രാജീവേട്ടാ, നിങ്ങൾക്കു വേണ്ടി ഞാൻ ഇസ്താംബൂളിലേക്കു പോവും- വി.ഡി. സതീശൻ


അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി. രാജീവനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓർമ്മക്കുറിപ്പ്.

ടി.പി. രാജീവൻ, വി.ഡി. സതീശൻ

രണ്ടാഴ്ച മുൻപായിരുന്നു ആ ഫോൺ സംസാരം.
'നൈറ്റ് ഒഫ് ദി പ്‌ളേഗ് നീ കണ്ടോ, ഇറങ്ങിയിട്ടുണ്ടെങ്കിലും ബുക്ക് സ്റ്റോറിൽ എത്തീരിക്കാൻ വഴിയില്ല.'

പുസ്തകം ഓൺ ലൈനിൽ ഓർഡർ ചെയ്‌തെങ്കിലും കൈയ്യിലെത്തി വായിച്ചു തുടങ്ങാൻ നിങ്ങൾ കാത്തു നിന്നില്ലല്ലോ. ഇന്ന് നിങ്ങൾ കണ്ണാടിക്കൂട്ടിൽ ഉറങ്ങുമ്പോൾ പറയണമെന്നു തോന്നി. 'പുസ്തകം കൈവശമുണ്ട്, ഒപ്പം കൊണ്ടുപോകുന്നോ?''ഏതാനും വർഷം മുൻപ് ഒരു ട്രെയിൻ യാത്രയിലായിരുന്നു. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക്. കൂട്ടിന് ഓർഹാൻ പാമുക്കിന്റെ സ്‌നോ. തിരക്ക്, മടുപ്പ്, ഒറ്റപ്പെടൽ, ക്ഷീണം എല്ലാം ഒറ്റയടിക്ക് മാറ്റാൻ ഒന്നേയുള്ളൂ മാർഗം. നല്ലൊരു പുസ്തകക്കൂട്ട്. ട്രെയിനിൽ തിരക്കില്ല. ജനലോരത്തെ സീറ്റിലിരുന്ന് വായിച്ചുകൊണ്ടിരുന്നു. വണ്ടി കോഴിക്കോടും കടന്നതറിഞ്ഞില്ല. ഒരു ചായ വേണം. തലപൊക്കിയപ്പോൾ എതിരെ സീറ്റിൽ ഒരാൾ. മാതൃഭൂമി ആഴ്ചപ്പതിപ്പും കുറച്ച് പുസ്തകങ്ങളും സമീപം. കൈയ്യിലും ഉണ്ട് ഒന്ന്. തല പൊക്കാതെ വായന.

പുസ്തകം എന്തെന്നറിയാൻ ചെറിയൊരു കൗതുകം. ആൾ ശ്രദ്ധിക്കുന്നില്ല. വായനയിൽ മുഴുകിയിരിക്കുകയാണ്. ഒടുവിൽ ചായ വന്നപ്പോഴാണ് തല ഉയർത്തിയത്. ഞങ്ങൾ ചായ വാങ്ങി. അദ്ദേഹം ചിരിച്ചു. എന്താ പുസ്തകം ചോദ്യം വന്നു. പുസ്തകം നീട്ടി. പിന്നീട് പാമുക്കിലൂടെ, ടർക്കിയിലൂടെ, യൂറോപ്യൻ സാഹിത്യത്തിലൂടെ ആ വാക്കുകൾ ഒഴുകി. കേട്ടിരുന്നു. മഹത്തരമായ ഒരു ക്‌ളാസു പോലെ. ഒടുവിൽ വിദ്യാർഥിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞു. അധ്യാപകനും പേര് പറഞ്ഞു. ടി.പി. രാജീവൻ.

എന്തൊരു യാത്രയായിരുന്നു അത്. അറിവാഴങ്ങളിലൂടെ നർമത്തിലൂടെ അഗാധസങ്കടങ്ങളിലൂടെ നഷ്ടങ്ങളിലും ആശങ്കകളിലുമൂടെ രാഷ്ട്രീയത്തിന്റെ തീച്ചൂളകളിലൂടെ പിന്നെ വിക്കിന്റെ അനന്താകാശത്തിലൂടെ നിങ്ങളെന്നെ കൊണ്ടുപോയി. മണിക്കൂറുകൾ പോയതറിഞ്ഞില്ല. ഏറ്റവും ഭംഗിയുള്ള ഒരു ഗുരു-ശിഷ്യ കൂട്ടുകെട്ട് അങ്ങനെ തുടങ്ങി. തിരുവനന്തപുരം സെൻട്രലിൽ വണ്ടിയെത്തിയപ്പോൾ അദ്ദേഹത്തെ വിളിക്കാൻ ദിലീപേട്ടനെത്തി. ചിരകാല സുഹൃത്തുക്കൾ.

'ഞങ്ങൾ ഇസ്താംബൂളിലേക്ക് പോകുന്നു. പാമുക്കിനെ നേരിട്ടറിയാൻ, യൂറോപ്പിന്റെ വ്യത്യസ്ത മുഖം കാണാൻ.''

എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം ദിലീപേട്ടനോട് പറഞ്ഞു. ഇസ്താംബൂളിലേക്ക് യാത്ര പോകാൻ കാത്തുനിൽക്കാതെ നിങ്ങൾ പോയി. ഇനി പുസ്തകങ്ങളെ കുറിച്ച,് സ്വപ്നങ്ങളെ കുറിച്ച്, ഭാഷയെ കുറിച്ച്, സ്‌നേഹത്തെ കുറിച്ച്, രാഷ്ട്രീയത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ, ചോദ്യങ്ങൾ ഉന്നയിക്കാൻ, സംശയങ്ങൾ തീർക്കാൻ രാജീവേട്ടനില്ല.

നിങ്ങൾ ഇല്ല എന്നൊരവസ്ഥയില്ല. നിങ്ങൾ എഴുതിയ വാക്കുകൾ, നിങ്ങൾ പറഞ്ഞ കഥകൾ, നിങ്ങൾ പാടിയ കവിതകൾ എന്നും ഉണ്ടാകും.
നിങ്ങൾക്കു കൂടി വേണ്ടി ഞാൻ ഇസ്താംബൂളിലേക്ക് പോകും.
വിട പറയുന്നില്ല. എന്നും നിറഞ്ഞ സ്‌നേഹം, ആദരവ്.

Content Highlights: TP Rajeevan, VD Satheesan, Memoir


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented