ഡോ. വെള്ളായണി അർജുനൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അര്‍ജുനന്‍(90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാത്രി എട്ടിന് നടക്കും.
വൈജ്ഞാനിക സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. സ്വന്തം പ്രതിഭകൊണ്ടും പ്രയത്‌നംകൊണ്ടും ഉയരങ്ങളിലെത്തിയ എഴുത്തുകാരനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. വെള്ളായണിയെ 2008ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടില്‍ പി.ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും ഏകമകനായാണ് വെള്ളായണി അര്‍ജുനന്‍ ജനിച്ചത്. മലയാളഭാഷാ സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, ഹിന്ദിഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും തമിഴ്, തെലുങ്ക്, കന്നഡ എന്നീ വിഷയങ്ങളില്‍ പി.ജി. ഡിപ്ലോമയും നേടി. ഡോക്ടറേറ്റും അലിഗഡ്, ആഗ്ര, ജബല്‍പ്പൂര്‍ എന്നീ സര്‍വകലാശാലകളില്‍നിന്ന് ഡി.ലിറ്റും കരസ്ഥമാക്കി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1975-ല്‍ സ്റ്റേറ്റ് എന്‍സൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എന്‍സൈക്ലോപീഡിയയെ ജനങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡയറക്ടര്‍, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ തുടങ്ങി പല പദവികളും വഹിച്ച അദ്ദേഹം നിരവധി പേര്‍ക്ക് ഗവേഷണത്തിനു വഴികാട്ടിയായി.
സര്‍വവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്റെ നിര്‍മാണത്തിലും പങ്കാളിയായി. നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികള്‍ സ്‌കൂള്‍-കോളേജ് തലങ്ങളില്‍ പാഠപുസ്തകങ്ങളായി. ഇരുപതോളം പുരസ്‌കാരങ്ങളും നേടി.
ഭാര്യ: രാധാമണി എ., മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.
Content Highlights: Vellayani Arjunan passes away, Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..