മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'സഖാവ്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെ ഗ്രന്ഥകാരൻ ടി. പത്മനാഭന്റെ നർമം ആസ്വദിക്കുന്ന മന്ത്രി പി. രാജീവ് | ഫോട്ടോ: കെ.കെ. സന്തോഷ്
കോഴിക്കോട്: ഇരുട്ടിനെ മുറിച്ചുകടക്കുന്ന പ്രകാശത്തെ പ്രണയിച്ചു മതിവരാത്ത കഥാകാരനാണ് ടി. പത്മനാഭനെന്ന് മന്ത്രി പി. രാജീവ്. മതാതീതമായ ആത്മീയതയും മാനവികമായൊരു തലവും പത്മനാഭന്റെ കഥകളെ എക്കാലത്തും ശ്രദ്ധേയമാക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാതൃഭൂമി പ്രസിദ്ധീകരിച്ച ടി. പത്മനാഭന്റെ പത്തുകഥകളുടെ സമാഹാരമായ 'സഖാവി'ന്റെ പ്രകാശനം വെള്ളിയാഴ്ച കെ.പി. കേശവമേനോന് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകളുടെ പിശുക്കാണ് ആ കഥകളുടെ മുഖമുദ്ര. ഈ കാലഘട്ടത്തിലെ എല്ലാ വിഹ്വലതകളും അത് അടയാളപ്പെടുത്തുന്നു. ദുഃഖത്തിന്റെ ആഴവും പ്രതീക്ഷയുടെ പ്രകാശവും ക്രിയാത്മകവിമര്ശനവും ഉള്‍ക്കൊള്ളുന്ന ആ കഥകള്‍ നിരന്തരം വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണെന്നും മന്ത്രി രാജീവ് പറഞ്ഞു.
വാക്കുകളുടെ കാന്തിയും മൂല്യവും തിരിച്ചറിഞ്ഞ ടി. പത്മനാഭന്, ഈടുറ്റ മനുഷ്യകഥകളാണ് എഴുതിയിട്ടുള്ളതെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. നമ്മുടെ സംസ്കാരത്തെ മുന്നോട്ടുനയിക്കുന്ന ദിശാബോധവും സ്നേഹത്തിന്റെ ദര്‍ശനങ്ങളും ആ കഥകളെ വ്യത്യസ്തമാക്കുന്നുവെന്നും വി.പി. ജോയ് പറഞ്ഞു. ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാര്‍ അധ്യക്ഷനായി. ചെറുകഥ നോവലിന് പിറകിലല്ലെന്ന് തെളിയിച്ച എഴുത്തുകാരനാണ് ടി. പത്മനാഭനെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെട്ട് അവരുമായി സംവദിക്കാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്താറില്ലെന്നും അതുതന്നെയാണ് കഴിഞ്ഞ 75 വര്‍ഷമായി എഴുതിക്കൊണ്ടിരിക്കുന്ന ആ മനസ്സിന്റെ കരുത്തെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.
പി.കെ. പാറക്കടവ്, ശ്രീകല മുല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ 14 പേര്‍ക്ക് ടി. പത്മനാഭന് സമ്മാനം വിതരണംചെയ്തു. ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന് സ്വാഗതം പറഞ്ഞു.
Content Highlights: t padmanabhan, writer, malayalam literature, p rajeev, minister kerala, kozhikode, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..