ഫ്രാൻസെസ്ക് മിറാലെസ്, അമിതാവ് ഘോഷ്, പി.എഫ് മാത്യൂസ്
ഷാര്‍ജ: നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാനദിവസങ്ങള്‍ വിവിധ ശ്രേണികളില്നിന്നുള്ള അതിഥികളാല്‍ സമ്പന്നം. സാഹിത്യ സാംസ്കാരിക ചര്‍ച്ചകള്‍ക്കൊപ്പം ലോകത്തിന്റെ നിലനില്‍പ്പും അതിജീവനവുംകൂടി ചര്‍ച്ചചെയ്യപ്പെടുന്ന പുസ്തകമേളയാവുകയാണ് ഇത്തവണത്തെ ഷാര്‍ജാ പുസ്തകോത്സവം.
നവംബര്‍ 12 വെള്ളിയാഴ്ച വൈകീട്ട് ആറുമണിമുതല്‍ ഏഴുവരെ ഡിസ്കഷന് ഫോറം രണ്ടില്‍ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ ജീവിതത്തിന്റെ ആനന്ദസൂക്തം അഥവാ 'ഇകിഗായ്' എന്ന ലോകോത്തര ബെസ്റ്റ് സെല്ലര്‍ പുസ്തകത്തെക്കുറിച്ചും ഇകിഗായ് എന്ന ആശയത്തെക്കുറിച്ചും ജീവിതത്തില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും കൃതിയുടെ സഹ-രചയിതാവ് ഫ്രാന്‍സെസ്ക് മിറാലെസ് സംസാരിക്കും.
എഴുത്തുകാരന് പി.എഫ്. മാത്യൂസ് മലയാള സാഹിത്യ ഭൂമികയെക്കുറിച്ചും കോവിഡ് വ്യാപനകാലത്തെ എഴുത്തുവഴികളെക്കുറിച്ചും സമീപകാല കൃതികളെക്കുറിച്ചും ആസ്വാദകരോട് സംവദിക്കും. ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കുട്ടിസ്രാങ്ക്, ഈ മ യൗ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് മുന്‍കാല കൃതികളില്‍നിന്ന് വ്യത്യസ്തമായി പുതിയ കൃതിയായ 'കടലിന്റെ മണം' എന്ന നോവലില്‍ സ്വീകരിച്ചിരിക്കുന്ന പുതിയ പ്രമേയത്തെയും പരിചയപ്പെടുത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറുമണി മുതല്‍ ഏഴുവരെ ഇന്റലക്ച്വല്‍ ഹാളിലാണ് പരിപാടി.
ജ്ഞാനപീഠ പുരസ്കാരജേതാവ് അമിതാവ് ഘോഷ്, ഏറ്റവും പുതിയ കൃതിയായ 'ഒരു ജാതിക്ക ശാപം'- 'പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങള്‍' എന്ന നോവലിലേക്കാണ് ആസ്വാദകനെ ക്ഷണിക്കുന്നത്. ലോകമെങ്ങും സജീവ ശ്രദ്ധയിലുള്ള ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, അവ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെ അഭിസംബോധന ചെയ്യുന്ന നോവല്‍ അതില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഇന്റലക്ച്വല്‍ ഹാളിലാണ് പരിപാടി നടക്കുക. കൂടാതെ, 'ഇന്‍ഡിക- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം' എന്ന കൃതിയുമായി യുവ എഴുത്തുകാരന് പ്രണയ് ലാലും ഉണ്ടാകും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ പഠനങ്ങളെ മറികടന്ന്, സ്വാഭാവിക ജൈവിക ചരിത്രത്തില്‍ ഊന്നിക്കൊണ്ടുള്ള ഈ വിഷയത്തിലെ ഒരേയൊരു കൃതിയാണിതെന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഡിസ്കഷന് ഫോറം രണ്ടില്‍ വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് പരിപാടി.
Comtent Highlights : Sharjah Books Festival 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..