ശ്രീനാരായണ ഗുരു | ചിത്രം: എൻ. എൻ. സജീവൻ
ഓം ചേരി എൻ.എൻ. പിള്ള എഴുതിയ 'നന്ദി ഒരു വെറും വാക്കല്ല' എന്ന പുസ്‌കത്തിലെ അച്ചടിപ്പിശക് വിവാദമാകുന്നു. പുസ്തകത്തിലെ ആമുഖക്കുറിപ്പിൽ ശ്രീനാരായാണഗുരുവിന്റെ പ്രസിദ്ധ വചനം തെറ്റായി അച്ചടിച്ചുവന്നതിനെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. 'അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചിടേണം' എന്ന വരിയിൽ തഴപ്പതിനായി എന്നതിനുപരകം തകർപ്പതിനായി എന്ന് അച്ചടിച്ചുവന്നതാണ് ശ്രീനാരായണഗുരുഭക്തരെ ക്ഷുഭിതരാക്കിയിരിക്കുന്നത്.
അയൽപക്കബന്ധങ്ങൾ തഴച്ചുവളരുന്നതിനായി മനുഷ്യൻ സമചിത്തതയോടെ, സന്ദർഭാനുസരണമായി പെരുമാറണം എന്ന ഗുരു വചനത്തെ അയൽപക്കം തകർക്കുന്നതിനായി എന്നർഥം വരുന്ന രീതിയിൽ അച്ചടിച്ചു വന്നത് അക്ഷന്തവ്യമാണെന്നും പുസ്തകം പിൻവലിക്കണമെന്നുമാണ് ആവശ്യമുയർന്നിരിക്കുന്നത്.
ഈ തെറ്റ് കേവലമൊരു അച്ചടിപ്പിശകായി കാണാതെ, ഭാവിയിൽ ഇതുമൂലം വന്നുചേരുന്ന ഗുരുതരമായ പ്രത്യാഘാതത്തെയാണ് ശ്രീനാരായണ ഗുരുഭക്തർ ചൂണ്ടിക്കാണിക്കുന്നത്. എഴുത്തുകാരുടെയും പ്രസാധകരുടെയും കാലം കഴിഞ്ഞാലും പുസ്തകം നിലനിൽക്കുമെന്നതിനാൽ വരുംതലമുറ ഇത്തരത്തിൽ അയൽപക്കം തകർക്കാൻ ആഹ്വാനം ചെയ്യുന്ന വ്യക്തിത്വമായിട്ടാണ് ഗുരുദേവനെ കാണുകയെന്നും അതിലൂടെ മനുഷ്യവിരോധിയായ ഗുരുവിനെയാണ് വരും തലമുറ മനസ്സിൽ പ്രതിഷ്ഠിക്കുകയെന്നുമാണ് നാരായണ ഗുരുഭക്തരുടെ വാദം.
തനിക്കു പറ്റിപ്പോയ അച്ചടിപ്പിശകാണ് എന്ന് ഏറ്റു പറയാൻ എഴുത്തുകാരനോ പ്രസാധകരോ ഇല്ലാത്ത കാലത്തും നിലനിൽക്കുന്ന പുസ്തകത്തിലൂടെ ഗുരുവിനെപ്പോലുള്ള വിശ്വസമ്പത്തിനെ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ക്ഷമിക്കാൻ കഴിയില്ല എന്നതിനാൽ പുസ്തകം ഉടൻ തന്നെ പിൻവലിക്കുകയോ തെറ്റ് തിരുത്തി വീണ്ടും അച്ചടിക്കുകയോ വേണമെന്ന ആവശ്യത്തെത്തുടർന്ന് പ്രസാധകർ പുസ്തകം പിൻവലിക്കുന്നതായി അറിയിച്ചു.
Content Highlights: Sree Narayana Guru misquoted in new book
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..