സുഭാഷ് ചന്ദ്രൻ
തിരുവനന്തപുരം: മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യപുരസ്കാരത്തിന് മാതൃഭൂമി അസിസ്റ്റന്‍ഡ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' എന്ന നോവല്‍ അര്‍ഹമായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
30ന് വൈകിട്ട് 6ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന മലയാറ്റൂര്‍ സാംസ്കാരിക സായാഹ്നത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് പെരുമ്പടവും ശ്രീധരന് പത്രസമ്മേനത്തില്‍ അറിയിച്ചു. 2016 ജനുവരി ഒന്നിനും 2021 ഡിസംബര്‍ 31 നും ഇടയില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച സാഹിത്യകൃതികളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
അത്യപൂര്‍വമായ രചനാവിസ്മയമാണ് 'സമുദ്രശില' യെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാനും സാഹിത്യകാരനുമായ കെ.വി. മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ ഒന്‍പത് അദ്ധ്യായങ്ങള്‍ വീതമുള്ള മൂന്ന് ഭാഗങ്ങളിലൂടെ, ഇതിഹാസത്തിലെ അംബയുടെ തുടര്‍ച്ചയെന്നോണം സ്ത്രീയായി വീണ്ടും ജന്മമെടുത്ത അംബയുടെ സ്വപ്നസമാനമായ പ്രണയകാലത്തിലൂടെയും പില്ക്കാല ജീവിത ദൈന്യങ്ങളിലൂടെയും സഹനങ്ങളിലൂടെയും വിടരുന്ന കഥ സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന് 'എന്ന വെളിപാടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതിഹാസത്തില്‍ ഇല്ലാതെ പോയ 'ഉപാധികളില്ലാത്ത സ്നേഹം' തേടി ജന്മ ജന്മാന്തരങ്ങള് സഞ്ചരിച്ച് നടപ്പ് കാലത്ത് നമുക്കിടയില്‍ ജീവിച്ച അംബ മലയാള നോവല്‍ സാഹിത്യത്തിലെ എക്കാലത്തെയും കരുത്തുറ്റ കഥാപാത്രമാണ്. നൂറ് കണക്കിന് ഭാഷകളില്‍ ജീവിതമെന്ന മൂന്നക്ഷരമുള്ള വാക്കിനെ വ്യാഖ്യാനിക്കുന്ന ആയിരക്കണക്കിന് എഴുത്തുകാരുടെ പ്രതിനിധിയായി ദൈവത്തോടും അംബയോടും വായനക്കാരോടും ഒരുപോലെ സംവദിക്കുന്ന എഴുത്തുകാരനും സുഹൃത്തുക്കളും കഥാ കഥനത്തിന്റെ ഭാഗമാകുമ്പോള്‍ തികച്ചും വ്യത്യസ്തമായ രചനാ വിസ്മയമായി ''സമുദ്രശില' മാറുന്നു. മലയാള നോവല്‍ സാഹിത്യത്തിനു മുതല്‍ക്കൂട്ടാണ് ഈ കൃതിയെന്നും ജൂറി അഭിപ്രായപ്പെട്ടു.
ജൂറി അംഗം റോസ് മേരി, ഫൗണ്ടേഷന് സെക്രട്ടറി പി.ആര്.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എം. നൗഷാദ് അലി, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മൂന്നു വർഷത്തിനുള്ളിൽ 22 പതിപ്പുകൾ വിറ്റുപോയ സമുദ്രശിലയുടെ പ്രസാധകർ മാതൃഭൂമി ബുക്സാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..