'ഈ വിവാദം ഇവിടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു'; 'വരദ' വിവാദത്തില്‍ ലക്ഷ്മിദേവി 


2 min read
Read later
Print
Share

ലക്ഷ്മിദേവി, സുഗതകുമാരി

വയിത്രി സുഗതകുമാരിയുടെ തിരുവനന്തപുരം നന്ദാവനത്തിലെ വീടായ 'വരദ' വിറ്റത് ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മകള്‍ ലക്ഷ്മിദേവി. സുഗതകുമാരിയുടെ ഏക അവകാശി എന്ന നിലയില്‍ വീട് വില്‍ക്കാന്‍ തനിക്ക് നിയമപരമായി പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും വീട് നശിപ്പിക്കുകയില്ലായെന്നും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുകയില്ലായെന്നും ഉറപ്പുനല്‍കിയവര്‍ക്കാണ് വീട് കൈമാറിയതെന്നും അവര്‍ പറഞ്ഞു. സ്മാരകമാക്കാനോ താമസിക്കാനോ പറ്റാത്ത ആ വീട് വില്‍ക്കുകയല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ലെന്നും വരദ സ്മാരകമാക്കാം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയും നാള്‍ തന്നെ സമീപിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലക്ഷ്മിദേവി പുറത്തിറക്കിയ പരസ്യപ്രസ്താവന

സുഗതകുമാരിയുടെ 'വരദ' വീട് വിറ്റത് ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്.

1. സുഗതകുമാരിയുടെ മരണ ശേഷം തിരുവനന്തപുരത്ത് ഒരു സ്മാരകം പണിയണം എന്നൊരു നിവേദനം ടി. പത്മനാഭന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സാറാ ജോസഫ്, ശ്രീകുമാരന്‍ തമ്പി, കെ. ജയകുമാര്‍, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങിയ പ്രമുഖര്‍ ഒപ്പിട്ട് മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും നല്‍കിയിരുന്നു. അതിന്മേലുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് അറിയുന്നു. വരദ സ്മാരക മാക്കാന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടില്ല.

2. അമ്മ താമസിച്ചിരുന്ന വരദ എന്ന വീട് എന്റെ അച്ഛന്‍ പണിയിച്ചതാണ്. അത് എനിക്ക് ഒരാവശ്യം വന്നാല്‍ വില്‍ക്കാന്‍ പറഞ്ഞ് രേഖാമൂലം അമ്മ എന്റെ പേരിലാക്കി തന്നതാണ്. അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ടര വര്‍ഷമായി അടച്ചിട്ടിരുന്ന വീട് ജീര്‍ണ്ണിച്ചു തുടങ്ങി. നിയമപരമായി അമ്മയുടെ ഏക അവകാശി എന്ന നിലയില്‍ അത് വില്‍ക്കാന്‍ എനിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മാത്രമല്ല വീട് നശിപ്പിക്കുകയില്ലായെന്നും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുകയില്ലായെന്നും ഉറപ്പുനല്‍കിയവര്‍ക്കാണ് ഞാനീ വീട് കൈമാറിയത്.

3. വരദയില്‍ പ്രവേശിക്കുവാന്‍ ഉള്ള വഴി അമ്മയുടെ സഹോദരിയുടെ വീടിന്റെ മുറ്റത്തു കൂടിയാണ്. ആ വഴി അമ്മയുടെ മരണാനന്തരം ആ വീടിന്റെ അനന്തരവകാശി അടച്ചു. ഒരു കാര്‍ പോലും കയറാത്ത വരദ സ്മാരകമാക്കുന്നത് ഉചിതമല്ല. അതുകൊണ്ടാണ് സര്‍ക്കാരിനോട് അതിനു വേണ്ടി ആവശ്യപ്പെടാത്തത്. സ്മാരകമാക്കാനോ താമസിക്കാനോ പറ്റാത്ത ആ വീട് വില്‍ക്കുകയല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. മാത്രമല്ല, വരദ സ്മാരകമാക്കാം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയും നാള്‍ എന്നെ സമീപിച്ചിട്ടില്ല.

4. അഥവാ വീട് തന്നെ സ്മാരകമാക്കണമെങ്കില്‍ അതിന് ഏറ്റവും ഉചിതം എന്റെ അപ്പൂപ്പന്‍ ബോധേശ്വരനും അമ്മൂമ്മ കാര്‍ത്ത്യായനി അമ്മയും നിര്‍മ്മിച്ചതും അമ്മ സ്വജീവിതത്തിന്റെ സിംഹഭാഗവും സഹോദരിമാരായ ഹൃദയകുമാരി, സുജാതാദേവി എന്നിവരുമൊത്ത് താമസിച്ചിരുന്ന തുമായ 'അഭയ' എന്ന വീടാണ്. അമ്മയുടെ വിവാഹം നടന്നതും അവിടെ വെച്ചാണ്. മാത്രമല്ല അമ്മ 1985-ല്‍ തുടങ്ങിയ സേവന സംഘടനയ്ക്കും 'അഭയ' എന്ന പേരു നല്‍കിയത് അമ്മയ്ക്ക് ആ വീടിനോടുള്ള വൈകാരിക ബന്ധം കൊണ്ടാണ്. താന്‍ മരിച്ചാല്‍ മൃതദേഹം അഭയ എന്ന വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടിരുന്നു.

5. വരദ വിറ്റു പോയപ്പോള്‍ പല വിധത്തിലുള്ള ഭീഷണികള്‍ എനിക്കും ആ വീട് വാങ്ങിയവര്‍ക്കും നേരെ ഉണ്ടാകുന്നുണ്ട്. ആ വീട്ടില്‍ പ്രവേശിക്കുവാന്‍ ആരേയും അനുവദിക്കുയില്ലായെന്നും ഊഴം വെച്ച് കാവല്‍ നിന്ന് അത് തടയും എന്നും മറ്റുമുള്ള ചിലരുടെ പത്രപ്രസ്താവനകള്‍ വീട് വാങ്ങിച്ചവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. യാതൊരു അവകാശവും അമ്മയുടെ മേലോ വീടിനോടോ ഉള്ള ആളുകളല്ല ഇങ്ങനെ ഭീഷണി മുഴക്കുന്നത്. ദയവു ചെയ്ത് ആ വീടു വാങ്ങിയ നിരപരാധികളുടെ സൈ്വര്യതയും അവകാശവും ഭഞ്ജിക്കാതെ ഇതില്‍ നിന്നും പിന്മാറണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇതോടുകൂടി ഈ വിവാദം ഇവിടെ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊന്നും പറയാനില്ല.


Content Highlights: Sugathakumari's house 'Varada', Sugathakumari, Lakshmidevi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P. Hareendranath

2 min

ഗാന്ധിജിയെ അറിയാന്‍ വായിച്ചുതീര്‍ത്തത് നൂറുകണക്കിന് പുസ്തകങ്ങള്‍; ഹരീന്ദ്രനാഥിനിത് കര്‍മപുണ്യം 

Aug 15, 2023


M.A Shahanas

8 min

'പച്ചക്കള്ളം പറഞ്ഞ് ഒരാളെ ഇല്ലാതാക്കാം എന്ന് വിചാരിക്കുന്ന വിഡ്ഢിയല്ല ഞാന്‍'- എം.എ ഷഹനാസ്

Nov 23, 2022


MT

'നാവില്‍ സ്വര്‍ണം കൊണ്ടെഴുതിക്കല്‍ എന്നാല്‍ നിങ്ങളുടെ വാക്കുകള്‍ സ്വര്‍ണമാകട്ടെ എന്നര്‍ഥം'-എം.ടി

Oct 16, 2021

Most Commented