ശ്യാം സുധാകർ, ബംഗാളി കവിതാ സമാഹാരം കവർ
സ്വന്തം സൃഷ്ടികള്‍ ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് ഭാഗ്യമാണെങ്കില്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്യാം സുധാകറിന്റേത് ചില്ലറ ഭാഗ്യമല്ല. ഒന്നും രണ്ടുമല്ല പത്ത് ഭാഷകളിലേക്കാണ് ഈ യുവാവിന്റെ കവിതകള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നത്.
പ്ലസ് ടു വിദ്യാര്‍ഥിയായിരിക്കെ 'ഈര്‍പ്പം' എന്ന ആദ്യ സമാഹാരം പ്രസിദ്ധീകരിച്ച ശ്യാം സുധാകര്‍ മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ എഴുതുന്നു. ഫ്രഞ്ച്, ചൈനീസ്, ഡാനിഷ്, ഭാഷകളിലും തമിഴ്, കന്നട, ഹിന്ദി, ബംഗാളി, ആസമീസ്, മണിപ്പൂരി ഭാഷകളിലും ശ്യാമിന്റെ കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
പൂങ്കുന്നത്തെ ഫ്‌ളാറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ശ്യാം പട്ടാമ്പി നെല്ലിക്കാട്ടിരി സ്വദേശിയാണ്. തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലെ പഠനത്തിന് ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിന് ചേര്‍ന്നതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് ശ്യാം സുധാകര്‍ പറയുന്നു.
മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രേലിയന്‍ സ്റ്റഡീസ് വിഭാഗവുമായുള്ള അടുപ്പം സിഡ്‌നി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ് എന്ന സാംസ്‌കാരിക സംഘടനയില്‍ ശ്യാമിനെ എത്തിച്ചു. ലോക കവിതകളിലുള്ള അവഗാഹം, ഏറെ താമസിയാതെ ശ്യാം സംഘടനയുടെ പോയട്രി അഡ്വൈസറായി. 2009ല്‍ സംഘടന ഡയറക്ടറായ ക്രിസ്റ്റീന്‍ വില്യംസ്, ശ്യാമിനെ ബ്രിസ്‌ബേയ്‌നില്‍ നടന്ന പോയട്രി ഫെസ്റ്റിവലിലേക്ക് പ്രഭാഷണത്തിന് ക്ഷണിച്ചു. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ രചനകളില്‍ പഠനം നടത്തി പി.എച്ച്.ഡി. നേടിയയാളാണ് ക്രിസ്റ്റീന്‍.
അതൊരു തുടക്കമായി. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തും നിരവധി കവിതാ ഫെസ്റ്റിവലുകളില്‍ പങ്കെടുത്തു. യാത്രകള്‍ക്കും സൗഹൃദങ്ങള്‍ക്കുമൊപ്പം കവിതകളും ദേശാന്തരങ്ങള്‍ താണ്ടുകയായിരുന്നുവെന്ന് ശ്യാം പറയുന്നു.
ഇതിനിടെ തമിഴിലും ഫ്രഞ്ചിലും ശ്യാമിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചു. തമിഴില്‍ 'ശ്യാം സുധാകര്‍ കവിതൈകള്‍' എന്ന സമാഹാരം മദ്രാസ് ബുക്‌സ് ഫെയറില്‍ വെച്ചാണ് പ്രകാശനം ചെയ്തത്. ഖസാക്കിന്റെ ഇതിഹാസം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ യുമാ വാസുകിയായിരുന്നു തമിഴിലേക്ക് മൊഴിമാറ്റിയത്. ചൈനീസില്‍ ഷാങ്ഹായ് കവികളില്‍ ശ്രദ്ധേയനായ സെന്‍ യോങിന്റെ വിവര്‍ത്തനവും വലിയ സ്വീകാര്യത നേടി. 'ദി പ്രെയര്‍' എന്ന പേരില്‍ ഇംഗ്ലീഷില്‍ ഇറങ്ങിയ 'അഭ്യര്‍ത്ഥന', ദി 'ട്രാപ്' എന്ന പേരിലിറങ്ങിയ 'നിശബ്ദം' എന്നീ കവിതകളാണ് ചൈനീസില്‍ പ്രസിദ്ധീകരിച്ചത്.
2013ല്‍ വീണ്ടും ഓസ്‌ട്രേലിയയില്‍. തുടര്‍ന്ന് ഗവേഷണാവശ്യത്തിന് മ്യാന്‍മറില്‍. എല്ലാം സിഡ്‌നി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ധനസഹായത്തോടെയായിരുന്നു.
'ഡ്രഞ്ച്ഡ് ബൈ ദ സണ്‍' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും 'സ്ലൈസിങ്ങ് ദി മൂണ്‍' എന്ന രണ്ടുഭാഷകളിലായുള്ള കവിതകളുടെ ദൃശ്യാവിഷ്‌കാരവും പുറത്തുവന്നു.
മദ്രാസ് കേരള സമാജം കവിതാ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ശ്യാമിന് ലഭിച്ചു. ആദ്യ പുസ്തകമായ ഈര്‍പ്പം 2001ലെ മികച്ച പത്തു പുസ്തകങ്ങളിലൊന്നായി ഇന്ത്യ ടുഡേ തിരഞ്ഞെടുത്തിരുന്നു. 2014ല്‍ മലയാളത്തില്‍ രണ്ടാമത്തെ സമാഹാരം 'അവസാനത്തെ കൊള്ളിമീന്‍ പുറത്തിറങ്ങി. ബ്രിസ്‌ബേയിന്‍ പോയട്രി ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കവിത വായിച്ചിട്ടുള്ള ശ്യാം സുധാകര്‍ കോണ്‍സ്‌പെക്റ്റസ് എന്ന ഇംഗ്ലീഷ് അക്കാദമിക് ജേര്‍ണലിന്റെ എഡിറ്ററുമാണ്.

ശ്യാമിന്റെ 'കടലിന്റെ കാവല്‍കാരന്‍' എന്ന കവിതാ സമാഹാരം കഴിഞ്ഞ കല്‍ക്കട്ട ബുക്‌സ് ഫെയറിലെ ബെസ്റ്റ് സെല്ലറായിരുന്നു. 'സമുദ്രേര്‍ പ്രഹരി' എന്ന പേരില്‍ പിയാലി ചക്രബര്‍ത്തിയാണ് വിവര്‍ത്തനം ചെയ്തത്. ആദ്യ പതിപ്പിന് ലഭിച്ച വലിയ സ്വീകാര്യത മൂലം രണ്ടാം പതിപ്പിന്റെ പ്രകാശനത്തിന് പ്രസാദകരുടെ അതിഥിയായി ശ്യാം കല്‍ക്കട്ടയിലുമെത്തി. മൂന്നാഴ്ച കൊണ്ടാണ് ഒന്നാം പതിപ്പ് വിറ്റുതീര്‍ന്നത്.
ശ്യാമിന്റെ 'വിരലിനോളം പോന്നൊരു യക്ഷി' എന്ന കവിത പശ്ചിമ ബംഗാളിലെ കല്യാണി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തിന് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസിരിസിനെ കുറിച്ചുള്ള ദീര്‍ഘകവിത മുചിരി, ഒരിക്കല്‍ ഒരു ഉറുമ്പ്, ഈര്‍പ്പം, കാല ദീപകം എന്നീ കവിതകളും തമിഴിലും ബംഗാളിയിലും ശ്രദ്ധനേടിയവയാണ്.
കവിതയോടൊപ്പം വിവര്‍ത്തനവും ചെയ്യുന്ന ശ്യാം ഒമ്പതാം നൂറ്റാണ്ടിലെ തമിഴ് ഭക്തകവി ആണ്ടാളിന്റെ 'തിരുപ്പാവൈ' മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. 30 ശ്രീകൃഷ്ണ സ്തുതികള്‍ അനുഷ്ടുപ്പ് വൃത്തത്തിലാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പെര്‍ഫോമിങ് പോയട്രി എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ശ്യാം സുധാകര്‍ ആണ്ടാളിന്റെ 'നാച്ചിയാര്‍ തിരുമൊഴി' മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: shyam sudhakar poems
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..