സാറാ ജോസഫ്
തൃശ്ശൂര്‍: ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം, സമ്പത്തിന്റെ ജനാധിപത്യവത്കരണം തുടങ്ങിയ വെളിച്ചങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതായിരിക്കുകയാണെന്ന് എഴുത്തുകാരി സാറാജോസഫ്. ഇവയ്ക്കുമേല്‍ വീണ നിഴലുകളെ മായ്ച്ച് വെളിച്ചം വരുത്തുന്നതിന് ചരിത്രത്തില്‍നിന്ന് ശക്തി വലിച്ചെടുക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
മാതൃഭൂമി അക്ഷരോത്സവത്തിന് മുന്നോടിയായി തൃശ്ശൂര്‍ ജില്ലയിലെ ആദ്യപ്രഭാഷണം സെയ്ന്റ് മേരീസ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്ന സാറാജോസഫ്. 'ഇന്നലെയുടെ നിഴല്‍, നാളെയുടെ വെളിച്ചം' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. വിദേശത്ത് പോകുന്നവര്‍ക്ക് തിരിച്ചുവരാനും ഇവിടെയുള്ളവര്‍ക്ക് കാലൂന്നിനില്ക്കാനും ഒരു രാജ്യം വേണം. ഇന്ത്യ എന്റെ രാജ്യമാണ്, അത് അന്യാധീനപ്പെടാന്‍ ഞാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും. വെളിച്ചത്തെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ അനിവാര്യം വായനയാണെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീ വിചാരിച്ചാല്‍ സമൂഹത്തെയാകെ മാറ്റിമറിക്കാനാകും. വിവാഹമാണ് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന നിലപാടില്‍നിന്ന് പെണ്‍കുട്ടികള്‍ ഏറെ മാറി. അത്തരത്തില്‍ ചിന്തിക്കുന്നവര്‍ ഇന്ന് അധികമില്ല.ലിംഗവിവേചനത്തിന്റെ ഇരുട്ടിനെ പതിയെ മായ്ക്കുമ്പോഴും ജാതിവിവേചനം പോലെയുള്ള ഇരുട്ടുകള്‍ തിരികെവരുന്നത് കുട്ടികള്‍ തിരിച്ചറിയണമെന്നും ഇത് പ്രതിരോധിക്കാനുള്ള ശ്രമങ്ങളും വഴികളും കണ്ടെത്തണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.
സെയ്ന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. മാഗി ജോണ്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ വിനോദ് പി. നാരായണന് എന്നിവരും പ്രസംഗിച്ചു. പ്രഭാഷണപരമ്പരയുമായി സഹകരിക്കുന്ന 'സര്‍വമംഗള'യുടെ ട്രസ്റ്റി കെ. രാജീവ് സാറാ ജോസഫിന് ഉപഹാരം സമര്‍പ്പിച്ചു.
അടുത്ത പ്രഭാഷണം നാളെ ചാലക്കുടിയില്‍
തൃശ്ശൂര്‍: പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം ബുധനാഴ്ച ചാലക്കുടി പനമ്പള്ളി ഗോവിന്ദമേനോന് സ്മാരക ഗവ. കോളേജില്‍ രാവിലെ 11-ന് നടക്കും. എഴുത്തുകാരന് പി.കെ. പാറക്കടവാണ് 'പുതിയ കാലം- വായന, എഴുത്ത് ' എന്ന വിഷയത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കുക.
ജില്ലയില്‍ സര്‍വമംഗള ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍വമംഗള ട്രസ്റ്റി പി.എന്‍. ദിനേഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. ജോമോന് എന്നിവരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
Content Highlights: Sarah Joseph, Mbifl 4th edition, Speech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..