'കാലത്തിനൊത്ത് പുരോഗമിക്കാന്‍ കഴിയാത്ത ഒരു പഴഞ്ചനാണ് ഞാനെന്ന്‌ പറഞ്ഞവരുണ്ട്' -ടി. പത്മനാഭന്‍


ബാലപംക്തികളിലൂടെ എഴുതിത്തെളിഞ്ഞവനല്ല ഞാന്‍.

ടി. പത്മനാഭൻ | Photo: Pushpajan Thaliparamba

ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ നടത്തിയ പ്രഭാഷണം വായിക്കാം...

ന്റെ ആദ്യത്തെ നാലു കഥകളുമെഴുതിയത് സ്‌കൂള്‍വിദ്യാഭ്യാസകാലത്താണ്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണവും പ്രസിദ്ധീകരിച്ചത് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന നവയുഗം വാരികയിലായിരുന്നു. എ.കെ.ജിയുടെ സഹോദരന്‍ എ.കെ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരായിരുന്നു നവയുഗത്തിന്റെ പത്രാധിപര്‍. നാലാമത്തെ കഥ ഞാന്‍ അയച്ചത് തൃശ്ശൂരില്‍നിന്ന് പുറപ്പെടുന്ന മംഗളോദയത്തിനായിരുന്നു. മലയാളം കണ്ട എക്കാലത്തെയും മികച്ച സാഹിത്യമാസികയായിരുന്നു മംഗളോദയം. മംഗളോദയത്തിന്റെ എല്ലാ ലക്കങ്ങള്‍ക്കും ഒരേയൊരു കവര്‍ച്ചിത്രം മാത്രമേയുണ്ടായിരുന്നുള്ളൂ. 'ക്രോസ്' ചെയ്തുവെച്ച തൂവലും കത്തിരിയും. തൂവല്‍ സര്‍ഗ്ഗാത്മകസാഹിത്യത്തെ പ്രതിനിധാനം ചെയ്തപ്പോള്‍ കത്തിരി വിമര്‍ശത്തെ സൂചിപ്പിച്ചു. കവറിന്റെ വലതുവശത്ത് താഴെ 'ഈ ലക്കത്തിലെ പ്രധാന ലേഖകന്മാര്‍' എന്ന ശീര്‍ഷകത്തിനു കീഴേ നാലോ അഞ്ചോ പ്രധാന എഴുത്തുകാരുടെ പേരുമുണ്ടാകും.

എന്റെ കഥ വന്ന മംഗളോദയത്തിന്റെ കവറില്‍ എ. ബാലകൃഷ്ണപിള്ളയുടെയും കുട്ടികൃഷ്ണമാരാരുടെയും ജോസഫ് മുണ്ടശ്ശേരിയുടെയും കൂടെ ടി. പത്മനാഭനെന്ന ഞാനുമുണ്ടായിരുന്നു! ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം. സാഹിത്യജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായി ഞാന്‍ ഇതിനെ കാണുന്നു. രണ്ടാമത്തെ കഥാസമാഹാരം പ്രസിദ്ധീകരിച്ചത് അക്കാലത്തെ പ്രശസ്ത പ്രസാധകരായ പി.കെ. ബ്രദേഴ്സ് ആയിരുന്നു. പുസ്തകം ഞങ്ങള്‍ക്ക് നല്‍കണമെന്ന അപേക്ഷയുമായി പി.കെ. ബ്രദേഴ്സിന്റെ ഉടമകളിലൊരാളായിരുന്ന കോരു സമീപിച്ചപ്പോള്‍ ഞാന്‍ രണ്ട് നിബന്ധനകള്‍ വെക്കുകയുണ്ടായി. ഒന്ന്, പുസ്തകം മാതൃഭൂമി പ്രസ്സില്‍ അച്ചടിക്കണം. മറ്റേത്, പുസ്തകത്തിന്റെ വിവരം മാതൃഭൂമി പത്രത്തില്‍ പരസ്യപ്പെടുത്തണം. രണ്ടും കോരു സമ്മതിച്ചു.ഒരു കഥാകൃത്ത് 'കുരിശില്‍' എന്ന പേരില്‍ പുറത്തിറങ്ങിയ ഈ പുസ്തകം രൂപകല്‍പ്പന ചെയ്തത് ദിവംഗതനായ എന്റെ സുഹൃത്ത് എം.വി. ദേവനായിരുന്നു. പുസ്തകത്തിന്റെ പരസ്യവാചകങ്ങള്‍ എഴുതിക്കൊടുത്തത് ഞാനായിരുന്നു. ഇതായിരുന്നു വാചകങ്ങള്‍: 'ഈ സമാഹാരത്തിലെ കഥകള്‍ നല്ലതോ ചീത്തയോ ആവാം. പക്ഷേ, ഇത്തരം കഥകള്‍ മലയാളത്തില്‍ വേറെ അധികമൊന്നുമുണ്ടാവില്ല.'ഇതിനുശേഷം കാലമെത്രയോ കഴിഞ്ഞിരിക്കുന്നു. എന്റെ പുസ്തകങ്ങള്‍ക്ക് ഞാന്‍ മുഖവുരയെഴുതിയിട്ടില്ല. മറ്റുള്ളവരെക്കൊണ്ട് അവതാരിക എഴുതിച്ചിട്ടുമില്ല. മുഖക്കുറിപ്പായി എനിക്കിഷ്ടമുള്ള ഒരു കവിയുടെ രണ്ടോ നാലോ വരികള്‍ എടുത്തുചേര്‍ക്കും. അത്രമാത്രം! ഈ നിഷ്ഠയ്ക്ക് ഒരിക്കല്‍ ഒരു അപവാദമുണ്ടായിട്ടുണ്ട് എന്നത് ഞാന്‍ മറക്കുന്നില്ല. അത്, ഡി.സി. പ്രസിദ്ധീകരിച്ച ടി. പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണ്ണം എന്ന കൃതിയുടെ കാര്യത്തിലാണ്. വളരെ ചെറിയ ഒരു മുഖക്കുറിപ്പ് എനിക്ക് എഴുതേണ്ടിവന്നു. ഒരു പേജും ഏതാനും വരികളും. എങ്കിലും ആ കൊച്ചു കുറിപ്പിനെയോര്‍ത്ത് ഇന്നും ഞാന്‍ അഭിമാനംകൊള്ളുന്നു. ജീവിതത്തെയും കഥകളെയുംകുറിച്ച് എന്റെ സങ്കല്‍പ്പങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു stateament ആണിത്. ബാലപംക്തികളിലൂടെ എഴുതിത്തെളിഞ്ഞവനല്ല ഞാന്‍. എഴുതാന്‍ തുടങ്ങിയ കാലംമുതല്‍ക്കേ പേരും പെരുമയും ആവോളം ലഭിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് നല്ലതുപറഞ്ഞ എം.പി. ശങ്കുണ്ണിനായര്‍, തകഴി ശിവശങ്കരപ്പിള്ള, മാധവിക്കുട്ടി, കെ.പി. അപ്പന്‍, എം. തോമസ് മാത്യു, വി. സുകുമാരന്‍ തുടങ്ങിയവരെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

എന്നാല്‍, നല്ലതുമാത്രം പറഞ്ഞവരേ ഉണ്ടായിട്ടുള്ളൂ, ചീത്ത പറഞ്ഞവരും ഉണ്ടായിട്ടില്ലേ? എന്നു ചോദിച്ചാല്‍, തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. 'പത്മനാഭന്റെ ഏതെങ്കിലും ഒരു കഥ മാത്രം വായിച്ചാല്‍ മതി, അയാളുടെ എല്ലാ കഥകളും ആവര്‍ത്തനങ്ങളാണ്, കാലത്തിനൊത്ത് പുരോഗമിക്കാന്‍ കഴിയാത്ത ഒരു പഴഞ്ചനാണ് പത്മനാഭന്‍, പ്രശസ്തമെന്ന് കരുതപ്പെടുന്ന പത്മനാഭന്റെ പല കഥകളും ഡോസ്റ്റോവ്സ്‌കിയുടെയും മാധവിക്കുട്ടിയുടെയും കഥകളില്‍നിന്ന് അടിച്ചെടുത്തതാണ്, ഇന്നത്തെ മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് പത്മനാഭന് ഒന്നുമറിഞ്ഞുകൂടാ, പൂച്ചകളെയും നായ്ക്കളെയും പൂക്കളെയും കുറിച്ചൊക്കെയാണ് വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരിക്കുന്നത്, പത്മനാഭന്റെ കഥകളും ലേഖനങ്ങളും പ്രസംഗങ്ങളും ഗവണ്‍മെന്റ് നിരോധിക്കേണ്ടതാണ്, അവ എന്‍ഡോസള്‍ഫാനെക്കാള്‍ വിഷമയമാണ്...' ഇങ്ങനെയൊക്കെ പോകുന്നു ആരോപണങ്ങള്‍. ഇവയൊക്കെ പ്രിന്റ് മീഡിയയില്‍ വന്നതാണ്. ഇതിന്റെയൊക്കെ എത്രയോ ഇരട്ടി സോഷ്യല്‍ മീഡിയയിലുണ്ട്. ഈ സുഹൃത്തുക്കളോടൊക്കെ എനിക്ക് നന്ദിയേയുള്ളൂ. എന്തുകൊണ്ടാണ് ഈ പാവങ്ങള്‍ക്ക് ഇങ്ങനെ പറയേണ്ടിവരുന്നത് എന്ന് എനിക്ക് നല്ലതുപോലെ അറിയാം. ഇവരോടൊക്കെ എനിക്ക് ഒന്നേ പറയാനുള്ളൂ. സുഹൃത്തുക്കളേ, നിങ്ങളെറിയുന്ന ഓരോ കല്ലുകൊണ്ടും ഞാന്‍ എന്റെ കഥാഗോപുരത്തിന്റെ അസ്തിവാരം ഒന്നുകൂടി ബലപ്പെടുത്തുകയാണ്. ദയവായി അത് മനസ്സിലാക്കുക.

കഥയെഴുതാന്‍ തുടങ്ങിയിട്ട് എഴുപത്തിനാലു കൊല്ലമായി. ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട കാലയളവുതന്നെയാണ്. കഥയല്ലാതെ മറ്റൊരു സാഹിത്യശാഖയിലും ഞാന്‍ കൈവെച്ചിട്ടില്ല. എന്നിട്ടും ഈ കാലയളവില്‍ കഷ്ടിച്ച് 200 കഥകള്‍ മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ. കഥയ്ക്ക് സാമാന്യം നല്ല പ്രതിഫലം ലഭിക്കുന്ന ഒരെഴുത്തുകാരനാണ് ഞാന്‍. ഇവിടത്തെ എല്ലാ പ്രസിദ്ധീകരണങ്ങളും എന്നോട് കഥ ആവശ്യപ്പെടാറുമുണ്ട്. എന്നിട്ടും പ്രതിഫലത്തിന്റെയോ പ്രശസ്തിയുടെയോ പ്രലോഭനങ്ങള്‍ക്ക് വശംവദനാകാതെ വളരെ കുറച്ചുമാത്രമെഴുതി. ഇതിന്റെ കാരണം വളരെ ലളിതമാണ്. എഴുതിയേ കഴിയൂ എന്നുവരുമ്പോള്‍ മാത്രമാണ്, ആ അവസ്ഥയില്‍ മാത്രമാണ് ഞാനെഴുതിയത്. എന്നെ ഗാഢമായി സ്പര്‍ശിക്കുന്ന, എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നത് ഒരു സംഭവമാകാം, മനുഷ്യാവസ്ഥയാകാം, എന്തുമാകാംഒരു കഥാതന്തു വന്ന് എന്റെ വഴിമുടക്കി നില്‍ക്കുമ്പോള്‍, അതിനെ അഭിസംബോധനചെയ്തേ ഇനി മുന്നോട്ടുപോകാന്‍ കഴിയൂ എന്ന അവസ്ഥ വരുമ്പോള്‍ ഞാനെഴുതുന്നു. ആ കഥ നല്ലതാണോ അല്ലയോ, വായനക്കാര്‍ എങ്ങനെയാണ് അത് സ്വീകരിക്കുക എന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല.

എഴുതുവാന്‍ തീരുമാനിച്ച ചില കഥകളെങ്കിലും ഉടന്‍തന്നെ എഴുതാതെ മനസ്സിന്റെ അഗാധതലങ്ങളില്‍ ഞാന്‍ സൂക്ഷിച്ചുവെക്കും. പിന്നീട് എപ്പോഴെങ്കിലുമായിരിക്കും അവ കഥയായി പുറത്തുവരിക. ഒരു ഉദാഹരണം; ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ബഹ്റൈനില്‍ പോയിരുന്നു. അവിടെ എന്റെ ഹോട്ടല്‍മുറിയില്‍ തനിച്ചിരിക്കെ, മുപ്പതു കൊല്ലം മുമ്പ് യു.എ.ഇയിലെ അല്‍ എയ്ന്‍ പട്ടണത്തില്‍വെച്ച് എനിക്കുണ്ടായ ഒരനുഭവം മനസ്സിലേക്ക് പൊന്തിവന്നു. ഈ വരുന്ന ഓണക്കാലത്ത് ഒരു കഥയായി മലയാളികള്‍ക്ക് അത് വായിക്കാന്‍ കഴിയും. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് അരിസ്റ്റോട്ടില്‍ എഴുതി: The excellent becomes the permanent. മികച്ചത് നിലനില്‍ക്കുന്നു എന്ന്. ഒരു ചെറിയ കൂട്ടിച്ചേര്‍ക്കലോടെ ഈ വാക്യം ഞാന്‍ എന്റേതായി അവതരിപ്പിക്കട്ടെ, The excellent alone becomes the permanent. മികച്ചത് മാത്രം നിലനില്‍ക്കുന്നു. എന്റെ കഥകള്‍ ലോകോത്തരങ്ങളാണ് എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ലോകം പോയിട്ട്, ഈ മലയാളനാട്ടിലെ ഏറ്റവും മികച്ച കഥകളാണ് എന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയാനോ വിചാരിക്കാനോ മാത്രം വിഡ്ഢിയല്ല ഞാന്‍. എന്നാല്‍ ഈ 'ലോകകഥ' എന്നു പറയുന്നതിന്റെ അടിസ്ഥാനവും നിലവാരവും ശരിക്കും അറിയുന്നവനാണ് ഞാന്‍. ഞാന്‍ വായിക്കുന്നവനാണ്.

ഞാന്‍ ചോദിക്കട്ടെ, ലോകഭാഷകളിലെ കുറെ നല്ല കഥകളുടെ ഒരു ആന്തോളജി തയ്യാറാക്കുന്ന നിഷ്പക്ഷമതിയായ ഒരു എഡിറ്റര്‍ക്ക് ഈ കൊച്ചുമലയാളത്തിലെ എഴുത്തുകാരനായ കാരൂരിന്റെ 'പൂവമ്പഴ'വും ബഷീറിന്റെ 'ഒരു മനുഷ്യനും' ഒ.വി. വിജയന്റെ 'കടല്‍ത്തീരത്തും' മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'മൂന്നാമതൊരാ'ളും സി.വി. ശ്രീരാമന്റെ 'വാസ്തുഹാര'യും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമോ? ഒരിക്കലും കഴിയില്ല. അങ്ങനെ ചെയ്താല്‍ കാലം വിധി പറയും. കാലമാണ് ഏറ്റവും വലിയ വിധികര്‍ത്താവ്.

സുഹൃത്തുക്കളേ, ഏത് മഹാനായ കവിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനാണോ ഞാന്‍ ഇവിടെ വന്നിട്ടുള്ളത്, അദ്ദേഹത്തെക്കുറിച്ച് ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. പറയാം. പറയാന്‍ ധാരാളമുണ്ടുതാനും. പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷവും ഏറെ അഭിമാനവുമുള്ള കാര്യമാണ്. ആദ്യം പുരസ്‌കാരച്ചടങ്ങ് നടക്കുന്ന സെനറ്റ് ഹാളില്‍നിന്ന് തുടങ്ങാം. ഏതാനും കൊല്ലങ്ങള്‍ക്കു മുമ്പ് ഈ സെനറ്റ് ഹാളില്‍വെച്ച് കേരളനിയമസഭ രണ്ടു സാഹിത്യസമ്മേളനങ്ങള്‍ നടത്തി. തികച്ചും അഭൂതപൂര്‍വ്വമായ ഒരു സംഭവമായിരുന്നു അത്. ഇങ്ങനെയൊന്നുവേണം എന്ന തീരുമാനമെടുത്തത് അന്നത്തെ സ്പീക്കറായിരുന്ന ബഹുമാനപ്പെട്ട എം. വിജയകുമാറായിരുന്നു. ആദ്യത്തെ സമ്മേളനത്തിന്റെ വിഷയം 'കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ മലയാളകവിത.' വിഷയമവതരിപ്പിച്ച് സംസാരിച്ചത് ഒ.എന്‍.വി. കുറുപ്പ്. വേറെ പ്രാസംഗികന്മാരാരും ഉണ്ടായിരുന്നില്ല. ഒരു മണിക്കൂര്‍ നീണ്ടുനിന്ന കുറുപ്പിന്റെ വാഗ്ധോരണിയില്‍ അന്നത്തെ ധന്യസദസ്സ് ലയിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ സമ്മേളനം നടന്നത്. വിഷയം 'കഴിഞ്ഞ നൂറ്റാണ്ടിലെ മലയാള ചെറുകഥ.' ഈ വിഷയം അവതരിപ്പിച്ച് സംസാരിക്കാന്‍ ഭാഗ്യമുണ്ടായത് എനിക്കായിരുന്നു. ഈ പരിപാടികളുടെ വിജയം പൂര്‍ണ്ണമായും എം. വിജയകുമാറിന് അവകാശപ്പെട്ടതായിരുന്നു. എം.എല്‍.എ. എന്ന നിലയിലും മന്ത്രി എന്ന നിലയിലും സ്പീക്കര്‍ എന്ന നിലയിലും കെ.ടി.ഡി.സി. ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചപ്പോഴൊക്കെ തന്റെ സഹജമായ സഹൃദയത്വം അല്‍പ്പംപോലും നഷ്ടപ്പെടുത്താത്ത വിജയകുമാറിന് എന്റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ.

എന്റെ കഥയെഴുത്തിന്റെ അമ്പതാം വാര്‍ഷികം മലയാള മനോരമ ആഘോഷിച്ചത് ഒരു അഭിമുഖത്തോടെയായിരുന്നു. അഭിമുഖം ചെയ്യാന്‍ മനോരമ തിരഞ്ഞെടുത്തത് ഒ.എന്‍.വിയെയായിരുന്നു. മനോരമയുടെ എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ച് നടന്ന ഈ സംഭാഷണത്തില്‍ മോഡറേറ്ററായത് പ്രഭാവര്‍മ്മയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം മധുരമായ ഒരു അനുഭവമായിരുന്നു അത്. കൊണ്ടും കൊടുത്തും മുന്നേറിയ ഒരപൂര്‍വ്വ സാഹിത്യ ജുഗല്‍ബന്ദി!

മഹാനായ കവി, നിത്യഭാസുരങ്ങളായ ഒട്ടേറെ നാടകസിനിമാഗാനങ്ങളുടെ കര്‍ത്താവ് എന്നതിനപ്പുറം ഒ.എന്‍.വി. മികച്ച ഒരു ഗദ്യകാരനുമായിരുന്നു. ദേശാഭിമാനി പ്രസിദ്ധീകരിച്ചുവരുന്ന കുട്ടികളുടെ മാസികയായ തത്തമ്മയുടെ പത്രാധിപരുമായിരുന്നു, തത്തമ്മയുടെ സുവര്‍ണ്ണകാലമായിരുന്നു അത്.
ഇനി, എന്നെ മാത്രം സംബന്ധിക്കുന്ന, മറ്റാരും അറിയാത്ത ഒരു രഹസ്യംകൂടിയുണ്ട്. എന്റെ തീവ്രമായ പ്രണയാനുഭവകാലങ്ങളില്‍ ഞാന്‍ മൂളിനടന്നിരുന്നത് എന്റെ സുഹൃത്ത് എഴുതിയ പ്രശസ്ത പ്രണയഗാനങ്ങളായിരുന്നു!

ഒരു മൂന്നു കൊല്ലത്തിനു മുമ്പ് 'സ്നേഹം മാത്രം' എന്ന പേരില്‍ ഞാന്‍ ഒരു കഥ എഴുതുകയുണ്ടായി. 'പത്മനാഭന്റെ പ്രണയകഥകള്‍' എന്ന പുസ്തകത്തില്‍ ഇതുണ്ട്. എന്റെ യൗവനാരംഭത്തിലെ ഒരു ഭഗ്നപ്രണയമാണ് ഇതിലെ വിഷയം. 'നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ...' എന്നു തുടങ്ങുന്ന ഒ.എന്‍.വിയുടെ പ്രണയാതുരമായ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഞാന്‍ കഥ അവസാനിപ്പിക്കുന്നത്.
ഞാന്‍ നിര്‍ത്തട്ടെ.
ശരദിന്ദു മലര്‍ദീപനാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായ് പാടി വിളിക്കുന്നു.

Content Highlights: t padmanabhan, writer,malayalam literature, o n v award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented