്ടികള്‍ ഹോളോകോസ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണെന്നും ഇതല്ലെങ്കില്‍ മറ്റൊരു പുസ്തകം തന്നെ നിര്‍ദ്ദേശിക്കപ്പെടണം എന്നുമായിരുന്നു രക്ഷിതാക്കളില്‍ ഒരു വിഭാഗത്തിന്റെ വാദം.
''ആളുകളെ തൂക്കിലേറ്റുന്നതും കുട്ടികളെ നിഷ്‌കരുണം വധിക്കുന്നതുമൊക്കെയാണ് ഇതില്‍ കാണിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസം എന്തിനാണ് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്? ഇത് ബുദ്ധിപരമോ ആരോഗ്യകരമോ ആയതല്ല'' -സ്‌കൂള്‍ ബോര്‍ഡ് അംഗമായ ടോണി അല്‍മാന്‍ പ്രതികരിച്ചതിങ്ങനെയാണ്.
പുസ്തകത്തിലെ മോശമെന്നു വ്യാഖാനിക്കുന്ന വാക്കുകളില്‍ മാത്രം തൂങ്ങിപ്പിടിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയില്‍ വിശ്വാസിക്കാന്‍ കഴിയുന്നില്ല എന്ന് എഴുത്തുകാരന്‍ പറഞ്ഞു. ജൂതര്‍ക്കുമേലുള്ള നാസി ക്രൂരതകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ള യു.എസ് ഹോളോകോസ്റ്റ് മ്യൂസിയവും സ്‌കൂള്‍ നടപടിയെ ശക്തമായ ഭാഷയില്‍ത്തന്നെ ചോദ്യം ചെയ്തിരിക്കയാണ്.
മൗസ്' പോലുള്ള പുസ്തകത്തിന്റെ സഹായത്തോടെ ഹോളോകോസ്റ്റിനെക്കുറിച്ചു പഠിപ്പിക്കുക എന്നത് കുട്ടികളെ കഴിഞ്ഞ കാലത്തെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കുവാനും വര്‍ത്തമാനകാല സമൂഹത്തില്‍ തങ്ങള്‍ക്കുള്ള പങ്കും ഉത്തരവാദിത്തവും എന്താണെന്ന് തിരിച്ചറിയുവാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുക എന്നാണ് യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം പ്രതികരിച്ചത്.
Content Highlights :US School Bans Pulitzer Prize Winning Holocaust Novel Maus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..