പത്മപ്രഭ പൊതുഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ശ്രീധന്യയുടെ വിജയയാത്രകൾ എന്ന പുസ്തകം കളക്ടർ അദീല അബ്ദുള്ള, ഗായത്രി ശ്രേയാംസ്കുമാറിന് നൽകി പ്രകാശനംചെയ്യുന്നു. എം.വി. ശ്രേയാംസ്കുമാർ എം.പി, ശ്രീധന്യയുടെ അച്ഛൻ സുരേഷ്, അമ്മ കമല, പി. ചാത്തുക്കുട്ടി, ഒ.കെ. ജോണി, ഗ്രന്ഥകർത്താവ് ടി.വി. രവീന്ദ്രൻ തുടങ്ങിയവർ സമീപം
കല്പറ്റ: പ്രതിസന്ധികളോടും പ്രതിബന്ധങ്ങളോടും പൊരുതി ആദിവാസിവിഭാഗത്തില്‍നിന്ന് ഐ.എ.എസ്. നേടിയ ശ്രീധന്യ സുരേഷിന്റെ നേട്ടങ്ങളുടെ കഥപറയുന്ന 'ശ്രീധന്യയുടെ വിജയയാത്രകള്‍' എന്ന പുസ്തകം വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഗായത്രി ശ്രേയാംസ് കുമാറിന് നല്കി പ്രകാശനംചെയ്തു. ടി.വി. രവീന്ദ്രന് രചിച്ച പുസ്തകം മാതൃഭൂമി ബുക്സ് ആണ് പുറത്തിറക്കിയത്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാര്‍ എം.പി. പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ശ്രീധന്യയുടെ നേട്ടം ദേശീയതലത്തില്‍ത്തന്നെ ഒരു സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി, ദളിത് പിന്നാക്കവിഭാഗങ്ങള്‍ ഇപ്പോഴും രാജ്യത്ത് മിക്കയിടത്തും എല്ലാത്തില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുകയാണ്. ദാരുണമാണ് പലയിടത്തും അവരുടെ ജീവിതാവസ്ഥ. കേരളത്തില്‍ അയ്യങ്കാളിയുടെയും നാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയുമെല്ലാം നേതൃത്വത്തില്‍ സാമൂഹ്യനവോത്ഥാനം നടന്നെങ്കിലും ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് ചിന്തിക്കണം. നല്ല മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ജനങ്ങള്‍ക്കുവേണ്ടിയാണ് സ്ഥാനത്തിരിക്കുന്നതെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
പത്മപ്രഭാ പൊതുഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങില്‍ കെ. പ്രകാശന് അധ്യക്ഷതവഹിച്ചു. സി. ദിവാകരന് പുസ്തകം പരിചയപ്പെടുത്തി. ശ്രീധന്യയുടെ അച്ഛന് സുരേഷ്, പി. ചാത്തുക്കുട്ടി, സൂപ്പി പള്ളിയാല്‍, എ.കെ. ബാബു പ്രസന്നകുമാര്‍, ഡോ. ടി.പി.വി. സുരേന്ദ്രന്, എം.പി. പൈലി, ബി. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാര്‍ സ്മാരകഹാളില്‍ മഹാകവി അക്കിത്തത്തിന്റെ ഛായാചിത്രം എഴുത്തുകാരന് ഒ.കെ. ജോണി അനാച്ഛാദനം ചെയ്തു.
Content Highlights: Sreedhanya Suresh IAS biography Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..