കോഴിക്കോട് പബ്ലിക്ക് ലൈബ്രറി
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരപദവി നേടാനുള്ള കോര്പ്പറേഷന് ശ്രമത്തിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള വിദഗ്ധരുമായി ചര്‍ച്ച നടത്തി. മേയര്‍ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
അടുത്തഘട്ടത്തില്‍ സാഹിത്യനഗര (സിറ്റി ഓഫ് ലിറ്ററേച്ചര്‍) ശൃംഖലയിലുള്ള പ്രാഗ് സര്‍വകലാശാലാ പ്രതിനിധികളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും. പ്രസാധകര്, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി പല മേഖലകളിലുള്ളവരെ ഉള്‍ക്കൊള്ളിച്ചായിരിക്കും 14ന് 2.30ന് യോഗം. കിലയുടെ സഹായത്തോടെയാണ് കോര്പ്പറേഷന് പ്രവര്‍ത്തനം.
പ്രാഗ് സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷക വിദ്യാര്‍ഥിനി ലുഡ്മില കൊളഷോവ കോഴിക്കോട്ടെത്തി ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നുണ്ട്. ഇതിനിടെ തന്നെ ചെറുതും വലുതുമായ 70 പ്രസാധകരെ കണ്ടെത്തി. പത്രസ്ഥാപനങ്ങള്‍, കോളേജുകള്‍, എഴുത്തുകാര്‍ എന്നിവരെയെല്ലാം കണ്ടു. ലൈബ്രറികള്‍, പുസ്തകക്കൂട്ടായ്മകളാല് എന്നിവയാലെല്ലാം സമ്പന്നമാണ് കോഴിക്കോടെന്ന് വ്യക്തമായതായി ലുഡ്മില പറഞ്ഞു. അയറിന് ആന്‍ ആന്റണി, നിഹാരിക എന്നിവരും ലുഡ്മിലയ്ക്കൊപ്പം ഗവേഷണത്തിലുണ്ട്.
കോഴിക്കോട്ടെ എഴുത്തുകാര്‍, സംഗീതംസംസ്കാരികം തുടങ്ങിയ മേഖലകള്‍, വീട്ടില്‍ത്തന്നെ ലൈബ്രറിയുള്ളവര്, കാലിക്കറ്റ് സര്‍വകലാശാലയുടെ ഇടപെടല്‍ തുടങ്ങി സാഹിത്യനഗരമെന്ന ആശയത്തിന് ഊന്നല്‍ നല്കുന്ന ഒരു സാഹിത്യമാപ്പ് കൂടി തയ്യാറാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. പുതിയകാലത്തിന്റെ സാധ്യതകള്‍, ഡിജിറ്റല്‍ ഇടങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കും. എഴുത്തുകാര്‍, മാധ്യമപ്രതിനിധികള്‍, ഡോക്ടര്‍, ആര്‍ക്കിടെക്ട്, അധ്യാപകര്‍, പ്രസാധകര് തുടങ്ങിയവരെല്ലാം അഭിപ്രായം പങ്കുവെച്ചു.
കോഴിക്കോടിന്റെ സാധ്യതകള്‍ മനസ്സിലാക്കാനും പഠിക്കാനും ഗവേഷണസംഘത്തെ തയ്യാറാക്കുന്നുണ്ട്. കോഴിക്കോടിന്റെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്നിവയിലൂന്നിയായിരിക്കും സാഹിത്യനഗരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുക. 2023ലാണ് കോഴിക്കോട് കോര്പ്പറേഷന് അപേക്ഷ നല്‍കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..