കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ മൃതദേഹം വെള്ളിയാഴ്ച തൈക്കാട് ഭാരത്ഭവനിൽ പൊതുദർശനത്തിനു വച്ചപ്പോൾ സ്പീക്കർ എ.എൻ.ഷംസീർ അന്ത്യാഞ്ജലിയർപ്പിക്കുന്നു
തിരുവനന്തപുരം: പാലക്കാട്ടു ജനിച്ച് പേരിനൊപ്പം പയ്യന്നൂര്‍ ചേര്‍ത്ത് തിരുവനന്തപുരത്തു ജീവിച്ച കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന് തലസ്ഥാനം വിടനല്‍കി.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വഞ്ചിയൂര്‍ മാതൃഭൂമി റോഡിലെ ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം തൈക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വച്ചു. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. വൈകീട്ടോടെ മൃതദേഹം തൃശ്ശൂരിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി തൃശ്ശൂര്‍ പാലയ്ക്കല്‍ ചൊവ്വൂര്‍ ഹരിശ്രീ നഗറിലെ ഇയ്യക്കാട്ടില്ലം വീട്ടില്‍ മൃതദേഹമെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് പൂങ്കുന്നം എം.എല്‍.എ. റോഡിലെ ശാന്തിഘട്ടില്‍ സംസ്കാരം നടക്കും.
വെള്ളിയാഴ്ച തൃശ്ശൂരിലെ അച്ഛനെയും അമ്മയെയും കാണാന്‍ അദ്ദേഹം മുന്‍കൂട്ടി യാത്ര തീരുമാനിച്ചിരുന്നു. അസുഖം കാരണം കാറോടിക്കാന്‍ ഡ്രൈവറെയും ഏര്‍പ്പാടാക്കിയിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. നിശ്ചയിച്ചതുപോലെ തൃശ്ശൂരിലേക്ക് സതീഷ് ബാബു പയ്യന്നൂര്‍ യാത്രപോയി; ഉയിരറ്റ ശരീരവുമായി. ഭാര്യ ഗിരിജയും മകള്‍ വര്‍ഷയും മറ്റു ബന്ധുക്കളും മൃതദേഹത്തെ അനുയാത്രചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ജോണ്‍ ബ്രിട്ടാസ് എം.പി., എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, എ.വിന്‍സെന്റ്, ഐ.ബി.സതീഷ്, വിവിധ കക്ഷിനേതാക്കളായ എം.എം.ഹസന്, പാലോട് രവി, സി.പി.ജോണ്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, ഡോ. കെ.ഓമനക്കുട്ടി, പ്രൊഫ. വി.മധുസൂദനന് നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, മുരുകന് കാട്ടാക്കട, എം.രാജീവ് കുമാര്‍, വിനോദ് വൈശാഖി, ബാബു കുഴിമറ്റം, സി.അനൂപ് തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
Content Highlights: Satheeshbabu Payyannur, Final Tribute, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..