സിലയിടങ്കളിൽ സില മനിതർകൾ പ്രിഥ്വിരാജ് പ്രകാശനം ചെയ്യുന്നു
ഫോട്ടോഗ്രാഫറും നടനും ഡോക്യുമെന്ററി സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യപുസ്തകം 'സിലയിടങ്കളിൽ സില മനിതർകൾ' ശ്രദ്ധ നേടുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകൻ നാദിർഷാ, നടന്മാരായ പൃഥ്വിരാജ്, ആസിഫ് അലി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, നടി ജൂവൽ മേരി എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
2015 മുതൽ അരുൺ പുനലൂർ ഫെയ്സ്ബുക്കിൽ എഴുതിയ അനുഭവക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, കഥകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത 61 എഴുത്തുകളാണ് പുസ്തകത്തിൽ ഉള്ളത്. ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി കവർ ചിത്രമാകുന്ന പുസ്തകത്തിനു മാധ്യമപ്രവർത്തകൻ പ്രേം ചന്ദ് ആണ് അവതാരിക എഴുതിയിട്ടുള്ളത്. റസൂൽ പൂക്കുട്ടി, നാദിർഷാ, എഴുത്തുകാരായ എബ്രഹാം മാത്യു, ഇന്ദുമേനോൻ എന്നിവർ ആസ്വാദനക്കുറിപ്പുകൾ എഴുതിയിരിക്കുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റായ രതീഷ് രവിയാണ് കവർ ചിത്രം വരച്ചത്.
ഹിന്ദി, തമിഴ്, മറാത്തി, കന്നഡ, മലയാളം സിനിമാ മേഖലയിൽ നിന്നുള്ള നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും , രാഷ്ട്രീയ, സാമൂഹിക,മാധ്യമ, സാഹിത്യ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയായിരുന്നു പുസ്തകത്തിന്റെ കവർ റിലീസ്. ബിഎസ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയത്.

സിലയിടങ്കളിൽ സില മനിതർകൾ - ജീവിതത്തെ കുറിച്ചുള്ള തുറന്നെഴുത്ത് പുസ്തകം; പുസ്തകം വായിച്ച വിഷ്ണു അഞ്ചൽ എഴുതുന്നു
ഒരു കഥ ജനിക്കുന്നത് എപ്പോൾ എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് ഒരു പ്രസവവേദനയ്ക്ക് സമമാണ്. അത് അനുഭവത്തിൽ നിന്നാകുമ്പോൾ വേദനകൂടും...
അരുൺ പുനലൂർ - ആദ്യമായി ഇദ്ദേഹത്തെ കാണുന്നത് എന്റെ ഡിഗ്രി പഠനകാലത്ത് ഓർമയിൽ ഒരു ഒറ്റയടിപ്പാത എന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ടാണ്. പിന്നെ പുനലൂരിന്റെ തെരുവുകളിൽ പലതവണ കണ്ട് പരിചിതമായ മുഖം. കൂടാതെ നമ്മുടെ നാട്ടിൽ നിന്നുള്ള സിനിമാതാരം, എപ്പോഴോ വായിക്കാൻ ഇടയായ ചില ഫേസ്ബുക്ക് പോസ്റ്റുകൾ. പിന്നീട് ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ഥിരം വായനക്കാരനായി ഞാനും പതിയെ മാറി.
അരുൺ അണ്ണന്റെ കൈയിൽ നിന്ന് പുസ്തകം വാങ്ങുമ്പോൾ എനിക്ക് നല്ല സന്തോഷമാണ് തോന്നിയത്. അത് മറ്റൊന്നും അല്ല, മറ്റ് ചിലരുടെ സ്വപ്നസാക്ഷാത്കാരം നമ്മളെ വല്ലാതെ പ്രചോദിപ്പിക്കും. വിളക്കുപാറയിലെ ഒരു ഓസ്കർ കാലത്തെപ്പോലെ.
സിലയിടങ്കളിൽ സില മനിതർകൾ വായിച്ച് തുടങ്ങിയത് കല്ലടയാറിന്റെ തീരത്ത് ഇരുന്നാണ്. വായനയിലേക്ക് കടന്നപ്പോൾ രസം കൊല്ലിയായി ഒരു സുഹൃത്ത് വന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റ് പുകയൂതി അവൻ പറഞ്ഞ ആദ്യ വാക്യം "ഓ അരുൺ പുനലൂരിന്റെ പുസ്തകമായിരിക്കും കുൽസിതത്തിന്റെ മേളമായിരിക്കും." മറുപടി കൊടുക്കണ്ട എന്ന് എനിക്കും തോന്നി. ഈ പുസ്തകത്തിലെ 192 പേജുകളും കഥയല്ല ജീവിതമാണ്, നാം കണ്ട നാം അറിഞ്ഞ പച്ചയായ ജീവിതങ്ങൾ. ഇതിൽ പറയുന്ന പല സാഹചര്യങ്ങളും നമ്മൾ എവിടെ എങ്കിലും അനുഭവിച്ചതാവും പക്ഷേ അത് എപ്രകാരം ആവിഷ്കരിക്കാം എന്നതാണ് ഈ പുസ്തകത്തിന്റെ വിജയം.
നിങ്ങൾ തുറന്ന് എഴുതുന്നു. ഞാൻ ഇതാണ് എന്ന ഉത്തമ ബോധ്യത്തോടെ... ഇത് ഒരു സ്വതന്ത്ര്യമാണ്. മനസ്സിനെ ചങ്ങലയ്ക്ക് ഇടാൻ മനസ്സില്ലാത്തവന്റെ സ്വതന്ത്യത്തിന്റെ എഴുത്ത്. എഴുത്തുകാരൻ പറഞ്ഞ വാക്കുകളിൽ അത് പ്രകടമാണ്." ഇതുപോലെ എത്രയെത്ര കഥകൾ എന്റെ ഉള്ളിലിരുന്നു വീർപ്പു മുട്ടുന്നുണ്ട് നിങ്ങൾക്കറിയാമോ?"
അനുഭവങ്ങൾ വരികൾ ആകുന്നതിന്റെ ഒരു താളം ഉണ്ട് ഈ രചനയ്ക്ക്. സാഹിത്യത്തിന്റെ ഭാരം പേറി നടക്കുന്നവർ ഈ പുസ്തകം വായിക്കാതിരിക്കൂ. കാരണം ഈ പുസ്തകം നിങ്ങളുടെ സദാചാര സങ്കൽപ്പങ്ങളെ ഈ പുസ്തകം ബാലാൽസംഗം ചെയ്യും.
ഈ പുസ്തകം ഒന്ന് പറയുന്നു. ജീവിമെന്തെന്ന് പഠിപ്പിച്ചു തരാൻ പുസ്തകങ്ങൾക്കാവില്ല... അതിന് ജീവിച്ചു തീർത്ത അനുഭവങ്ങൾ വേണം...
അതേ... അതാണ് സത്യം. ഈ രചനയുടെ തിളക്കവും അതാണ്. സ്വയം അടയാളപ്പെടുത്തിയ അക്ഷരങ്ങളാൽ തീർത്ത, തുറന്ന് പറച്ചിലിന്റെ പുസ്തകം, ചിരിച്ചു, ചിന്തിച്ചു, മനസ് പിടച്ച് ഞാൻ ഈ പുസ്കം വായിച്ച് തീർന്നു.
ഈ പുസ്തകം ഒരു പ്രതീക്ഷയാണ്, ലക്ഷ്യം എന്നത് വെറും സ്വപ്നമല്ല, മറിച്ച് ലക്ഷ്യം എന്നാൽ ജീവിക്കാൻ വായുവും, ജലവും പോലെ ഒന്നാണ് എന്ന തോന്നലാണ്. യാത്ര തുടരൂ പ്രിയപ്പെട്ടവനെ കാരണം... നിങ്ങൾ ഒരു ദിശാസൂചികയാണ്...സ്വന്തമായി പാതയുണ്ടാക്കി അതിലൂടെ മറ്റുള്ളവരെ നടത്താൻ പാകത്തിനുള്ള ദിശാ സൂചിക ....
നമ്മുടെ നാട്ടിൽ നമ്മുടെ ഇടത്തിൽ നിന്ന് ഉയർന്ന് വന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ സ്വാഭാവികമായി ഉണ്ടാകുന്ന നാട്ടുതിമിരം എന്നെയും ബാധിക്കും.
"ജീവിതം എന്നാൽ ഒരാൾക്ക് എന്തു സംഭവിച്ചു എന്നല്ല; അയാൾ എന്തോർക്കുന്നു, എങ്ങനെ ഓർക്കുന്നു എന്നതാണ്. "
അതേ നാളെയുടെ ഉദയങ്ങളിൽ ഓർക്കാൻ പാകത്തിന് താങ്കൾ അടയാളപ്പെടട്ടെ.
Content Highlights: Silayidangalil sila manitharkal book written by Arun Punalur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..