സുഗതകുമാരി | ഫോട്ടോ: പി. ജയേഷ്
''എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി...''
തിരുവനന്തപുരം: ഒരുപാടുപേരുടെ വഴിയിലെ സുഖമുള്ള വെയിലായി... ജീവിതച്ചുമടുകള്‍ ഏറ്റുവാങ്ങി... ശീതളച്ഛായയായി... നോവുകള്‍ തൊട്ടറിഞ്ഞ കവയിത്രി സുഗതകുമാരിയുടെ ഓര്‍മകള്‍ക്ക് രണ്ടാണ്ട്. ജീവിതങ്ങള്‍ പലതു തൊട്ടറിഞ്ഞതിനൊപ്പം മണ്ണിനും കാടിനും മലയ്ക്കും ജീവജലത്തിനും കിളികള്‍ക്കും തുടങ്ങി സകലതിനും വേണ്ടി ഉറക്കെയുറക്കെ ശബ്ദിച്ചു, കലഹിച്ചു. 2020 ഡിസംബര്‍ 23-നാണ് ആ പ്രകാശം അണഞ്ഞത്.
കവിതയായും ലേഖനങ്ങളായും കൂരമ്പുപോലെ തുളഞ്ഞുകയറുന്ന വാക്കുകളായും ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചു. ഏറ്റെടുത്ത വിഷയങ്ങള്‍ക്കായി മലപോലെ ഉറച്ചുനിന്നു. ദുരിതജീവിതങ്ങള്‍ക്കായി കലഹിച്ചു, അഭയമൊരുക്കി, പരിഹാരം കണ്ടു.
നന്ദാവനത്തെ അഭയത്തിന്റെ ഗേറ്റും വാതിലുകളും തുറന്നിട്ട് എപ്പോഴും ആരെയൊക്കെയോ കാത്തിരുന്നു. ഇന്നീ മുറ്റത്ത് ആള്‍പ്പെരുമാറ്റമില്ല. വളര്‍ന്നുപൊന്തിയ പുല്‍നാമ്പുകളും കൊഴിഞ്ഞുവീണ ഇലകളും മാത്രമായി. അനേകായിരം പുസ്തകങ്ങളും കവയിത്രിയുടെ ആത്മാവുറങ്ങുന്ന കൈപ്പടയും സ്‌നേഹസമ്മാനമായി ലഭിച്ച കത്തുകളും അലമാരകളില്‍ വിശ്രമിക്കുന്നു.
സ്മാരകം വാഗ്ദാനത്തിലൊതുങ്ങി
മരണാനന്തരം കേട്ട പ്രഖ്യാപനങ്ങളൊക്കെയും കടലാസിലൊതുങ്ങി. പ്രിയ എഴുത്തുകാരിക്ക് ആദരമായി ബേക്കറി ജങ്ഷനില്‍നിന്ന് നന്ദാവനം വഴി മ്യൂസിയത്തിലേക്കുള്ള റോഡിന് പേരിടുമെന്ന് 2021 ജനുവരിയില്‍ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. രണ്ടു വര്‍ഷത്തിനിപ്പുറം അന്വേഷിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയിട്ടുണ്ടെന്ന മറുപടി മാത്രം.
പരിസ്ഥിതിപ്രവര്‍ത്തകരുടെ ഏകോപനസമിതി സ്മരണികയിറക്കാന്‍ ആലോചിച്ചിരുന്നു. അതിനായി ചര്‍ച്ചകളും ആലോചനകളും നടത്തിയതു മാത്രം ബാക്കിയായി. സൈലന്റ്വാലി മുതല്‍ പൂയംകുട്ടി, ചീമേനി, അട്ടപ്പാടി, അതിരപ്പിള്ളി, ജീരകപ്പാറ, മാവൂര്‍, ആലപ്പാട്, ആറന്മുള എന്നിങ്ങനെ പരിസ്ഥിതിക്കായി സുഗതകുമാരി പോരാടിയ ഇടങ്ങളിലൊന്നും സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച ഉചിതമായ സ്മാരകവും ഉയര്‍ന്നില്ല. രണ്ട് കോടി രൂപയാണ് സ്മാരകത്തിനായി മാറ്റിവച്ചത്. പിന്നൊന്നും നടന്നില്ല.
സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നു
സുഗതകുമാരിയുടെ പേരില്‍ തലസ്ഥാനത്ത് സ്മാരകം സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തണമെന്നു കാണിച്ച് റവന്യൂ വകുപ്പിന് കത്തുനല്‍കിയിരുന്നെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ഭൂമി അനുവദിക്കുന്ന മുറയ്ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കും. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിന് വീണ്ടും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Content Highlights: sugathakumari, poet, death anniversary, malayalam literature, kerala, news mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..