ഡൽഹി ബിക്കാനീർ ഹൗസിലെ കലംകാർ ആർട്ട് ഗാലറിയിലൊരുക്കിയ മകൻ ആശിഷിന്റെ ചിത്രപ്രദർശനം കാണാനെത്തിയ യെച്ചൂരി, ആശിഷ്
ന്യൂഡല്‍ഹി: ''അവന്റെ മുപ്പത്തിയാറാമത് പിറന്നാളാണ് വ്യാഴാഴ്ച. അവന്റെ അകാലവിയോഗത്തെത്തുടര്‍ന്ന് വികാരഭരിതമായ കാലത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. എങ്കിലും പിറന്നാളിനോട് ചേര്‍ന്നുനില്‍ക്കുന്ന ദിവസംതന്നെ അവന്റെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രദര്‍ശനമൊരുക്കാന്‍ സാധിച്ചത് മനസ്സിന് സമാധാനം നല്കുന്നു'' ഇടറിയശബ്ദത്തില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ സീതാറാം യെച്ചൂരി നില്ക്കുമ്പോള് ആശിഷിന്റെ ഭാര്യ സ്വാതി സങ്കടത്തില്മുങ്ങി അടുത്തുണ്ടായിരുന്നു. ഹാളിലെ ചുവരുകളില്‍ തൂങ്ങിയ ജീവന്‍തുടിക്കുന്ന ചിത്രങ്ങളിലൂടെ ആശിഷ് വാക്കുകള്‍ക്ക് നിശ്ശബ്ദം കാതോര്‍ത്തു.
2021 ഏപ്രിലില്‍ കോവിഡ് കവര്‍ന്ന മകന് ആശിഷ് യെച്ചൂരി, യാത്രകള്‍ക്കിടെ കൗതുകത്തിനായി പകര്‍ത്തിയ ഫോട്ടോകള്‍ ചേര്‍ത്ത് മരുമകള്‍ സ്വാതി ചാവ്ല ഡല്‍ഹി ബിക്കാനീര്‍ ഹൗസിലെ കലംകാര്‍ ആര്‍ട്ട് ഗാലറിയിലൊരുക്കിയ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചിത്രങ്ങള്‍ ഓരോന്നും നടന്നുകാണുമ്പോള്‍ വികാരഭരിതനായ യെച്ചൂരി, സ്വയംനിയന്ത്രിക്കാന്‍ നന്നെ വിഷമിച്ചു.
ഒരുഘട്ടത്തില്‍ വിങ്ങിപ്പൊട്ടിയ യെച്ചൂരി പ്രദര്‍ശനം ഒറ്റയ്ക്കുകാണണമെന്ന് ആഗ്രഹിച്ചു; അല്പസമയത്തേക്ക് ആളൊഴിഞ്ഞ ഹാളില്‍ അച്ഛനും മകനും ചിത്രങ്ങളുമായി. കലുഷിതമായ രാഷ്ട്രീയ അടിയൊഴുക്കുകളില്‍ അടിപതറാത്ത നേതാവ് മകന്റെ അകാലവിയോഗമേല്പ്പിച്ച മുറിവില്‍ ഒരു സാധാരണപിതാവായി. 'ഇതില്‍ ഏതുചിത്രമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന്' പ്രദര്‍ശനത്തിനെത്തിയ ഓരോരുത്തരോടും യെച്ചൂരി മാറിമാറി ആരാഞ്ഞു. കാണികള്‍ ചൂണ്ടിക്കാണിക്കുന്ന ഇഷ്ടചിത്രത്തെക്കുറിച്ചും അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചും ഇടമുറിയാതെ വാചാലയായി പ്രദര്‍ശനഹാളില്‍ ആശിഷിന്റെ ഭാര്യ സ്വാതിയുമുണ്ടായിരുന്നു.
ആശിഷിന് യാത്രകളേറെ ഇഷ്ടമായിരുന്നുവെന്ന് സ്വാതി പറഞ്ഞു. ''ഇന്ത്യയായിരുന്നു ഫോട്ടോഗ്രാഫിക് പരീക്ഷണശാല. ആകാശവും പക്ഷികളും കാടും ഏറെയിഷ്ടം. വിയോഗം വല്ലാത്തൊരു ശൂന്യതയാണ് സമ്മാനിക്കുന്നത്. ആശിഷ് ഇവിടെയുണ്ടായിരുന്നെങ്കിലെന്ന് വെറുതേയെങ്കിലും ചിന്തിച്ചുപോകുന്നു'' നിറകണ്ണുകളോടെ സ്വാതി പറഞ്ഞു.
ഇന്ത്യ, യു.കെ., മാലദ്വീപ്, ഉസ്ബെക്കിസ്താന് എന്നിവിടങ്ങളിലെ യാത്രകള്‍ക്കിടെ ആശിഷ് 2007നും 2021നും ഇടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് ഏറെയും. പ്രകൃതിയും ഏകാന്തതയുമാണ് പ്രിയപ്രമേയം. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജുംദാറിന്റെയും മകനായ ആശിഷ് എന്ന ബിക്കു 'ന്യൂസ് ലൗണ്ട്രി'യില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു മരണം.
മുമ്പ് ടൈംസ് ഓഫ് ഇന്ത്യയിലും ന്യൂസ് 18 ചാനലിലും പുണെ മിററിലും ഏഷ്യാവില്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ത്രിവേദി കലാസംഗമില്നിന്ന് ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ആശിഷിന്റെ ആദ്യകാല ഫോട്ടോഗ്രാഫിക് പരീക്ഷണങ്ങളെല്ലാം മുത്തച്ഛന്റെ അമ്പതുവര്‍ഷം പഴക്കമുള്ള ക്യാമറയിലായിരുന്നു. പ്രദര്‍ശനം ജൂണ്‍ 12 വരെ തുടരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..