-
ബിസ്കറ്റ് രാജാവ് എന്ന് ബിസിനസ്സുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന രാജൻ പിള്ള കേസിന് കാൽനൂറ്റാണ്ട് തികയുമ്പോൾ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് തിഹാർ ജയിൽ എക്സ് ലീഗൽ അഡൈ്വസർ സുനിൽ ഗുപ്ത. ഗുപ്ത തിഹാർ ജയിലിന്റെ ചുമതല വഹിക്കുന്ന കാലത്താണ് രാജൻപിള്ളയുടെ മരണവും തുടർന്നുള്ള ജുഡീഷ്യൽ അന്വേഷണങ്ങളും നടക്കുന്നത്.
തിഹാർ ജയിൽ ചരിത്രത്തിൽ ഏറെ കോലാഹലമുണ്ടാക്കിയ ദിനമാണ് 1995 ജൂലെ ഏഴ്. സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബ്രിട്ടാനിയ ബിസ്ക്കറ്റിന്റെ ഓഹരിയുടമ രാജൻ പിള്ള റിമാന്റിലിരിക്കേ തിഹാറിൽ വച്ച് മരണമടഞ്ഞു. വിശ്വാസവഞ്ചനയെക്കെതിരെ ബിസിനസ്സ് പങ്കാളികൊടുത്ത കേസിൽ സിങ്കപ്പൂർ പോലീസ് രാജൻ പിള്ളയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പിള്ള ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നത്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് ഡൽഹി പോലീസ് പിള്ളയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി റിമാന്റുചെയ്ത് തിഹാറിലേക്കയച്ചു.
തിഹാറിൽ പ്രവേശിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ രാജൻ പിള്ള കോടതിയിൽ പെറ്റീഷൻ നല്കി, അദ്ദേഹത്തിന് മതിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. കോടതി റിമാന്റുചെയ്ത് തിഹാറിലേക്കയക്കുമ്പോൾ മജിസ്ട്രേട്ട് പ്രത്യേകം ഉത്തരവിട്ടിരുന്നു, രാജൻ പിള്ളയ്ക്ക് മതിയായ വൈദ്യസഹായം ആവശ്യമുള്ളപ്പോൾ നല്കിയിരിക്കണമെന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പെറ്റീഷനുമേലുള്ള ഉത്തരവ് ജയിൽ മെഡിക്കൽ സ്റ്റാഫിന്റെ കയ്യിൽ എത്തിയില്ലായിരുന്നു. അതുകൊണ്ടുതന്നെ മതിയായ ശ്രദ്ധ ലഭിച്ചതുമില്ല.
കോടതിയിൽ വിചാരണകഴിഞ്ഞെത്തിയ ശേഷം, തന്റെ വക്കീലുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് രാജൻ പിള്ള ശ്വാസതടസ്സം മൂലം വിഷമിക്കുന്നത് കണ്ടത്. വക്കീൽ ബന്ധപ്പെട്ട ജയിൽ അധികാരികളെ അറിയിച്ചതുപ്രകാരം ഉടനടി ജയിൽ മെഡിക്കൽ സ്റ്റാഫ് ഇടപെട്ട് പിളളയെ ദീൻ ദയാൽ ഉപാധ്യായ് ആശുപതിയുടെ ഇന്റൻസീവ് എമർജൻസി കെയറിലേക്ക് മാറ്റിയെങ്കിലും അല്പസമയത്തിനകം മരിച്ചു. ലിവർ സീറോസിസിസ് രോഗിയായിരുന്നു അദ്ദേഹം.
ഹിമാചൽ പ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലീലാ സേഠ് അധ്യക്ഷയായുള്ള ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രാജൻ പിള്ളയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചു. മതിയായ വൈദ്യസഹായം തിഹാറിൽ നിന്ന് ലഭിക്കാതെയാണ് മരണം സംഭവിച്ചത് എന്നു കണ്ടെത്തി. തുടർ നടപടികളുടെ ഭാഗമായി തിഹാർ ജയിൽ മെഡിക്കൽ ഓഫീസറെ സസ്പെന്റ് ചെയ്തു.
കേസ് തീർന്നില്ല. രാജൻ പിള്ളയുടെ ഭാര്യ നീനാ പിള്ള തിഹാർ ജയിലിനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. ഒരു കോടി രൂപയായിരുന്നു അവർ ആവശ്യപ്പെട്ടത്. തിഹാറിൽ നിന്നും ആറ് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതിനു പുറമേയായിരുന്നു ഈ ആവശ്യം.

താമസിയാതെ രാജൻ പിള്ളയുടെ അമ്മയും കേസുമായെത്തി. നഷ്ടപരിഹാരമായി എത്രതുകയാണോ നല്കുന്നത് അതിന്റെ നേർ പകുതി അവർക്ക് അവകാശപ്പെട്ടതാണ് എന്നതായിരുന്നു ഹൈക്കോടതിയിൽ അവർ ഉന്നയിച്ച വാദം. നഷ്ടപരിഹാരം രണ്ടാക്കിഭാഗിക്കാൻ കോടതി ഉത്തരവിട്ടു. വർഷങ്ങൾക്കുശേഷം പത്തുലക്ഷത്തി ഇരുപതിനായിരം രൂപ രണ്ടായി വീതിച്ച് നല്കി. ഡൽഹിയിലെ ലീഗൽ എയ്‌ഡ് ഡിപ്പാർട്ട്മെന്റിലേക്ക് ഇരുവരും ആ തുക സംഭാവന ചെയ്യുകയാണ് ഉണ്ടായത്. മതിയായ നിയമപരിരക്ഷ ലഭിക്കാതെ ഒരു കുടുംബത്തിനും തങ്ങളുടെ ഗതി വരരുതെന്ന മൗനസന്ദേശമാണ് നീനാ പിള്ളയും രാജൻ പിള്ളയുടെ അമ്മയും നല്കിയത്.
Content Highlights: Thihar jail ex legal Advisor Sunil Gupta talks about Rajan Pillai death case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..