
സത്യാരാജൻ( ഫയൽഫോട്ടോ)
കോഴിക്കോട്: ആറരപ്പതിറ്റാണ്ടുപിന്നിട്ട ജീവിതം, അഞ്ചരപ്പതിറ്റാണ്ട് പിന്നിട്ട നാടകജീവിതം -അതിന്റെ ആരവങ്ങളൊന്നും ഓര്‍മയിലെത്തുന്നില്ല ഇപ്പോള്‍ ഈ കലാകാരിക്ക്. അയ്യായിരത്തിലേറെ അരങ്ങുകളില്‍ പ്രേക്ഷകരെ ആഹ്ലാദിപ്പിച്ച സത്യാരാജന്‍ എന്ന അഭിനേത്രിയാണ് മസ്തിഷ്‌കമുഴയുടെ ആഘാതത്തില്‍ കിടപ്പായിപ്പോയത്. രണ്ടാമത്തെ ശസ്ത്രക്രിയ ഇക്കൊല്ലം മാര്‍ച്ചിലായിരുന്നു. അതില്‍പ്പിന്നെ അവര്‍ ഒന്നും ഉരിയാടിയിട്ടില്ല. കണ്ണുകള്‍ക്ക് മാത്രമുണ്ട് ചലനം. മൂക്കില്‍ ഘടിപ്പിച്ച കുഴലിലൂടെയാണ് ദ്രവരൂപത്തിലുള്ള ഭക്ഷണം ഉള്ളിലെത്തുന്നത്.
പന്ത്രണ്ടാംവയസ്സില്‍ അരങ്ങിലെത്തിയ നടിയാണ് സത്യവതി എന്ന സത്യാരാജന്‍. വേങ്ങേരിയിലെ പ്രസിദ്ധ നാടകപ്രവര്‍ത്തകരായ സുകുമാരന്റെയും ശ്രീനിവാസന്റെയും ഇളയ സഹോദരി. കെ.ടി. മുഹമ്മദ് മുതല്‍ എ. ശാന്തകുമാര്‍ വരെയുള്ള പ്രതിഭകളുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കലാകാരി. മുംബൈ, ചെന്നൈ, ഗോവ എന്നിവിടങ്ങളിലൊക്കെ നാടകം അവതരിപ്പിക്കാന്‍ അവസരമുണ്ടായി. സുന്ദരന്‍ കല്ലായിയുടെ കാദംബരി തിയറ്റേഴ്സ് മുതല്‍ ഇബ്രാഹിം വേങ്ങരയുടെ ചിരന്തനവരെ എത്രയെത്ര നാടകസമിതികള്‍... വേങ്ങേരിയിലെ 'പൊന്നി' എന്ന വീട്ടില്‍ ഒന്നും ഓര്‍ക്കാനാവാതെ, മിണ്ടാനാവാതെയുള്ള കിടപ്പിന് നെഞ്ചുപൊള്ളി കാവലിരിക്കുകയാണ് ഭര്‍ത്താവ് വി.പി. രാജനും മകള്‍ ദിവ്യയും സഹോദരന്‍ യതീന്ദ്രനും.
2020 ഡിസംബറില്‍ കുഴഞ്ഞുവീണതോടെയാണ് സജീവവും പ്രസന്നവുമായിരുന്ന ജീവിതം ആകെ മാറിമറിയുന്നത്. ആദ്യത്തെ ശസ്ത്രക്രിയയ്ക്കുശേഷം സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന സന്തോഷത്തിലിരിക്കുമ്പോള്‍ കഴിഞ്ഞ ഡിസംബറില്‍ വീണ്ടും കുഴഞ്ഞുവീണു. രണ്ടാം ശസ്ത്രക്രിയയ്ക്കുശേഷം അനങ്ങാനാവാതെ കിടപ്പില്‍ കഴിയേണ്ട സ്ഥിതിയായി. മൂന്നരസെന്റ് ഭൂമിയും വീടും അതില്‍ കുറേ കടവുമാണ് ബാക്കിയുള്ളത്.

അസുഖം ആക്രമിച്ചപ്പോഴും തളരാതെനിന്നത് അരങ്ങിലേക്കുള്ള തിരിച്ചുവരവെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് ഭര്‍ത്താവ് രാജന്‍ പറയുന്നു. എ. ശാന്തകുമാറിന്റെ 'മരം പെയ്യുന്നു' എന്ന രണ്ടുകഥാപാത്രങ്ങള്‍ മാത്രമുള്ള നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നതിന്റെ ഒരുക്കത്തിനിടയിലാണ് രോഗം പിന്നെയുമെത്തിയത്. തെങ്ങില്‍നിന്നുവീണ് അരയ്ക്കുതാഴെ തകര്‍ന്ന അജയനും സത്യയും ഒന്നിച്ച് അഭിനയിച്ച് അഭിനന്ദനങ്ങള്‍ നേടിയ നാടകമാണത്. അജയനും ശാന്തകുമാറും ഇന്നില്ല. ആ നാടകം പുനരാവിഷ്‌കരിക്കാന്‍ സതീഷ് കെ. സതീഷാണ് സത്യയെ തേടിയെത്തിയത്. നാടകം പഠിച്ചുകഴിഞ്ഞപ്പോഴേക്കും രോഗം വീണ്ടുമെത്തി.
അരങ്ങുകളുടെ ആവേശത്തിലേക്കുള്ള ഈ കലാകാരിയുടെ തിരിച്ചുവരവിന് പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നത് കുടുംബം മാത്രമല്ല.
നാടകരംഗത്തെ സഹപ്രവര്‍ത്തകരും അവരുടെ പ്രതിഭ തിരിച്ചറിഞ്ഞ പ്രേക്ഷകരും കൂടിയാണ്. രോഗത്തിന്റെ ആക്രമണത്തില്‍ നിശ്ശബ്ദമായിപ്പോയ ആ ശരീരം ചലിക്കുമെന്നും വാക്കും ഭാവവും കൊണ്ട് അരങ്ങില്‍ വീണ്ടും വസന്തമൊരുക്കുമെന്നുമാണ് ആഗ്രഹം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..