എൻ.എൻ കക്കാട്, എം.ബി രാജേഷ്
കേരള സാഹിത്യ അക്കാദമിയും കക്കാട് സ്മാരക വായനശാലയും അവിടനല്ലൂരില്‍ സംഘടിപ്പിച്ച 'കക്കാടും മലയാളകവിതയിലെ ആധുനികതയും' സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ എം.ബി. രാജേഷ് നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം.
മലയാള കവിതയില്‍ പുതുവഴി വെട്ടിയ കവിയാണ് എന്‍.എന്‍. കക്കാട്. ചങ്ങമ്പുഴയും ഇടപ്പള്ളിയും സൃഷ്ടിച്ച റൊമാന്റിക് വസന്തം മലയാള കവിതയില്‍ ഉണ്ട്. അതിന് ശേഷം വ്യത്യസ്തമായ രചനാശൈലി പിന്തുടര്‍ന്ന വൈലോപ്പിള്ളിയും ഇടശ്ശേരിയും നമ്മുടെ മുമ്പിലുണ്ട്. അറുപതുകളോടെ ആധുനികത എന്ന് വിളിക്കുന്ന ഒരു പ്രവണത മലയാള കവിതയില്‍ സാഹിത്യത്തില്‍ രൂപപ്പെട്ട് വരികയുണ്ടായി. മലയാള കവിതയുടെ ദിശാപരിണാമത്തില് നിര്‍ണായക പങ്കു വഹിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്ത കവിയാണ് അദ്ദേഹം എന്ന് പറയാന്‍ കഴിയും. പുതുവഴി വെട്ടിയ കവിയാണ് എന്‍ എന്‍. കക്കാട്.
പുതുവഴി വെട്ടുമ്പോള്‍ ഉണ്ടാവാവുന്ന അപകടങ്ങളെക്കുറിച്ചും പുതുവഴി വെട്ടുന്നവര്‍ക്ക് ഉണ്ടാവുന്ന ദുരിതങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരുവഴിയില്‍ പെരുവഴി നല്ലൂ ചങ്ങാതി എന്ന് പറയുന്ന വരികള്‍ നമ്മുടെ എല്ലാവരുടേയും ഓര്‍മ്മയില്‍ ഉണ്ട്. കക്കാടിനെ ഇന്ന് ഓര്‍മ്മിക്കുമ്പോള്‍ അദ്ദേഹം മുമ്പ് എഴുതിയ വരികള്‍ ഇന്നും എത്രത്തോളം പ്രസക്തമാണ് എന്ന് തിരിച്ചറിയാന്‍ കഴിയും. എത്ര ദീര്‍ഘവീക്ഷണത്തോട് കൂടിയാണ് അദ്ദേഹം അന്ന് എഴുതിയത് എന്ന് ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍ നോക്കുമ്പോള്‍ കാണാന്‍ കഴിയും.
സ്വാതന്ത്ര്യം കിട്ടിയ ശേഷം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പൊലിഞ്ഞ് തുടങ്ങിയ കാലമാണ് അറുപതുകള്‍. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍ അസ്തമിക്കുന്നതും അത് അസംതൃപ്തിക്ക് വഴിമാറുകയും ആ അസംതൃ പുകഞ്ഞു തുടങ്ങുകയും ചെയ്ത കാലം. ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ കക്കാടിനെപ്പോലെ ഒരു കവിയെ ആ അസംതൃപ്തി സ്വാധീനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ കവിതകളില്‍ അമര്‍ഷമായി, പ്രതിഷേധമായി പ്രതിഫലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ കവിതകള്‍ ഇന്ന് മറ്റൊരു സാഹചര്യത്തിലാണെങ്കിലും പ്രസക്തമായി നമുക്ക് അനുഭവപ്പെടുന്നുണ്ട്.
'ഈ അടുക്കള നോക്കൂ' എന്ന് കക്കാട് എഴുതിയ കവിത ഇപ്പോള്‍ വായിക്കുമ്പോള്‍ നമുക്ക് നമ്മളെ തന്നെ ഓര്‍മ്മ വന്നേക്കാം... ആരോ തെളിക്കുന്ന വഴികളിലൂടെ പോകുന്ന ആട്ടിന്പറ്റങ്ങളെക്കുറിച്ച് അന്ന് കക്കാട് എഴുതിയതും പ്രസിദ്ധമാണ്. അവയ്ക്ക് അവയെപ്പറ്റി ഒന്നും തോന്നുന്നില്ല. അവയ്ക്ക് നമ്മെപ്പറ്റിയും ഒന്നും തോന്നുന്നില്ല. നമുക്ക് അവയെപ്പറ്റിയും നമുക്ക് നമ്മെപ്പറ്റിയും ഒന്നും തോന്നുന്നില്ല. ഇന്നത്തെ ഭീതിതമായ കാലത്ത് നമ്മളില്‍ വലിയ ഒരു വിഭാഗം പുലര്‍ത്തുന്ന നിസംഗതയെക്കൂടി സ്പര്‍ശിക്കുന്ന വരികളാണ് ഇതെന്ന് എനിക്ക് തോന്നുന്നു. അടിയന്തരാവസ്ഥക്കെതിരെ ശക്തമായി പ്രതികരിച്ച കവിയാണ് കക്കാട്. എഴുത്തോ നിന്റെ കഴുത്തോ എന്ന നിലയിലുള്ള ഒരു കാലമായിരുന്നു അത്. വ്യവസ്ഥയോടും ഭരണകൂടത്തോടും പൊരുത്തപ്പെട്ട് നിശബ്ദനാവുകയോ ഭരണകൂടത്തെ വാഴ്ത്തുകയോ അല്ല കക്കാട് ചെയ്തത്. അടിയന്തരാവസ്ഥയോട് ഏറ്റവും രൂക്ഷമായി പ്രതികരിച്ചവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു അദ്ദേഹം.
.jpg?$p=eb758f7&w=610&q=0.8)
അക്കാലത്ത് നടന്ന ജനാധിപത്യ ധ്വംസനത്തിനെതിരായി പൗരാവകാശ നിഷേധത്തിനെതിരായി പലരും സൗകര്യപൂര്‍വം മൗനവും നിശബദ്തതയും പ്രാപിച്ചപ്പോള്‍ ആ നിശബ്ദത ഭഞ്ജിച്ചാണ് കക്കാട് 'പോത്ത്; എന്ന കവിത എഴുതിയത്. ആ കവിതയില്‍ കക്കാട് പറയുന്നുണ്ട് 'ചത്ത കാലം പോല്‍ തളം കെട്ടിയ ചളിക്കുണ്ടില്‍ ശവംനാറിപ്പുല്ല് തിന്ന് ആവോളവും കൊഴുത്ത നീ ആകവേ താഴ്ത്തി നീ ശാന്തനായി കിടക്കുന്നു. വട്ടക്കൊമ്പുകളുടെ കീഴെ കുറി മന്തന് കണ്ണാല്‍ നോക്കി നീ കണ്ടതും കാണാത്തതും അറിയാതെ നീ എത്ര തൃപ്തനായി കിടക്കുന്നു. നിന്റെ ജീവനില്‍ അഴുകിയ ഭാഗ്യം എന്തൊരു ഭാഗ്യം...' എന്നാണ്. നമ്മുടെ കാലത്തിന്റെ അനീതികളോട് മൗനം പാലിക്കുന്ന അത് കണ്ടതായി ഭാവിക്കാത്ത നിസ്സംഗതയെ ആണ് കക്കാട് ഈ വരികളിലൂടെ ഒരു ദയയും ഇല്ലാതെ അനാവരണം ചെയ്യുന്നത്.
അത് ഇന്നും ബാധകമാണ്. കാരണം അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ ഒരു കാലത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. അന്ന് നടന്നതിനേക്കാള്‍ ക്രൂരമായ ഭരണകൂട ഭീകരതയാണ് ഇന്ന് ഉള്ളത്. കുറിമന്തന് കണ്ണ് കൊണ്ട് ഇതൊന്നും കണ്ടതായി കണക്കാക്കാതെ കഴിയുന്ന ഒരു വലിയ ജനവിഭാഗം ഇന്നും നമ്മുടെ ഇടയിലുണ്ട്. ആ കൂട്ടത്തില്‍ നമ്മുടെ മാധ്യമങ്ങളുണ്ട്. ബുദ്ധി ജീവികള്‍ എന്ന് നടിക്കുന്നവരുണ്ട് പണ്ഡിതന്മാരുണ്ട്, അതിനോട് പ്രതികരിക്കുകയും അതിന് വില കൊടുക്കയും ചെയ്യുന്നവരുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..